തരംഗിണി( കവിത : അശോക് കുമാര്‍.കെ.)

അശോക് കുമാര്‍.കെ. Published on 17 January, 2022
തരംഗിണി( കവിത : അശോക് കുമാര്‍.കെ.)

കാണാമരീചിയില്‍ മുങ്ങി മുങ്ങി
ഭയമറിഞ്ഞവര്‍ നാം.

മരണത്തിന്റെ കൊടിപ്പടം
ചൂടിയടുത്തു വരുന്നൂ,വര്‍ വീണ്ടും ...

കണ്ണുനീരറിയാതെ
വളര്‍ന്നൊരു പൊന്നു മോള്‍ ,
കണ്ണുനിറഞ്ഞു മാത്രം
കാലം കഴിച്ചൊരു 
പെറ്റമ്മ ...

താലി കെട്ടി 
സ്വപ്ന
ജീവിത മണിയറ കയറിയൊരു ജീവനാം മോള്‍ 

കടലലമാലകളില്‍
ജീവിത കണ്ണികള്‍ കൊണ്ട്
വലവിരിച്ചൊരു പിതാമഹന്‍,

കാത്തു കാത്തിരുന്നൊരു
കാമുകി...,
കണ്ണടച്ചു ധ്യാനിച്ചിരുന്നൊരു
കാമുകന്‍.

ദൂരെ ദൂരെയൊരു
മരുഭൂമി നാട്ടില്‍
പ്രിയതമതന്‍
ചുംബന സന്ദേശം
കാത്തിരുന്ന ജീവനാം കാന്തന്‍....

ഒരു പാടൊരുപാടുപേരെ
കണ്ടില്ല.....
മനസ്സാംകാര്‍മേഘ കമ്പടം
മറിച്ചു മറിച്ചു നോക്കിയിട്ടും
പ്രേമനിലാവില്‍ തൂക്കിയിട്ട
ജീവതാരകങ്ങളെ
കണ്ടതേയില്ല....

കര, കടല്‍ വിതാനങ്ങളില്‍
ശവതരംഗങ്ങള്‍ അലയടിക്കുന്നു...

കടലിലൊരു ചുഴി
ആര്‍ത്താര്‍ത്തു
ചുരുളു കറക്കുന്നു ...

കരയിലൊരു ഗര്‍ത്തം
ഹുങ്കാര വിത നിവര്‍ത്തുന്നു.

ഞാനിനിയും
മരിക്കാത്തൊരു
മനുജതരംഗന്‍...

ഭൂമി ജീവന്‍ കാംക്ഷിക്കുമൊരു
സാധുജനജന്‍.

കീടമേ ,
നീയാര്‍ത്താര്‍ത്തു
കൊല്ലുന്നതിനേക്കാള്‍
കൂടുതലല്ലോ,
എന്റെ കൂലം
ഞങ്ങളെ കൊന്നു കൊന്നു
തിന്നുന്നത്......

അശോക് കുമാര്‍.കെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക