കല കുവൈറ്റ് അബ്ബാസിയ, ഫഹഹീല്‍ മേഖലകള്‍ക്ക് പുതിയ ഭാരവാഹികള്‍

Published on 16 January, 2022
 കല കുവൈറ്റ് അബ്ബാസിയ, ഫഹഹീല്‍ മേഖലകള്‍ക്ക് പുതിയ ഭാരവാഹികള്‍

 

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് അബ്ബാസിയ മേഖല സമ്മേളനം പുതുക്കുടി രാജീവന്‍ നഗറില്‍ സ്വാഗത ഗാനത്തോടെ തുടക്കം കുറിച്ചു. കല കുവൈറ്റ് മുന്‍ പ്രസിഡണ്ട് ആര്‍. നാഗനാഥന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന കേന്ദ്രസമീപനത്തെക്കുറിച്ചും, കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍, ബാങ്കിംഗ് മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നിവ മൂലം സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

പ്രവാസികള്‍ തിരിച്ചു പോക്കിന്റെ ആദ്യഘട്ടത്തിലൂടെ കടന്നു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കിഫ്ബിയെ തകര്‍ക്കാനുള്ള കേന്ദ്രനയം തിരുത്തണമെന്നും, വര്‍ഗീയതയിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന സംഘപരിവാര്‍ നയത്തെ അനുകൂലിക്കുന്ന കേന്ദ്രഭരണത്തിനെതിരെ അണിചേരാനും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ ആയി നടന്ന സമ്മേളനത്തില്‍ മേഖലയിലെ 22 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 123 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മേഖലാ എക്‌സിക്യൂട്ടീവ് അംഗം രാജേഷ് എം എടാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. സജി തോമസ് മാത്യു, ഷംല ബിജു, പവിത്രന്‍.കെ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തില്‍ മേഖലാ സെക്രട്ടറി ശൈമേഷ് കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ടും, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വിശദമായ ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം സമ്മേളനം റിപ്പോര്‍ട്ട് അംഗീകരിച്ചു. വരുന്ന ഒരു വര്‍ഷം അബ്ബാസിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്‌സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു.

മേഖല കമ്മിറ്റി ആദ്യ യോഗം ചേര്‍ന്ന് മേഖല പ്രസിഡന്റായി തോമസ് വര്‍ഗീസിനെയും, മേഖലാ സെക്രട്ടറിയായി ഹരിരാജിനെയും തിരഞ്ഞെടുത്തു. ജനുവരി 28ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാര്‍ഷിക സമ്മേളന പ്രതിനിധികളായി 60 പേരെ സമ്മേളനം തിരഞ്ഞെടുത്തു. സുരേഷ് കുമാര്‍, ഷിനി റോബര്‍ട്ട് എന്നിവര്‍ മിനിറ്റ്‌സ് കമ്മിറ്റിയുടേയും, രാജീവ് ചുണ്ടമ്പറ്റ, തോമസ് വര്‍ഗീസ് എന്നിവര്‍ പ്രമേയ കമ്മിറ്റിയുടേയും ചുമതലകള്‍ വഹിച്ചു.

കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി ആസഫ് അലി, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അജ്‌നാസ് മുഹമ്മദ് എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സണ്ണി ഷൈജേഷ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേഖലാ പ്രസിഡണ്ട് തോമസ് വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

 

കല കുവൈറ്റ് ഫഹഹീല്‍ മേഖല സമ്മേളനം പി.ബി. സന്ദീപ് നഗറില്‍ (കല മംഗഫ് സെന്റര്‍) കല കുവൈറ്റ് മുന്‍ഭാരവാഹി ടി വി ഹിക്മത് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കടുത്ത കോര്‍പ്പറേറ്റ് വത്കരണത്തിനെതിരെയും വര്‍ഗീയ ധ്രുവീകരണത്തിനെതിരെയും ജാഗരൂകരായിരിക്കണമെന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയേയും ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിലെ സഖാക്കള്‍ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.

ശ്രീനാരായണ ഗുരുവിനെ അപമാനിച്ച കേന്ദ്ര സര്‍ക്കാര്‍ സമീപനം തിരുത്തണമെന്നും, കേരളത്തിന്റെ സമാധാനന്തരീഷം തകര്‍ക്കാനുള്ള ബിജെപി - കോണ്‍ഗ്രസ് ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, പ്രവാസി പുനരധിവാസ പദ്ധതികളുകളുടെ നടപടി ക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫഹഹീല്‍ മേഖലയിലെ 25 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 90 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മേഖല എക്‌സിക്യൂട്ടീവ് അംഗം അജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

സുഗതകുമാര്‍, പ്രശാന്തി ബിജോയ്, ജ്യോതിഷ് പി ജി എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തില്‍ മേഖല സെക്രട്ടറി രജീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, കല കുവൈറ്റ് സെക്രട്ടറി സി കെ നൗഷാദ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം സമ്മേളനം റിപ്പോര്‍ട്ട് അംഗീകരിച്ചു. വരുന്ന ഒരു വര്‍ഷം ഫഹഹീല്‍ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15അംഗ മേഖലാ എക്‌സിക്ക്യുട്ടീവിനെ സമ്മേളനം തെരെഞ്ഞെടുത്തു.

ഫാഫാഹീല്‍ മേഖല കമ്മിറ്റി ആദ്യ യോഗം ചേര്‍ന്ന് മേഖല പ്രസിഡന്റായി പ്രസീത് കരുണാകരനെയും മേഖല സെക്രട്ടറിയായി സജീവ് മാന്താനത്തിനെയും തിരഞ്ഞെടുത്തു. ജനുവരി 28 ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാര്‍ഷിക സമ്മേളന പ്രതിനിധികളായി 50 പേരെ സമ്മേളനം തെരഞ്ഞെടുത്തു.

അരവിന്ദ് കൃഷ്ണന്‍ കുട്ടി, കവിത അനൂപ് എന്നിവര്‍ മിനുട്ട്‌സ് കമ്മിറ്റിയുടേയും,ഷാജു ഹനീഫ്, അജിത് എന്നിവര്‍ പ്രമേയ കമ്മിറ്റിയുടേയും ചുമതലകള്‍ വഹിച്ചു. കല കുവൈറ്റ് ട്രഷര്‍ പി,ബി സുരേഷ്, വൈസ് പ്രസിഡണ്ട് ഡോ.രംഗന്‍ എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ നോബി ആന്റണി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ഫഹഹീല്‍ മേഖലയുടെ പുതിയ സെക്രട്ടറി സജീവ് മാന്താനം നന്ദി രേഖപ്പെടുത്തി.

സലിം കോട്ടയില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക