കൊറോണ  ആഗോള അതിസമ്പന്നരെ ഇരട്ടി അതിസമ്പന്നരാക്കി: ഓക്‌സ്ഫം റിപ്പോര്‍ട്ട്

Published on 17 January, 2022
കൊറോണ  ആഗോള അതിസമ്പന്നരെ ഇരട്ടി അതിസമ്പന്നരാക്കി: ഓക്‌സ്ഫം റിപ്പോര്‍ട്ട്

 

ലണ്ടന്‍ : കൊറോണക്കാലത്ത് ആഗോളതലത്തില്‍  ഏറ്റവും സമ്പന്നരായ 10 വ്യക്തികള്‍ അവരുടെ സമ്പത്ത് ഇരട്ടിയാക്കിയതായി റിപ്പോര്‍ട്ട്.കൊറോണ ലോകത്തെ ബാധിച്ച ആദ്യ രണ്ട് വര്‍ഷങ്ങളിലാണ് അതി സമ്പന്നര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ലോക എക്കണോമിക് ഫോറത്തിന്റെ ഔദ്യോഗിക ഉച്ചകോടിക്ക് മുന്‍പായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇവരുടെ എല്ലാവരുടേയും ആസ്തി 700 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 1.5 ട്രില്ല്യണ്‍ ഡോളര്‍ ആയാണ് ഉയര്‍ന്നിരിക്കുന്നതെന്ന് ഓക്സ്ഫാം പറയുന്നു. അതായത് പ്രതിദിനം 1.3 ബില്ല്യണ്‍ ഡോളര്‍ എന്ന കണക്കിലാണ് പ്രതിദിന വര്‍ദ്ധന വരുന്നത്.

ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചാരിറ്റി കോണ്‍ഫെഡറേഷനാണ് ഓക്സ്ഫാം. 1929ലെ വാള്‍ സ്ട്രീറ്റ് ക്രാഷിന് ശേഷം ലോക സമ്പദ് വ്യവസ്ഥ ഏറ്റവും തകര്‍ച്ച നേരിട്ട സമയമായിരുന്നു കൊറോണ വ്യാപനകാലം. എന്നാല്‍ ഈ സമയത്തും ആഗോള അതിസമ്പന്നന്‍മാരുടെ കുതിപ്പില്‍ യാതൊരു കുറവും ഉണ്ടായില്ല. ഈ അസമത്വം സാമ്പത്തിക അക്രമത്തിന് തെളിവാണെന്നാണ് ഓക്സ്ഫാം ആരോപിക്കുന്നത്. കൊറോണ പ്രതിസന്ധി 160 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. സാമ്പത്തിക അസമത്വം ഉയര്‍ന്നു. സാധാരണക്കാരായ ആളുകളും സ്ത്രീകളുമാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതെന്നും സംഘടന ആരോപിക്കുന്നു. 2021 ഡിസംബറില്‍ നടത്തിയ സര്‍വ്വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

യുഎസ് ബിസിനസ് മാഗസിനായ ഫോര്‍ബ്സിന്റെ 2021ലെ ശതകോടീശ്വരന്‍മാരുടെ പട്ടിക ഉപയോഗിച്ചാണ് സര്‍വ്വേ നടത്തിയത്. ഫോര്‍ബ്സിന്റെ പട്ടികയിലെ ആദ്യ 10 ശതകോടീശ്വരന്മാര്‍: ടെസ്ല-സ്പേസ്എക്സ് മേധാവി ഇലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജേ ബ്രിനും, ഫെയ്സ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മുന്‍ മൈക്രോസോഫ്റ്റ് സിഇഒ ബില്‍ ഗേറ്റ്സും സ്റ്റീവ് ബാള്‍മെറും, മുന്‍ ഒറാക്കിള്‍ സിഇഒ ലാറി എലിസണ്‍, യുഎസ് നിക്ഷേപകനായ വാറണ്‍ ബഫറ്റ്, ഫ്രഞ്ച് ലക്ഷ്വറി ഗ്രൂപ്പായ എല്‍വിഎംഎച്ച് തലവന്‍ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ട്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക