ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

Published on 17 January, 2022
ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

കൊച്ചി: ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. സൂര്യ ഹോട്ടല്‍ ഉടമയായ ശരത്തിന്റെ ആലുവയിലുള്ള വീട്ടിലാണ് റെയ്ഡ് .

ഏതാനും ദിവസം മുന്‍പ് ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള റെയ്ഡ് നടന്നിരുന്നു

കേസില്‍ ശരത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ദിലീപുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.

ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശരത്. മുമ്ബ് ദിലീപ് അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ശരത് ആണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും ദിലീപും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്ബോഴാണ് അന്ന് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പോലിസ് ക്ലബ്ബില്‍ എത്തിക്കുമ്ബോള്‍ വാഹനത്തില്‍ ശരത്തും ഉണ്ടായിരുന്നു. ദിലീപിന്റെ വീട്ടില്‍ പരിശോധന നടന്നതിന് ശേഷം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ശരത് ഹാജരായില്ല.

ഇപ്പോള്‍ കോടതിയില്‍ നിന്നുള്ള സെര്‍ച്ച്‌ വാറണ്ടുമായിട്ടാണ് സംഘം എത്തിയത്.  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ശരത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും തനിക്ക് ഒരു ബന്ധവുമില്ലാത്ത കേസാണെന്നും വാദിച്ചാണ് ശരത് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ശരത് ആരോപിക്കുന്നു.

  ചൊവ്വാഴ്ചയാണ്‌ ശരത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത്. നാളെ ഈ കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്ന് വീട്ടില്‍ പരിശോധന നടക്കുന്നത്.

അതേസമയം ഗൂഢാലോചനാ കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്താണെന്ന് പോലിസ് കണ്ടെത്തി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതായാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക