ശ്വാസം: കവിത, കാവ്യ ഭാസ്ക്കർ

Published on 17 January, 2022
ശ്വാസം: കവിത, കാവ്യ ഭാസ്ക്കർ

 

ഴമ്പുമുറ്റിയ കൈത്തണ്ടയിൽ
നീ സ്നേഹത്തിന്റെ
മാർദ്ദവം പ്രതീക്ഷിക്കരുത്.
എണ്ണ വറ്റിത്തീർന്ന കണ്ണിൽ
ഒരു നിലാവ് ആത്മഹത്യ ചെയ്തു.
എരിഞ്ഞൊടുങ്ങിയ
ചുടലപ്പറമ്പിൽ
രണ്ടു സാമ്പ്രാണിതിരികൾ
പുക തുപ്പി
മണ്ണിനടിയിലെ
പാപിയെ നോക്കി
പല്ലിറുമ്മി.
ആശകളെല്ലാം
കാറ്റിൽ പറത്തിയാണല്ലോ
പോയത്!
പ്രതീക്ഷകളെ പിഴിഞ്ഞ്
കുന്നിൽ മുകളി -
ലുണക്കാനിട്ട്
പൊട്ടിച്ചിരിച്ചും
അലറിയും....
നെഞ്ചുതകർന്നവളുടെ
ഉള്ളൊന്ന് കാണാൻ
കൂട്ടാക്കാതെ പോയ
പാതിരാ കാറ്റിനും
ഉടലുമരച്ചുപോയ
പെണ്ണിന്റെ കഥ
പറയാനുണ്ട്.
അങ്ങേ മൂലയിൽ
എന്നോ വീർപ്പിച്ചുകെട്ടിയ
കൊച്ചു ബലൂൺ
കെട്ടു പൊട്ടി
പൊടിതിന്ന് കിടക്കുന്നു !
അവളുടെ അവസാന ശ്വാസം
പൊടി തിന്ന് കിടക്കുന്നു !

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക