ബുധിനി: പുറത്താക്കപ്പെട്ടവരുടെ പ്രതീകം  (വിജയ് സി. എച്ച്)

Published on 17 January, 2022
ബുധിനി: പുറത്താക്കപ്പെട്ടവരുടെ പ്രതീകം  (വിജയ് സി. എച്ച്)

അധീശശക്തികളെ ചെറുത്തുനിൽക്കുന്നതിനാൽ  ആട്ടിയകറ്റപ്പെട്ടവരുടെ ശബ്ദമെന്നും, ലിംഗവിവേചനത്തിനെതിരെ അനവരതം പോരാടുന്നതിനാൽ പെണ്ണെഴുത്തുകാരിയെന്നും വിശേഷണങ്ങളുള്ള പ്രൊ. സാറാ ജോസഫ് രചിച്ച 'ബുധിനി'യെത്തേടി മഹാകവി ജി. ശങ്കരക്കുറുപ്പിൻ്റെ സ്മരണാർത്ഥമുള്ള ഓടക്കുഴൽ പുരസ്കാരമെത്തുമ്പോൾ, അരികുവൽക്കരിക്കപ്പെട്ടവരുടെ അവസ്ഥ പ്രാന്തങ്ങളിൽ മാത്രമല്ല, മുഖ്യധാരയിലും ചർച്ചാ വിഷയമാകുകയാണ്. 
നിരന്തരമായ പ്രളയങ്ങളും ദിശമാറി ഒഴുക്കും നിമിത്തം, 'ബംഗാളിൻ്റെ ദുഃഖ'മായിത്തീർന്ന ദാമോദർ നദിയ്ക്കു കുറുകെ, ബംഗാൾ-ഝാർഖണ്ഡ് അതിർത്തിയിലെ പാഞ്ചേത് എന്നയിടത്തു നിർമ്മിച്ച അണക്കെട്ടുകൊണ്ട് ഉദ്ദേശിച്ചത് ദുരന്ത നിവാരണമായിരുന്നു. പെരുവെള്ളം മൂലമുള്ള വിപത്തിന് ഡാം വിരാമമിട്ടു. എന്നാൽ, അത് ബുധിനി എന്ന ഒരു പാവം ആദിവാസി ബാലികയുടെ കരളലിയിപ്പിയ്ക്കുന്ന കഥയുടെ തുടക്കമായിരുന്നു! സാറയുടെ നോവൽ ബുധിനിയുടെ ചരിത്രം മാത്രമല്ല, രാജ്യത്തിനു നേരെ പിടിയ്ക്കുന്നൊരു കണ്ണാടിയുമാണ്. 
അഭിമുഖത്തിൽ നിന്ന്:  

🟥 പുതിയ നോവലിന് ബുധിനിയെ കേന്ദ്രകഥാപാത്രമായി സ്വീകരിച്ചത് എന്തുകൊണ്ടാണ്? 
💎 പാരിസ്ഥിതിക-മാനവിക പ്രത്യാഘാതങ്ങളെ അവഗണിച്ചുകൊണ്ടു നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ (AHEP) നടത്തിയ സമരത്തോടനുബന്ധിച്ചു ചേർന്ന ഒരു ഉന്നതതല സെമിനാറിൽ വച്ചാണ് ബുധിനിയുടെ കഥ കേൾക്കാൻ ഇടയായത്. നമ്മുടെ വികസന പദ്ധതികൾ, പാവപ്പെട്ട ജനങ്ങളുടെ പാർപ്പിടങ്ങളും, തൊഴിലിടങ്ങളും, ജീവസന്ധാരണ മാർഗ്ഗങ്ങളും ഇല്ലാതാക്കിക്കൊണ്ട് എങ്ങനെ അവരെ സ്വന്തം മണ്ണിൽ നിന്ന് പുറത്താക്കുന്നുവെന്നതിന് ഉദാഹരണമായാണ് ബുധിനിയുടെ വിചിത്രമായ ജീവിതാനുഭവം ഉദ്ധരിക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവുമായി ബുധിനിയുടെ ജീവിതം ബന്ധപ്പെട്ടു കിടക്കുന്നു. പണ്ഡിറ്റ്ജി അത് അറിഞ്ഞിരുന്നുവോ ഇല്ലയോയെന്നതിന് പ്രസക്തിയില്ലാത്ത വിധം ആ ആദിവാസി പെൺകുട്ടിയുടെ ജീവിതത്തിൽ ഉടനീളം അദ്ദേഹത്തിൻ്റെ നിഴൽ വീണുകിടക്കുന്നതായി കാണാം. ബുധിനിയുടെ ജീവചരിത്രത്തിന് ഒരു നോവൽ രചനയ്ക്കുള്ള ആഴമുണ്ടെന്ന് എനിയ്ക്കു ബോധ്യപ്പെട്ടു. തുടർന്ന്, 'ബുധിനി' എന്ന പേരിൽ തന്നെ ഒരു ഫിക്ഷൻ പിറക്കുകയായിരുന്നു! 


🟥 1959, ഡിസംബർ ആറിന് പാഞ്ചേത് ഡാം രാഷ്ട്രത്തിന് സമർപ്പിക്കാനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചതിനാൽ ഏറെ യാതനകൾ ബുധിനി അനുഭവിക്കേണ്ടിവന്നു. ഈ അപ്രിയ ചരിത്രസത്യത്തിൻ്റെ പശ്ചാത്തലം വിവരിക്കാമോ?  
💎 പണ്ഡിറ്റ്ജിയെ മാലയിട്ട് സ്വീകരിക്കാൻ ദാമോദർ വാലി കോർപ്പറേഷൻ (DVC) അധികൃതർ ഏർപ്പാടാക്കിയിരുന്നത്, പ്രൊജക്ടിൽ തന്നെ ജോലി ചെയ്തിരുന്ന ബുധിനിയെ ആയിരുന്നു. പാഞ്ചേത് പ്രദേശം ആദിവാസി മേഖലയാണല്ലൊ. എന്നാൽ, താനല്ല രാഷ്ട്രത്തിന് ഡാം സമർപ്പിക്കേണ്ടതെന്നും, അതു നിർമ്മിക്കാൻ അഹോരാത്രം ജോലിയെടുത്ത ലക്ഷക്കണക്കിനുള്ള തൊഴിലാളികൾക്കാണ് അതിനുള്ള അവകാശമെന്നും പ്രസ്താവിച്ച പണ്ഡിറ്റ്ജി, ബുധിനിയെ അക്കാര്യം നിർവ്വഹിക്കാൻ ക്ഷണിക്കുകയാണുണ്ടായത്. അവൾ പരിഭ്രമിച്ചു. ഒടുവിൽ സാന്താൾ ഗോത്രഭാഷയിൽ സംസാരിച്ചുകൊണ്ട് അവൾ അണക്കെട്ട് രാജ്യത്തിന് സമർപ്പിച്ചു. പക്ഷെ, ബുധിനി ഗ്രാമത്തിൽ തിരിച്ചെത്തിയപ്പോൾ നേരിടേണ്ടിവന്നത് തൻ്റെ ഗോത്രത്തിൻ്റെ കൊടും ശത്രുതയാണ്. ഹാരമണിയിച്ചാൽ അത് വിവാഹമാണെന്നും, ഒരു സാന്താൾ വംശജ അന്യ കുലത്തിലെ പുരുഷനെ സ്വീകരിക്കുന്നത് കുലത്തോടു ചെയ്ത വഞ്ചനയാണെന്നുമാണ് ഗോത്രമുഖ്യർ വ്യാഖ്യാനിച്ചത്.  ബുധിനിയെ ഗോത്രത്തിൽനിന്നും, ഗ്രാമത്തിൽനിന്നും ആട്ടിയോടിച്ചു. ആരും അവൾക്ക് കുടിക്കാനിത്തിരി വെള്ളമോ, വിശപ്പടക്കാൻ അൽപം ഭക്ഷണമോ കൊടുത്തില്ല. കയറിക്കിടക്കാൻ ഒരു ഇടമില്ലാതെ ആ ബാലിക അലഞ്ഞുതിരിഞ്ഞു നടന്നു. DVC അവളെ ജോലിയിൽ നിന്നും പുറത്താക്കി. പ്രായാധിക്യമുള്ള ഒരു ബ്രാഹ്മണൻ പിന്നീടവൾക്ക് അഭയം കൊടുക്കുന്നു. നോവലിൽ സുദീപ് ദത്ത എന്നാണ് ഞാൻ അദ്ദേഹത്തിന് പേരു നൽകിയിരിക്കുന്നത്. അനന്തരം ഈ നല്ല മനുഷ്യൻ ബുധിനിയുടെ ജീവിത സഖാവായി മാറുകയും ചെയ്യുന്നുണ്ട്. വികസനത്തിൻ്റെ മുഴുവൻ ഇരകളുടെയും, പുറത്താക്കപ്പെട്ട സകല മനുഷ്യരുടെയും, തൊഴിൽ നഷ്ടപ്പെട്ട ലക്ഷക്കണക്കിനുള്ള ആദിവാസി-ഗോത്ര-ദളിത് വിഭാഗക്കാരുടെയും, ദരിദ്ര കർഷകരുടെയും പ്രതീകമായ ബുധിനിയെയാണ് ഞാൻ കഥാപാത്രമാക്കിയത്. 

🟥 സാന്താൾ ആദിവാസി ഗോത്രത്തിൽപ്പെട്ട ബുധിനി മെജാൻ എന്നവരുടെ കഥ കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങളുമായും, മലയാള സാഹിത്യവുമായും ഏതെല്ലാം മേഖലകളിലാണ് ബന്ധപ്പെട്ടിരിക്കുന്നത്? 
💎 വികസന മേഖലയിൽ സമാനമായ അനുഭവങ്ങൾ തന്നെയാണ് കേരളത്തിലും ഉള്ളത്. ആദിവാസികൾ അരികുവൽക്കരിക്കപ്പെട്ടവരായി ഇവിടെയും കഴിയുന്നതായി നാം കാണുന്നുണ്ട്. ചരിത്രത്തിൽ നിന്നും ഭാഷയിൽ നിന്നുമൊക്കെ തുടച്ചു മാറ്റപ്പെട്ടവരാണവർ. ആദിവാസികളുടെ ഉന്നമനത്തിനാണെന്നു പറഞ്ഞു അനേകം കോടി രൂപ ചിലവിട്ടതിനു ശേഷവും, അവരുടെ അവസ്ഥ മാറ്റമൊന്നുമില്ലാതെ തുടരുന്നു. ബുധിനിയുടെ കഥയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇടപെടലുണ്ട്. നീണ്ട കാലം ദുരിതം അനുഭവിച്ചതിനു ഒടുവിലാണെങ്കിലും DVC-യിലെ ജോലിയിൽ ബുധിനിയെ തിരിച്ചെടുപ്പിച്ചത് അദ്ദേഹമാണ്. രാജീവ് ഗാന്ധിയുടെ ഒരു പ്രസ്താവന ഇവിടെ പ്രസക്തമാണ്. ആദിവാസികളുടെ ഉന്നമനത്തിനായി 100 രൂപ അനുവദിച്ചാൽ, അതിൽ ഒരു രൂപ മാത്രമാണ് അവരുടെ കൈകളിൽ എത്തുന്നതെന്നും, ബാക്കി 99 രൂപയും വഴിയിൽ ചോർന്നു പോകുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആദിവാസികളുടെ അഭിവൃദ്ധിക്കായി രാഷ്ട്രം വകയിരുത്തുന്ന തുകയുടെ നിജസ്ഥിതിയാണ് ഈ പറഞ്ഞത്.  


🟥 ഭൂമികയും, ഇതിവൃത്തവും അന്യം. 'ബുധിനി' എഴുതാൻ കഥാകാരി എടുത്ത തയ്യാറെടുപ്പുകൾ എന്തെല്ലാമായിരുന്നു? 
💎 'ബുധിനി' എഴുതാൻ തയ്യാറെടുത്തപ്പോൾ, എന്നെ അലട്ടിയ ഗൗരവമേറിയ പ്രശ്നങ്ങൾ ദൂരദേശം, അന്യഭാഷ, അന്യസംസ്കാരം, അപരിചിതരായ മനുഷ്യർ മുതലായവയൊക്കെ തന്നെയായിരുന്നു. രണ്ടുമൂന്നു കൊല്ലം ഗവേഷണത്തിനായി ചിലവിട്ടു. സാന്താൾ ഗോത്രവർഗക്കാരെക്കുറിച്ചറിയാൻ ഞാൻ ആദ്യം ചെയ്തത് അവരുടെ സംസ്കാരം അടുത്തറിയലാണ്. മികച്ച കലാകാരന്മാരാണവർ. അവരുടെ ഗാനങ്ങൾ കേട്ടു, നൃത്തങ്ങൾ കണ്ടു. അവർ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളും, വരയ്ക്കുന്ന ചിത്രങ്ങളും, മറ്റു കലാരൂപങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചു. കളിമണ്‍പാത്ര, റ്റെറാ കാറ്റ നിർമ്മാണ രീതികളെല്ലാം അടുത്തറിയാൻ പ്രയത്‌നിച്ചു. ആരാധനാ രീതികളറിഞ്ഞു. ഒരു തുണ്ട് കാടാണ് അവരുടെ ആരാധനാമൂർത്തി. ഒരുപാട് പുസ്തകങ്ങൾ വായിച്ചു; പ്രത്യേകിച്ച് സാന്താൾ എഴുത്തുകാരുടെ. അവരുടെ നാടകങ്ങൾ കണ്ടു, സിനിമകൾ കണ്ടു. കുറെ പേരോട് സംസാരിച്ചു. അവരുടെ സംസ്കൃതി സ്വാംശീകരിക്കാതെ 'ബുധിനി' എഴുതുവാൻ കഴിയുമായിരുന്നില്ല. അവരുടെ സംസ്കാരത്തിലൂടെ, ജീവിതരീതിയിലൂടെ നിരന്തരമായൊരു യാത്രയായിരുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരെക്കുറിച്ചുള്ള ദീർഘകാല ചരിത്ര ഗവേഷണത്തിലൂടെയാണ് ഞാൻ ബുധിനിയെ കണ്ടെത്തിയത്. ബംഗാൾ, ഒറീസ്സ, ബീഹാർ, ഝാർഖണ്ഡ്‌ മുതലായ സംസ്ഥാനങ്ങളിൽ അസംഘടിതമായിക്കിടക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ ഗോത്രവർഗ്ഗത്തെ ഞാൻ കുറെയൊക്കെ അടുത്തറിഞ്ഞു. നോവലെഴുത്തിനുള്ള മാനസികമായ സന്നദ്ധത അപ്പോഴാണുണ്ടായത്. എഴുതാൻ ആരംഭിച്ചതിനു ശേഷവും ബുധിനിയെ മലയാളി വായനക്കാർ എങ്ങനെ സ്വീകരിക്കുമെന്ന ഉത്‌കണ്‌ഠയുണ്ടായിരുന്നു. എന്നിരുന്നാലും രാഷ്ട്രത്തിനോടുള്ളൊരു കടം വീട്ടൽ പോലെ 'ബുധിനി' എഴുതിയാലേ എനിയ്ക്കു മതിയാകുമായിരുന്നുള്ളൂ. 

🟥 രാജ്യത്ത് ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസനം കൊണ്ട് അരികുവൽക്കരിക്കപ്പെട്ടവർക്ക് നേട്ടമൊന്നുമില്ലെന്നുമാത്രമല്ല, അവർക്കത് ദ്രോഹകരവുമാണെന്ന ഒരു സന്ദേശവും താങ്കളുടെ നോവൽ തരുന്നുണ്ട്. കഥാകാരിയുടെ കാഴ്ചപ്പാടിൽ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ വികസനം ഏതു രീതിയിലായിരിക്കണം? 
💎 സ്വാതന്ത്യ്രത്തിനു തൊട്ടു പിന്നാലെ എത്തിയൊരു കാലത്താണ് ബുധിനിയുടെ കഥ നടക്കുന്നത്. രാഷ്ട്ര നിർമ്മാണത്തിൻ്റെ ഏറ്റവും നിർണ്ണായകമായ ഘട്ടം. നമ്മുടേത് കാര്‍ഷിക രാജ്യമാണ്. അണക്കെട്ടുകളാണ് നവീന ഭാരതത്തിൻ്റെ മഹാക്ഷേത്രങ്ങളെന്നു പണ്ഡിറ്റ്ജി വികാരഭരിതനായി പറഞ്ഞു. എന്നാൽ, അന്ന് വികസനത്തിനുവേണ്ടി പുറത്താക്കപ്പെട്ടവരുടെ കഥ അതുപോലെ തന്നെ ഇന്നും രാജ്യത്ത് തുടരുന്നുവെന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം. ആർക്കു വേണ്ടിയാണ് വികസനം, എന്തായിരിക്കണം വികസനത്തിൻ്റെ അടിസ്ഥാന തത്വം മുതലായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഒരു ഗാന്ധിയൻ സങ്കൽപ്പമനുസരിച്ചുള്ള വികസനമേ രാജ്യത്തിന് ഗുണം ചെയ്യൂ. അടിത്തട്ടിലുള്ള മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, കുടിവെള്ളം, പാർപ്പിടം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളിൽ സമത്വം കൈവരിക്കുകയെന്നതാണ് യഥാർത്ഥത്തിൽ ഒരു രാജ്യത്തിൻ്റെ വികസനം! അതല്ലെങ്കിൽ അസന്തുലിതമായ വികസനമാണ് നടപ്പാക്കപ്പെടുന്നത്. ഒരു ഭാഗത്ത് സമ്പത്ത് കുമിഞ്ഞു കൂടുകയും, സമ്പന്നന്മാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി വികസനം കൊണ്ടുവരികയും ചെയ്യുന്നു. ഒരുവശത്ത് ദാരിദ്ര്യം പെരുകിക്കൊണ്ടിരിക്കുന്നു. മറുവശത്ത്, പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ കുറെ മനുഷ്യർ ദുരിതത്തിൽ കഴിഞ്ഞു കൂടുന്നു. ഒരു രാജ്യത്ത് പല തരത്തിലുള്ള മനുഷ്യരെ സൃഷ്ടിക്കുന്നത് വികസന നയം തന്നെയാണ്. രാജ്യത്തെ സമ്പത്ത് എല്ലാവർക്കും തുല്യമായി അനുഭവിക്കാനുള്ള അവസരമാണ് സൃഷ്ടിക്കേണ്ടത്. പക്ഷെ, അധികാരത്തിലേറിയ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ചേർന്നു തീരുമാനിക്കുന്ന കാര്യങ്ങൾ എല്ലായ്പ്പോഴും അനുകൂലമായിരിക്കുന്നത് അതതു കാലത്തെ സമ്പന്ന വർഗ്ഗത്തിൻ്റെ മികവിനു വേണ്ടിയാണെന്നാണ് നാം കാണുന്നത്. ഇന്നു കാണുന്ന തെറ്റായ വികസന നയങ്ങൾ രാജ്യത്തെ ദാരിദ്ര്യവൽക്കരണത്തിലേക്കും, മനുഷ്യാവകാശ ലംഘനത്തിലേയ്ക്കും നയിക്കുന്നു. നഗരവൽക്കരിക്കപ്പടുന്നതിൻ്റെയും, സാങ്കേതികമായി മുന്നേറുന്നതിൻ്റെയും പാരിസ്ഥിക ആഘാതങ്ങളെ മറന്നുകൊണ്ടുള്ള വികസനം രാജ്യത്തിന് ഗുണത്തിലേറെ ദോഷം വരുത്തിവയ്ക്കും. മാലിന്യ നിർമാർജ്ജനം നടപ്പാക്കാത്ത വികസനം അപലപനീയമാണ്. ഒരു രാജ്യത്തിൻ്റെ സംസ്കാരത്തിൻ്റെ ഭാഗമാണ് അവർ ഉൽപാദിപ്പിക്കുന്ന മാലിന്യം എങ്ങനെ സംസ്കരിക്കപ്പെടുന്നുവെന്നുള്ളത്. ഇക്കാര്യത്തിൽ വ്യക്തമായൊരു കാഴ്ചപ്പാടും, കർശനമായി നടപ്പാക്കുന്ന സംസ്കരണ രീതിയും രാജ്യത്തിന് അനിവാര്യമാണ്. രാജ്യത്തിനാവശ്യം ജനപങ്കാളിത്തമുള്ള വികസനമാണ്. താളംതെറ്റിയ കാലാവസ്ഥയും, പ്രളയവും, ആഗോളതാപനവുമെല്ലാം ഭീഷണി മുഴക്കുന്നുണ്ട്. വികസനത്തിൻ്റെ പേരിൽ പ്രകൃതിയിലേക്കു കടന്നുകയറിയാൽ ഫലം ദുരന്തമാണ്. പരിസ്ഥിതി പ്രവർത്തകരുടെയും, വൈജ്ഞാനികരുടെയും, ശാസ്ത്രജ്ഞരുടെയും അംഗീകാരത്തോടുകൂടിയുള്ള വികസനത്തെക്കുറിച്ചു മാത്രമേ ചിന്തിക്കാവൂ. 


🟥 സ്വീകരിച്ച കേന്ദ്ര-സംസ്ഥാനതല പുരസ്കാരങ്ങൾ തിരിച്ചുകൊടുത്തും താങ്കൾ അധികൃതരോട് പ്രതിഷേധിച്ചിട്ടുണ്ട്. അവാർഡുകൾ കൈക്കൊള്ളുന്നതിലെയും പിന്നീടവ നിരാകരിക്കുന്നതിലെയും രാഷ്ട്രീയം വിശദീകരിക്കാമോ? 
💎 രാജ്യത്തെ സംബന്ധിച്ച രണ്ടു നിർണ്ണായക ഘട്ടങ്ങളിലാണ് അവാർഡുകൾ തിരിച്ചുകൊടുക്കുകയെന്ന ഒരു പ്രതിഷേധ പരിപാടി ആവിഷ്കരിച്ചത്. 'ആലാഹയുടെ പെൺമക്കൾ' എന്ന കൃതിക്ക് 2001-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വളരെ സന്തോഷത്തോടുകൂടിയാണ് ഞാൻ ആ പുരസ്കാരം സ്വീകരിച്ചത്. തൃശ്ശൂരിൻ്റെ പ്രാന്തപ്രദേശത്ത് ഏറ്റവും അപമാനകരമായി ജീവിക്കേണ്ടിവന്ന മനുഷ്യരെക്കുറിച്ചാണ് ആ കഥ. നഗരത്തെ ആശ്രയിച്ച്, കോഴികൾ കൊത്തിയും പെറുക്കിയും കഴിയുന്ന പോലെയുള്ള ജീവിതം ജീവിക്കുന്ന ഒരു ജനത. അവരുടെ കഥയെഴുതിയതിന് സർക്കാരിൻ്റെ കീഴിലുള്ള സാഹിത്യ അക്കാദമി അവാർഡു തന്ന് എന്നെ ആദരിച്ചു. അതേസമയത്ത്, കിടപ്പാടം ചോദിച്ചു സമരം ചെയ്ത മുത്തങ്ങയിലെ ആദിവാസികൾക്കു നേരെ പോലീസ് നിറയൊഴിക്കുകയാണുണ്ടായത്. ചരിത്രത്തിൽ നിന്നും ഭൂമിയിൽനിന്നും പുറത്താക്കപ്പെട്ടവർ ആദ്യമായി തങ്ങൾക്ക് ഒരു തുണ്ടു ഭൂമി ചോദിച്ചപ്പോൾ അവരെ നേരിട്ടത് തോക്കുകൊണ്ടാണ്. വെടിയുണ്ടകൾ വർഷിക്കാൻ തുടങ്ങിയതോടെ ആദിവാസികൾ ചിതറിയോടി. വെടിവെപ്പിൽ ജോഗി എന്ന ആദിവാസി മരിച്ചുവീണു. മുത്തങ്ങ ദുരന്തഭൂമിയായി മാറുകയായിരുന്നു. കേരളത്തിലെ മനസ്സാക്ഷിയുള്ള ഒരാൾക്കും മുത്തങ്ങ വെടിവെപ്പ് ന്യായീകരിക്കാൻ കഴിയില്ല. തുടർന്നാണ്, പുരസ്കാരം ഞാൻ തിരിച്ചു നൽകിയത്. അത് പ്രതിഷേധത്തിൻ്റെ ഒരു രൂപമാണ്. സർക്കാർ തലത്തിൽ തരുന്ന ഒരു ബഹുമതി അതിൻ്റെ ഉള്ളടക്കം നിഷേധിക്കുന്ന തരത്തിലായിത്തീരുമ്പോൾ, ആ പുരസ്കാരം നമ്മുടെ കയ്യിലെ ഒരു ആയുധമായിത്തീരുന്നു. 'ആലാഹയുടെ പെൺമക്കളി'ൽ പറയുന്ന അരികുവൽക്കരിക്കപ്പെട്ടവരുടെ കഥ സ്വീകരിക്കുകയും, അതേസമയം സമാനമായവരെ കൊന്നൊടുക്കുകയും ചെയ്യുന്നത് ഉൾക്കൊള്ളാനാവില്ല. ഇന്ത്യയെ പിടിച്ചു കുലുക്കിയ ദാദ്രി സംഭവത്തിൽ പ്രതിഷേധമറിയിക്കാനാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചേൽപിച്ചത്. ഇതിനർത്ഥം അവാർഡുകൾ നിരസിക്കുന്ന ഒരാളാണ് ഞാൻ എന്നല്ല. അവാർഡുകളെ ബഹുമാനിക്കുന്നതോടൊപ്പം, അവയെ പ്രതിഷേധിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുകയുമാണ് ഞാൻ ചെയ്തത്. മറ്റുള്ളവർ എങ്ങനെ വ്യാഖ്യാനിച്ചാലും ശരി, ഇവ രണ്ടും മികച്ച പ്രതികരണങ്ങളായി ഞാൻ കാണുന്നു. 


🟥 താങ്കൾ ഒരു സ്ത്രീപക്ഷ എഴുത്തുകാരിയാണെന്ന് വായനക്കാരിൽ പലരും കരുതുന്നു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ പെണ്ണെഴുത്തിന് എത്രത്തോളം പ്രസക്തിയുണ്ട്? 
💎 സ്ത്രീ ജീവിക്കുന്ന ജീവിതം വ്യത്യസ്തമാണ്. അവളുടെ അനുഭവങ്ങളും, ജൈവഘടനയും പുരുഷൻ്റേതിൽ നിന്ന് വളരെ വിഭിന്നമാണ്. ലിംഗപദവികൾകൊണ്ട് സ്ത്രീയെ ജനാധിപത്യ അവകാശങ്ങളിൽ നിന്നും, പൗരാവകാശങ്ങളിൽ നിന്നും പുറത്താക്കുന്ന തരം സാമൂഹ്യ വ്യവസ്ഥിതിയാണ് നിലനിന്നു പോരുന്നത്. നമ്മളതിനെ ഒറ്റ നോട്ടത്തിൽ ആണധികാര വ്യവസ്ഥിതിയെന്ന് വിലയിരുത്തുന്നു. ആണധികാരത്തിൻ്റെ കീഴിൽ ജീവിക്കേണ്ടിവരുന്ന സ്ത്രീ, ഭരണഘടനാപരമായി തുല്യ അവകാശങ്ങളുള്ള വ്യക്തിയാണ്. എന്നാൽ,  സാംസ്കാരികമായി അവളുടെമേൽ രണ്ടാം കിട പദവി  അടിച്ചേൽപിക്കപ്പെടുന്നു. എഴുത്തിലൂടെ നിരന്തരം അത്തരം കാര്യങ്ങൾ ചോദ്യം ചെയ്യുകയും, ഭാഷയിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയെ തുറന്നു കാണിക്കുകയും, സ്ത്രീക്കു കൂടി അവകാശമുള്ള ഭാഷയിൽ അവൾക്കു കൂടി ഇടമുള്ള ഒരു അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയെന്നത് എഴുതുന്ന ഓരോ സ്ത്രീയുടെയും കടമയാണെന്ന് ഞാൻ കരുതുന്നു. മുഖ്യധാരാ സാഹിത്യത്തിന് സ്ത്രീയുടെ സവിശേഷമായ പ്രശ്നങ്ങളെ ആവിഷ്കരിക്കുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, നവോത്ഥാന കാലത്തെ സാമൂഹിക പരിഷ്കരണങ്ങൾ ആരംഭിക്കുന്നതു തന്നെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ്. 1980-കളിലേക്ക് എത്തിയപ്പോൾ, സ്ത്രീയുടെ ആവശ്യം കുറച്ചു പരിഷ്കാരങ്ങളോ, സംവരണത്തിൻ്റെ ആനുകൂല്യങ്ങളോ അല്ലെന്ന അവബോധമുണ്ടായി. സ്വതന്ത്രയായ ഒരു വ്യക്തി എന്ന നിലയിൽ സ്ത്രീയ്ക്ക് തുല്യ അവകാശങ്ങൾക്ക് അർഹതയുണ്ടെന്നുമുള്ള ആശയം ഉരുത്തിരിഞ്ഞു. പരിഷ്കരണത്തിനു പകരം, വിമോചനം എന്ന മുദ്രാവാക്യം സ്വീകരിച്ചു. ഇതിൻ്റെ ഭാഗമായി എഴുത്തിൽ വലിയ പരീക്ഷണങ്ങൾ നടന്നു. ആ പരീക്ഷണങ്ങളെയൊക്കെ ചേർത്തുള്ളതിനെ പെണ്ണെഴുത്ത് എന്നു വിളിക്കാം. പെണ്ണെഴുതുമ്പോൾ, അവൾക്കു വിരുദ്ധമായൊരു ഭാഷ, അവൾക്കു വിരുദ്ധമായ മൂല്യങ്ങൾ, അവളെ ആക്ഷേപിക്കുന്ന ശൈലികൾ മുതലായവ തിരിച്ചറിയുകയും അവ ഒഴിവാക്കുകയും ചെയ്യുന്നു. കൂടാതെ സ്ത്രീയുടെ ജീവിതവും, അവസ്ഥയും ആവിഷ്കരിക്കുന്നു. പെണ്ണെഴുത്ത് ഒരു രാഷ്ട്രീയമാണ്. അത് അമ്പതു ശതമാനത്തോളം വരുന്ന ഒരു ലിംഗ വിഭാഗത്തിൻ്റെ ജീവിതാനുഭവങ്ങൾ അടിസ്ഥാനമാക്കി അവർ സമത്വത്തിലേക്ക് കുതിക്കുന്നതിൻ്റെ രാഷ്ട്രീയമാണ്. ആ അർത്ഥത്തിൽ എൻ്റെ കൃതികൾ പെണ്ണെഴുത്തെന്ന ലേബലിൽ വായിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയുടെ ജീവിതം എല്ലാ കാലത്തും ജീവശാസ്ത്രപരമായും, അനുഭവപരമായും, സാംസ്കാരികമായും, ദാർശനികമായും വ്യത്യസ്തമായതിനാൽ പെണ്ണെഴുത്തിന് എല്ലാ കാലത്തും പ്രസക്തിയുണ്ട്. 


🟥 രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ സാഹിത്യകാരിയാണ് താങ്കൾ. എന്നാൽ, ഇക്കാലങ്ങളിൽ സജീവമായി കാണുന്നില്ല. പ്രതികരിക്കാമോ? 
💎 രാഷ്ട്രീയക്കാരിയാകാനോ, അധികാര സ്ഥാനങ്ങൾ പങ്കുവയ്ക്കാനോ ഉദ്ദേശിക്കപ്പട്ടിട്ടുള്ള ഒരാളല്ല ഞാൻ. ഒരു നിർണ്ണായകമായ സന്ദർഭത്തിലാണ് ഞാൻ ആം ആദ്മി പാർട്ടിയിൽ അംഗമാകുന്നത്. India Against Corruption എന്ന മൂവ്മെൻ്റിൽ പങ്കുചേരാനായിരുന്നു അത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ആരംഭിച്ച ചലനം പിന്നീട് തകർന്നു. പക്ഷെ, അതിൽ നിന്ന് ഉടലെടുത്ത ഒരു രാഷ്ട്രീയ പാർട്ടി രാജ്യത്തിന് ദിശാബോധം നൽകുന്നതായി തോന്നി. എന്നാൽ, ആം ആദ്മി പാർട്ടിയിലെ ഓരോ അംഗവും സ്വയം ആം ആദ്മി (സാധാരണക്കാരൻ) ആകാത്തിടത്തോളം കാലം, AAP-യുടെ അന്തസ്സത്ത മുന്നോട്ടു കൊണ്ടുപോകാൻ സാധ്യമല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. രണ്ടു വർഷത്തെ പ്രവർത്തനത്തിനു ശേഷം സംസ്ഥാന കൺവീനർ സ്ഥാനം ഞാൻ രാജിവച്ചു. യഥാർത്ഥത്തിൽ, ഒരു കൈ നോക്കാനായിരുന്നില്ല ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്, അതിലൊരു ശുദ്ധീകരണം സാധ്യമാവുമെങ്കിൽ, അതിന് ശ്രമിക്കാനായിരുന്നു. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക