ആ നൂപുരധ്വനി നിലച്ചു, പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ഇനി ഓര്‍മ്മ (ദുര്‍ഗ മനോജ്)

Published on 17 January, 2022
ആ നൂപുരധ്വനി നിലച്ചു, പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ഇനി ഓര്‍മ്മ (ദുര്‍ഗ മനോജ്)

രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച, കഥക് നൃത്ത കുലപതികളില്‍ പ്രമുഖനായ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ഇനി ഓര്‍മ്മ. നടനചാരുതയിലെ അഗ്യഗണ്യ കുലപതിയായിരുന്നു അദ്ദേഹം. സ്വന്തം ജീവിതം നൃത്തത്തിനായി മാറ്റി വച്ച കലാകാരന്‍. ലോകമെമ്പാടുമുള്ള കലാസ്വാദകരുടെ പണ്ഡിറ്റ് ജീ യും ബിര്‍ജു ജിയുമായിരുന്നു അദ്ദേഹം.
കഥക് നൃത്തത്തിന്റെ ഇന്ത്യന്‍ ക്ലാസിക് ശൈലി പകര്‍ന്നു നല്‍കി ലോകം മുഴുവന്‍ എത്തിച്ചുവെന്നതായിരുന്നു ബിര്‍ജുവിന്റെ മഹത്വം. നടനകലയെ അദ്ദേഹം പ്രാണനെ പോലെ കൊണ്ടു നടന്നു. അതിന്റെ പാരമ്പര്യത്തിന്റെയും പൈതൃകത്തെയും ഹൃദയത്തോടു ചേര്‍ത്തു വച്ചു. രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയാണ് 92-ാം വയസില്‍ അദ്ദേഹം ഇഹലോകവാസം വെടിയുന്നത്.

ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരിലൊരാളായിരുന്നു ബ്രിജ് മോഹന്‍ മിശ്ര എന്ന പണ്ഡിറ്റ് ബിര്‍ജുമഹാരാജ്. 1938 ഫെബ്രുവരി നാലാം തീയതി ലക്‌നൗവില്‍ ജനനം. ലക്‌നൗ ഖരാനയിലെ ജഗന്നാഥ് മഹാരാജ് എന്ന അച്ചന്‍ മഹാരാജ് ആണ് അദ്ദേഹത്തിന്റെ പിതാവും ആദ്യ ഗുരുവും. അമ്മാവന്‍മാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ് എന്നിവരുടെ ശിക്ഷണത്തില്‍ പരിശീലനം തുടര്‍ന്ന ബിര്‍ജു ഏഴാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് അച്ഛന്റെ മരണത്തോടെ കുടുംബം ഡല്‍ഹിയിലേക്കു താമസം മാറി. കഥക് നൃത്ത ആചാര്യന്മാരുടെ ഈറ്റില്ലമായ മഹാരാജ് കുടുംബത്തിലെ കണ്ണിയായ അദ്ദേഹം കല്‍ക്ക- ബിനാദിന്‍ ഘരാനയുടെ മുഖ്യ പ്രയോക്താവായി.

ദില്‍ തോ പാഗല്‍ ഹെ, ദേവ് ദാസ്, വിശ്വരൂപം, എന്നിങ്ങനെയുള്ള സിനിമകള്‍ അദ്ദേഹം നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. നൃത്തം മാത്രമല്ല ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ കൂടിയാണ് അദ്ദേഹം. ലോകമെമ്പാടും കഥക് ശില്‍പ്പശാലകളും നടത്തിവന്നിരുന്നു. ഡല്‍ഹിയില്‍ 'കലാശ്രമം' എന്ന പേരില്‍ കഥക് കളരിയും നടത്തി. പണ്ഡിറ്റ് ബിര്‍ജു മഹാരാജിന്റെ മരണത്തോടെ, കഥക് നൃത്ത പരമ്പരയിലെ ഒരു കണ്ണി കൂടി അറ്റുപോയിരിക്കുന്നു. പ്രണാമം, പ്രിയ പണ്ഡിറ്റ്ജി, ഭൂമി പോലും അങ്ങയുടെ നടനതാളത്തിന്റെയും സ്വരജതിയില്‍ നിശബ്ദമായി നിന്ന നിമിഷങ്ങളുണ്ടെന്ന് കാണികള്‍ വാഴ്ത്തിപാടിയിട്ടുണ്ട്. ഒടുവില്‍ ഈ ചലനവും നിശബ്ദമായിരിക്കുന്നു.

ആ നൂപുരധ്വനി നിലച്ചു, പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ഇനി ഓര്‍മ്മ (ദുര്‍ഗ മനോജ്)
John Thomas 2022-01-17 14:53:56
Rest in Peace
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക