ടെക്‌സാസിലെ ബന്ദിനാടകം: കൊല്ലപ്പെട്ടത് ബ്രിട്ടീഷ്  പൗരൻ 

Published on 16 January, 2022
ടെക്‌സാസിലെ ബന്ദിനാടകം: കൊല്ലപ്പെട്ടത് ബ്രിട്ടീഷ്  പൗരൻ 

ടെക്സസ്: ടെക്‌സസിലെ കോളെവില്ലിലെ യഹൂദ ദേവാലയത്തിൽ തോക്കുമായി അതിക്രമിച്ച് കയറി  പുരോഹിതൻ ഉൾപ്പടെ  നാല് പേരെ മണിക്കൂറുകളോളം ബന്ദികളാക്കിയ അക്രമി ബ്രിട്ടീഷ് പൗരനായ മാലിക്ക് ഫൈസൽ അക്രം, 44, എന്ന് തിരിച്ചറിഞ്ഞു 

ശനിയാഴ്ച പതിനൊന്നു മണിക്കൂറിലേറെ നീണ്ട ബന്ദി നാടകത്തിനു ശേഷം ഇയാൾ ൽ എഫ്.ബി.ഐ.യുടെ വെടിയേറ്റു മരിച്ചു. അതിനു മുൻപേ ബന്ദികളെ ഇയാൾ സ്വതന്ത്രരാക്കിയിരുന്നു.

എം.ഐ.ടി യിൽ നിന്ന് ഡോക്ടറേറ്റ് റ് നേടിയ പാക്കിസ്ഥാനി വനിത ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബന്ദി നാടകം.

അഫ്‌ഗാനിൽ വച്ചാണ് 2008-ൽ  ആഫിയ പിടിയിലായത്. ബാഗിൽ ന്യു യോർക്ക് സബ് വേ മാപ്പ് കണ്ടതാണ് പ്രശ്നമായത്. സബ് വേ ആക്രമണത്തിനുള്ള തയ്യാറെടുപ്പിനാണത് എന്ന് അധികൃതർ ആരോപിച്ചു. അത് നിഷേധിച്ച ആഫിയയെ തടവിലാക്കി. തുടര്ന്ന് എഫ്.ബി.ഐ ചോദ്യം ചെയ്യുമ്പോൾ ഓഫീസറുടെ തോക്ക് എടുത്ത് ഓഫീസർക്ക് നേരെ വെടിവച്ചു  എന്ന കേസ് അവർക്കെതിരെ പിന്നീട് വന്നു. പോലീസ് തിരിച്ചു നടത്തിയ വെടിവയ്പ്പിൽ ചോര വാർന്ന് ആഫിയയെ ന്യു യോർക്കിലേക്കു കൊണ്ട് വന്നു. പിന്നീട് വിചാരണയിൽ 86 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.  'ഡോട്ടർ ഓഫ് പാക്കിസ്ഥാൻ' എന്ന് വിളിച്ച് പാക്കിസ്ഥാനിൽ അവർക്ക്  അനുകൂലമായ പ്രതിഷേധങ്ങൾ നടന്നു.

ബന്ദിയാക്കിയത്  ശനിയാഴ്ച രാവിലെ 10.41 നാണ്  ആദ്യം  അറിഞ്ഞതെന്ന് കോളെവിൽ  പോലീസ് ചീഫ് മൈക്കിൾ മില്ലർ പറഞ്ഞു. ഫേസ്ബുക്കിലൂടെയും സൂമിലൂടെയും ദേവാലയത്തിലെ പ്രാർത്ഥനാകർമ്മങ്ങൾ ഓൺലൈനായി പ്രക്ഷേപണം ചെയ്യുന്നതിനിടയിലാണ് അക്രമി എത്തിയത്. ഇയാളുമായി അധികൃതർ നിരന്തരമായി ബന്ധപ്പെട്ടുകൊണ്ട് ബന്ദികളുടെ സുരക്ഷാ ഉറപ്പാക്കുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.

ആഫിയ സിദ്ദിഖിയുടെ സഹോദരൻ  മുഹമ്മദ് സിദ്ദിഖിയായിരുന്നു തോക്കുമായി എത്തിയതെന്ന്  ആദ്യം പോലീസ് കരുതി. ആഫിയ തന്റെ സഹോദരി എന്നാണ് അക്രമി വിശേഷിപ്പിച്ചത്. എന്നാൽ യു.എസിലുള്ള മുഹമ്മദ് സിദ്ദിഖി ഇതുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ആഫിയയും ജയിലിൽ നിന്ന് വക്കീൽ മുഖേന തനിക്ക് ഇതിൽ ബന്ധമില്ലെന്ന് അറിയിച്ചു.

എല്ലാ ബന്ദികളും ജീവനോടെയും സുരക്ഷിതരായും ഇരിക്കുന്നതായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വ്യക്തമാക്കി. ആർക്കും പരിക്കേറ്റിട്ടില്ല.

ന്യൂറോ സയന്റിസ്റ്റാണ് ആഫിയ.   പാകിസ്ഥാനിൽ, അവർക്ക്  താരപരിവേഷമാണ് ഉള്ളത്. പാകിസ്ഥാൻ പ്രസിഡന്റും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും എല്ലാം ഇവരുടെ കേസിൽ പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു. പാക്കിസ്ഥാൻ സെനറ്റ് അവരെ   വിട്ടയക്കാൻ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആഫിയയുടെ  അറസ്റ്റിനെക്കുറിച്ചുള്ള വാർത്ത യുഎസിൽ കാര്യമായ പ്രാധാന്യമില്ലാത്ത  കടന്നു പോകുമ്പോൾ തന്നെ, അവരെ  തടവുശിക്ഷയ്ക്ക് വിധിച്ചത് പാക്കിസ്ഥാനിൽ വ്യാപകമായ  അമേരിക്കൻ വിരുദ്ധ പ്രകടനങ്ങൾക്ക് കാരണമായി.

സിദ്ധിഖിയുടെ തടവുശിക്ഷ  മാസങ്ങളോളം പാക്കിസ്ഥാൻ  പ്രധാന വാർത്തയാക്കി.

ബെത്ത് ഇസ്രായേൽ സിനഗോഗിന് നേരെ   നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ  കേസിന്റെ പ്രാധാന്യം വർദ്ധിക്കും.  ആഫിയ കേസുമായി യഹൂദര്ക്ക് ബന്ധമൊന്നുമില്ല.

ഈ വിഷയത്തിൽ  വൈറ്റ് ഹൗസ് വെറുതെ  അപലപിച്ചതുകൊണ്ട് മാത്രമായില്ലെന്നും  ജാഗ്രതക്കുള്ള ആഹ്വാനമായി ഇതിനെ കണക്കാക്കണമെന്നുമാണ്  വിദഗ്ധാഭിപ്രായം. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ബോധപൂർവ്വം അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന് സുരക്ഷിത താവളമൊരുക്കിയതുൾപ്പെടെ പല കാര്യങ്ങളും ഗൗരവത്തോടെ ഓർമ്മിക്കേണ്ടതുണ്ട്.  അഫ്ഗാനിസ്ഥാൻ  താലിബാൻ അധീനതയിലായതിന് പിന്നിലും പാകിസ്ഥാന്റെ കരങ്ങളുണ്ട്.

ആഫിയയെ അവരുടെ രാജ്യം തീവ്രവാദിയായല്ല സെലിബ്രിറ്റിയായാണ് കാണുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പഠിച്ചശേഷം വിവരങ്ങൾ  പുറത്തുവിടുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു:
രാജ്യത്ത്  യഹൂദ വിരുദ്ധതയും തീവ്രവാദവും വളരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപാലകരുടെ സമയോചിതമായ ഇടപെടലിനെ പ്രസിഡന്റ് അഭിനന്ദിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക