പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു ; ഓര്‍മ്മയായത് കഥക് കലാരൂപത്തെ ലോകവേദിയിലെത്തിച്ച ഇതിഹാസം

ജോബിന്‍സ് Published on 17 January, 2022
പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു ; ഓര്‍മ്മയായത് കഥക് കലാരൂപത്തെ ലോകവേദിയിലെത്തിച്ച ഇതിഹാസം

പ്രശസ്ത കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.
കഥകിനെ ലോക ശ്രദ്ധയില്‍ എത്തിച്ച പ്രതിഭയാണ് ബ്രിജ്മോഹന്‍ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജ്. ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരില്‍ ഒരാളാണ് ഇദ്ദേഹം.

ഇന്നലെ രാത്രി കൊച്ചുമക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടയില്‍ അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചു. അടുത്തിടെയാണ് വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ബിര്‍ജു മഹാരാജ് ചികിത്സയ്ക്ക് വിധേയനായത്.

ബിര്‍ജു മഹാരാജ് നര്‍ത്തകന്‍ മാത്രമല്ല, അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞന്‍ കൂടിയാണ്. 1986-ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. പത്മവിഭൂഷണ്‍,പത്മഭൂഷണ്‍ കൂടാതെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കാളിദാസ് സമ്മാന്‍, നൃത്ത രൂപകല്‍പ്പനയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. പണ്ഡിറ്റ്ജി, മഹാരാജ്ജി എന്നെല്ലാമാണ് അദ്ദേഹത്തെ പ്രിയപ്പെട്ടവരും ശിഷ്യരും വിളിച്ചിരുന്നത്. 

ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരമ്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ കണ്ണിയായ ഇദ്ദേഹം അച്ചാന്‍ മഹാരാജിന്റെ മകനാണ്. 28-ാം വയസ്സില്‍ നൃത്തത്തിലുള്ള പ്രാവീണ്യം അദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തു. പ്രകടനാത്മകമായ അഭിനയത്തിന് പേരുകേട്ട ബിര്‍ജു മഹാരാജ് കഥക്കില്‍ തന്റേതായ ശൈലി വികസിപ്പിച്ചെടുത്തു. നൃത്തനാടകങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ മികച്ച നൃത്ത സംവിധായകനായി അറിയപ്പെട്ടിരുന്ന ബിര്‍ജു മഹാരാജ് സഹായിച്ചു. നിരവധി കഥക് നൃത്തങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ഡല്‍ഹിയില്‍ 'കലാശ്രമം' എന്ന പേരില്‍ കഥക് കളരി നടത്തുന്നുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക