ശരിയാകാത്ത കാര്യങ്ങൾ (കഥ - രമണി അമ്മാൾ )

Published on 17 January, 2022
ശരിയാകാത്ത കാര്യങ്ങൾ (കഥ - രമണി അമ്മാൾ )

"ഭാസിസാറിന്റെ ഭാര്യ മരിച്ചു. കാത്തിരുപ്പിനങ്ങനെ വിരാമമായി..  മരണത്തിനൊരു
സ്ഥിരീകരണമായി...
ആശ്വാസമാണു തോന്നിയത്..
ഭാര്യയുടെ ആയുസ്സ് ഇനിയും എത്രനാൾ
കൂടിയുണ്ടെന്നറിയാൻ 
കഴിഞ്ഞയാഴ്ച ഭാസിസാർ ജോത്സ്യനെ കാണാൻപോയ കഥ  എനിക്കറിയാം..
"ഒരു മാസത്തിനപ്പുറം പോകില്ല...." 
ജോത്സ്യന്റെ പ്രവചനം അച്ചട്ടായി...
സാറിന്റെ ഭാര്യ ബാങ്കുദ്യോഗസ്ഥയായിരുന്നു.  ഒരിയ്ക്കൽ ചികിത്സിച്ചു
ഭേദമായ കാൻസറിന്റെ രണ്ടാംഘട്ട വരവിനെ 
കാര്യമായെടുത്തില്ല.. വേണ്ട ചികിത്സയും പരിചരണവും സമയത്തിനു കൊടുത്തിരു
ന്നുവെങ്കിൽ ഒരുപക്ഷേ കുറച്ചു കാലംകൂടി അവർ ജീവിച്ചിരിക്കുമായിരുന്നിരിക്കണം..
"ചികിത്സിച്ചിട്ടെന്താ കാര്യം..  ആളും പോകും കാശും പോകും.." എന്ന നിലപാടായിരുന്നു സാറിനെന്നു തോന്നി..
രണ്ടുവർഷത്തിനുമുൻപു
വരെ അവർ ജോലിക്കു പൊയ്ക്കൊണ്ടിരുന്നതാണ്.   ഭാര്യയുടെ ശമ്പളം എല്ലാമാസവും കൃത്യമായി അതേപടി കയ്യിൽ  വാങ്ങി സ്വന്തം ഇഷ്ടപ്രകാരം ചിലവാക്കുകയോ സമ്പാദിക്കുകയോ ചെയ്യുന്ന  ഭർത്താവായിരുന്നു ഭാസി സാർ.. 
സകലമാന വേദനകളും ഒരുമിച്ചുതിന്നു ജീവിക്കുന്ന  സാറിന്റെ ഭാര്യയെ ഈയടുത്ത് ഞാൻ കാണുമ്പോൾ അസ്ഥിപഞ്ജരത്തേക്കാൾ കഷ്ടമായിരുന്നു..
വീട്ടിൽ രോഗിയെ അന്വേഷിച്ചു
ചെല്ലുന്നത്, അതാരായിരുന്നാലും സാറിന് ഇഷ്ടമല്ലപോലും..
ഭാര്യവീട്ടുകാരെ ഒരുത്തരെപ്പോലും അങ്ങോട്ടടുപ്പിക്കുകയേയില്ലായിരുന്നു..
ഭാസിസാർ ഓഫീസിലുണ്ടെന്നുറപ്പു വരുത്തിയ ശേഷമാണ് തിങ്കളാഴ്ച രാവിലെ അല്പം വൈകി ഞാൻ വീട്ടിൽനിന്നിറങ്ങിയത്.
മരിക്കുന്നതിനുമുൻപ് അവരെയൊന്നു കാണാൻ ഞാനൊറ്റയ്ക്കാണ് ആ വീട്ടിലേക്കു ചെന്നത്...
ബല്ലടിച്ചിട്ടും അകത്തുനിന്നു പ്രതികരണമുണ്ടായില്ല.
വായുസഞ്ചാരം കുറവായ
കുടുസ്സുമുറിയിൽ
തിങ്ങിനിന്ന ദുർഗന്ധം
ചാരിയിട്ട കതകു തുറന്നപ്പോൾ പുറത്തേയ്ക്കു വമിച്ചു..
ഓരീച്ചയനക്കംപോലുമില്ല..
കട്ടിലിൽ കഴുത്തുവരെ മൂടിപ്പുതച്ചു കണ്ണുതുറന്നു കിടക്കുന്ന രൂപം..
എന്നെക്കണ്ട് ആ കണ്ണുകൾ തിളങ്ങി. ഒന്നുരണ്ടുവട്ടം ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ട്... 
"ഗീത....ഓഫീസിൽ പോകുന്ന വഴിയോ.."
വ്യക്തമായി സംസാരിക്കുന്നു.. വേദനസംഹാരികളുടെ പിൻബലമുണ്ടാവാം.
രോഗിയെ നോക്കാനെന്നു പറഞ്ഞ് നിർത്തിയ  പ്രായമായ സ്ത്രീ അടുത്ത മുറിയിൽനിന്ന് ഉറക്കച്ചടവോടെ ഇറങ്ങി വന്നു..
"മോനും.  മോളും..ഇവിടില്ലേ...."
" അപ്പനും മോനും തമ്മിൽ പണ്ടേ ചേരത്തില്ലായിരുന്നല്ലോ..
ചേട്ടന്റെ ഏതുനേരവുമുളള ശാസനയും അടിയും വഴക്കുപറച്ചിലും...
ഒരിക്കൽ അവനെ അടിയ്ക്കാനെടുത്ത വടി പിടിച്ചുവാങ്ങി അവൻ അപ്പനിട്ട് ഒന്നുകൊടുത്തു..
അതോടെ അവനെ വീട്ടിൽനിന്നിറക്കിവിട്ടു..
അവനിപ്പോൾ എന്റെ വീട്ടിൽ അമ്മേടെ കൂടെയാ..പഠിപ്പൊക്കെ നിന്നു..മോളു ഹോസ്റ്റലിൽ നിന്നു പഠിക്കുവാ..ഇവിടെ നിന്നാൽ പഠിത്തം നടക്കില്ല.. ഈ നരകത്തിലേക്ക്  കാലൻപോലും  വരാണ്ടായി..ഗീതേ.."
കണ്ണുനീർ ഇരുചെന്നിയിലൂടെ ഒലിച്ചിറങ്ങുന്നു കണ്ടു നില്ക്കാൻ വയ്യ..
" ഞാൻ ഇങ്ങോട്ടു വരുന്നത് സാർ അറിഞ്ഞിട്ടില്ല.."
"എനിക്കറിയാം..ഗീതേ.."
മുറിയിൽ ആകെയുണ്ടായിരുന്ന പ്ളാസ്റ്റിക്ക് കസേര അവരുടെ അടുത്തേക്കു നീക്കി ഇരുന്നു.
പുതപ്പിനടിയിൽനിന്ന് എന്റെ നേരെ നീണ്ടുവന്ന ശോഷിച്ച കയ്യ്.. "എന്നെ കാണാൻ വന്നുവല്ലോ..
സന്തോഷമായി.."
പിന്നെയൊരു രണ്ടാഴ്ചകൂടിയേ ആ ദേഹത്തു ജീവനുണ്ടായിരുന്നുളളു...
സഞ്ചയനം കഴിഞ്ഞ് പിറ്റേന്നുതന്നെ ഭാസിസാർ ഓഫീസിൽ ഹാജർ..
പുതിയൊരാളായി...
ജീവിതത്തിൽ നിന്ന് ഒരു ശല്യം ഒഴിഞ്ഞുപോയ സന്തോഷത്തോടെ.. ഇങ്ങനെയുമൊരു
മനുഷ്യനോ..
"എനിക്കൊരു കുടുംബജീവിതമില്ലാതായിട്ട് എട്ടുപത്തു വർഷത്തോളമായി..
നിങ്ങളൊക്കെ ഭാഗ്യം ചെയ്തവർ, കൂടും കുടുബവുമൊക്കെയായി സന്തോഷിച്ചുകഴിയുന്നവർക്ക് ഈയുളളവന്റെ വിഷമം മനസ്സിലാവില്ല.."
ഭാസിസാർ ഇടയ്ക്കു പറയാറുണ്ടായിരുന്നു.
തനിക്കില്ലാത്തത് മറ്റുളളവർ അനുഭവിക്കുന്നതുകാണുമ്പോഴുളള വിമ്മിഷ്ടം..
ഒരു മുരടനും അന്തർമുഖനും മഹാപിശുക്കനുമൊക്കെയാണു സാറെന്ന് ഏറെക്കുറെ എല്ലാവർക്കുമറിയാം.. 
കടന്നലുകുത്തിയതുപോലെ മുഖംവീർപ്പിച്ച് എന്തിനും ഏതിനും ചൂടാവുന്ന സൂപ്രണ്ട് ഭാസി സാറിന്
റിട്ടയർ ചെയ്യാൻ ഒരുവർഷം കഷ്ടി..
"എനിക്കിനിവേണം ഒന്നു ജീവിക്കാൻ... മോളെ ഹോസ്റ്റലീന്നു വിളിച്ചോണ്ടു വരണം...
വീട്ടുകാര്യങ്ങൾ നോക്കാനൊരാളുവേണം..
ഞാനൊന്നു കല്യാണം കഴിച്ചാലോയെന്നുവരെ
ആലോചിക്കുവാ.."
"ഭർത്താവു മരിച്ച സ്ത്രീ..ഒരു മകളുളളതിന്റെ കല്യാണം കഴിഞ്ഞു..
കാണാൻ തരക്കേടില്ല.."
ആലോചന വന്നിട്ടുണ്ട്..
"നല്ല കാര്യമാണു സാർ..."
അങ്ങനെ പറയാനാണു തോന്നിയത്..
ഭാര്യ മരിച്ച്  കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ
ഭാസിസാർ വിവാഹിതനായി.
ചോറ്റാനിക്കര ക്ഷേത്രത്തിൽവച്ചുളള താലികെട്ടിന് ഓഫീസിൽനിന്ന് രതീഷിനേം  ബാബുജിയേം മാത്രം ക്ഷണിച്ചു..
ഒരാഴ്ചത്തെ മധുവിധുവിനുശേഷം ഓഫീസിലേക്കു വന്ന മനുഷ്യന് 
ഒരു പത്തുവയസ്സു
കുറഞ്ഞതുപോലെ.. 
പുതിയ ഭാര്യയുടെ മഹത്വവർണ്ണനകളായിരുന്നു കൂറേനേരത്തേക്ക്.... "മോളെ പൊന്നുപോലെ നോക്കും...നല്ല കാര്യപ്രാപ്തിയുണ്ട്..
മിടുക്കിയാ..എന്നൊക്കെ..
ഗംഭീരമായ യാത്രയയപ്പായിരുന്നു അദ്ദേഹത്തിനു നൽകിയത്.
പെൻഷൻ ബാങ്കു വഴിയായതുകൊണ്ട് സാറിനെ പിന്നീടാ ഓഫീസിന്റെ ഭാഗത്തെങ്ങും കണ്ടിട്ടില്ല. 
പ്രതീഷിന്റെ അമ്മ മരിച്ചപ്പോൾ  കണ്ടു.. തികച്ചും പ്രാകൃതനായി. ചെറുപ്പവും തുടിപ്പു മെല്ലാം നഷ്ടപ്പെട്ട്...
"സാറിപ്പോൾ എവിടാ.."
"ഞാൻ വീട്ടിലൊക്കെത്തന്നെ..
ആ ബന്ധം ശരിയായില്ലെന്നേ. അവരെന്റെ പണം പിടുങ്ങാനുദ്ദേശിച്ചാ കൂടെ വന്നത്..കിട്ടില്ലെന്നു മനസ്സിലായപ്പോൾ
അവരങ്ങു മോളുടെ കൂടെയാക്കി താമസം. 
ഇപ്പോൾ 
ഞാൻ ഒറ്റയാനാ..."
"സുഖവും സന്തോഷവും നല്ല ജീവിതവുമൊക്കെ കുറച്ചുപേർക്കു മാത്രം പോരല്ലോ.."
മറുപടിക്കു ചെവിയോർക്കാതെ 
വേഗം ഗേറ്റുകടന്നു തിരിഞ്ഞു നോക്കുമ്പോൾ  ആലോചനാമഗ്നനായി അവിടെത്തന്നെ നിൽക്കുകയായിരുന്നു ഭാസിസാർ ..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക