വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 17 January, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജികളില്‍ നിര്‍ണ്ണായക വിധിയുമായി ഹൈക്കോടതി. കേസില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയില്ല എന്നാല്‍ ഫോണ്‍ രേഖകള്‍ വിളിച്ചു വരുത്താന്‍ അനുമതി നല്‍കി 10 ദിവസത്തിനകം പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ വിചാരണ തീരും വരെ മാധ്യമങ്ങളെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും വിലക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. 
***********************
കോട്ടയം നഗരത്തില്‍ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശിയായ കെ ടി ജോമോന്‍ ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 
************************
പ്രശസ്ത കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. കഥകിനെ ലോക ശ്രദ്ധയില്‍ എത്തിച്ച പ്രതിഭയാണ് ബ്രിജ്‌മോഹന്‍ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജ്. ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരില്‍ ഒരാളാണ് ഇദ്ദേഹം.
************************
കോട്ടയത്തെ യുവാവിനെ കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവത്തില്‍ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.കോട്ടയത്തെ യുവാവിന്റെ കൊലപാതകം പൊലീസിന് അപമാനമെന്ന് സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്ന് സതീശന്‍ ആരോപിച്ചു. ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താനാകുന്നില്ല. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന് ആണെന്നും അദ്ദേഹം പറഞ്ഞു.
************************
പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി വെച്ചു. നേരത്തെ ഫെബ്രുവരി 14 ന് വോട്ടെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത് എന്നാല്‍ ഇതിന് പകരം ഫെബ്രുവരി 20 ലേക്ക് വോട്ടെടുപ്പ് നീട്ടി.
ഫെബ്രുവരി 16 ന് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് പഞ്ചാബിലെ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
***********************************
അബുദാബിയിലെ മുസഫയിലുണ്ടായ ഹൂതി ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി അബുദാബി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ച മറ്റൊരാള്‍ പാകിസ്ഥാന്‍ പൗരനാണ്
ആക്രമണത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. മുസഫയില്‍ വ്യവസായ മേഖലയിലെ അഡ്‌നോക്കിന്റെ എണ്ണ സംഭരണശാലയുടെ സമീപമുണ്ടായ ഇന്ധന ടാങ്കറുകള്‍ക്ക് നേരെയാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായത്. 
*************************************
സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 8.14 ലക്ഷം കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് വാക്‌സീന് അര്‍ഹതയുള്ളത്. നിലവില്‍ 51% കുട്ടികള്‍ വാക്‌സീന്‍ നല്‍കി. 500 ന് മുകളില്‍ വാക്‌സിന്‍ അര്‍ഹത ഉള്ള കുട്ടികള്‍ ഉള്ള സ്‌കൂളുകളാണ് വാക്‌സീന്‍ കേന്ദ്രമായി കണക്കാക്കുന്നത്. 967 സ്‌കൂളുകളാണ് അത്തരത്തില്‍ വാക്‌സീന്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക് തന്നെയായിരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
********************************* 
ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ  പരസ്യ വിചാരണ നേരിടേണ്ടി വന്ന എട്ട് വയസുകാരിയോടും അച്ഛനോടും ക്ഷമ ചോദിച്ച് ഡി ജി പി അനില്‍ കാന്ത് (DGP Anilkant). കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും  മകളും ഡിജിപിയോട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്ന ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്ക് ഉടന്‍ അയക്കുമെന്ന് ഡി ജി പി ഉറപ്പ് നല്‍കിയെന്ന് ജയചന്ദ്രന്‍ പറഞ്ഞു. 
***********************************
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍പാരസെറ്റമോള്‍ അടക്കം മരുന്നുകള്‍ക്ക് ക്ഷാമം. ടെണ്ടര്‍ നല്‍കിയിരുന്ന കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സെപ്റ്റംബര്‍ മുതല്‍ വിതരണം നിര്‍ത്തിയതാണ് തിരിച്ചടിയായത്.നോര്‍മല്‍ സലൈന്‍ ,കയ്യുറ അടക്കം സാധനങ്ങളും സ്റ്റോക്ക് വളരെ കുറവാണ്. പുതിയ ടെണ്ടര്‍ നടപടികള്‍ തുടങ്ങിയെങ്കിലും പല സ്‌കീമുകളിലായി കോര്‍പറേഷന്‍ മരുന്ന് കമ്പനികള്‍ക്ക് 240 കോടിയിലേറെ രൂപ നല്‍കാനുള്ളതിനാല്‍ പല കമ്പനികളും ടെണ്ടറില്‍ പങ്കെടുക്കുമോ എന്ന ആശങ്കയുമുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക