കോവിഡ് ക്ലസ്റ്ററില്‍ ഗാനമേള നടത്തി സിപിഎം ; നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില

ജോബിന്‍സ് Published on 17 January, 2022
കോവിഡ് ക്ലസ്റ്ററില്‍ ഗാനമേള നടത്തി സിപിഎം ; നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില

വിവാദമായി മാറിയ മെഗാ തിരുവാതിരയ്ക്ക് പിന്നാലെ ഗാനമേള സംഘടിപ്പിച്ച് സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗത്തിന് മുന്നോടിയായാണ് ഗാനമേള നടത്തിയത്. നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് ക്ലസ്റ്ററായി മാറിയ സ്ഥലത്താണ് ഗാനമേള അവതരിപ്പിച്ചത്.

പ്രതിനിധികള്‍ക്കൊപ്പം, നേതാക്കളും സംഘാടകരും ഗാനമേള ആസ്വദിച്ചു. സൂപ്പര്‍ ഹിറ്റായി മാറിയ പുതിയ സിനിമാഗാനങ്ങളാണ് സമ്മേളനവേദിയില്‍ അരങ്ങേറിയത്. ടിപിആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഇടങ്ങളില്‍ പൊതുപരിപാടികള്‍ നടത്താന്‍ പാടില്ല എന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും അതെല്ലാം അവഗണിച്ചു കൊണ്ടാണ് ഗാനമേള നടത്തിയത്.

ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ല എന്ന് ചീഫ് സെക്രട്ടറിയും കളക്ടറും ഉത്തരവിറക്കിയിരുന്നു. സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തുന്നത് വരെ ഗാനമേള തുടര്‍ന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ജില്ലാ സമ്മേളമായിരുന്നു തിരുവനന്തപുരത്തേത്. സമ്മേളനത്തിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാറശാലയില്‍ സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമാവുകയും സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മരണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് തിരുവാതിര നടത്തിയതില്‍ നേതൃത്വം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക