ന്യൂയോർക്കിൽ കോവിഡ് കേസുകൾ കുറയുന്നു  (കോവിഡ് വാർത്തകൾ)

Published on 17 January, 2022
ന്യൂയോർക്കിൽ കോവിഡ് കേസുകൾ കുറയുന്നു  (കോവിഡ് വാർത്തകൾ)

ന്യൂയോർക്ക്, ജനുവരി 17: ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം ന്യൂയോർക്കിലെ കോവിഡ് കേസുകൾ കുതിച്ചുയർന്നെങ്കിലും ഇപ്പോൾ കുത്തനെ കുറയാൻ തുടങ്ങിയിരിക്കുന്നു.  ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും നടത്തിയ പ്രവചനങ്ങൾ പോലെ തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്.
ന്യൂയോർക്ക് സിറ്റി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഡാറ്റ പ്രകാരം, കോവിഡ് വളരെ വേഗത്തിൽ വ്യാപിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സിറ്റിയിലെ അഞ്ച് ബോറോകളിൽ കോവിഡ്  തരംഗത്തിന്റെ കൊടുമുടി മറികടന്നുവെന്നതിന്റെ സൂചനയാണ് കാണുന്നത്.
ജനുവരി 5 നും 11 നും ഇടയിൽ 52 പ്രദേശങ്ങളിൽ 30 ശതമാനമോ അതിലധികമോ കോവിഡ്  പോസിറ്റിവിറ്റി നിരക്ക് റിപ്പോർട് ചെയ്‌തെങ്കിലും സിറ്റിയിൽ ഒരിടത്തും  40 ശതമാനത്തിൽ കൂടുതൽ നിരക്ക് ഇല്ല. ഡിസംബർ 29 മുതൽ ജനുവരി 4 വരെയുള്ള ആഴ്‌ചയിൽ, 40 ശതമാനമോ അതിൽ കൂടുതലോ പോസിറ്റിവിറ്റി നിരക്കുകളുള്ള 23 പ്രദേശങ്ങൾ നഗരത്തിലുണ്ടായിരുന്നു.
ജനുവരി 14-ന് സിറ്റിയിലെ  7 ദിവസത്തെ പോസിറ്റിവിറ്റി നിരക്ക് 27.65 ശതമാനമായിരുന്നു, ജനുവരി 4-ന് ഇത് 32.59 ശതമാനമായിരുന്നു.
 ജനുവരി 14 വരെ,  7 ദിവസത്തെ ശരാശരി മരണനിരക്ക് 73 ആണ്.

പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്ക് രോഗം പിടിപ്പെടുന്നതിനും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിനും മരണപ്പെടുന്നതിനുമുള്ള  സാധ്യത വളരെ കൂടുതലാണ്. വാക്‌സിനേഷൻ എടുക്കാത്ത ന്യൂയോർക്കുകാർക്ക് വാക്സിനേറ്റഡ് ആയവരെ അപേക്ഷിച്ച്  കോവിഡ്  ബാധിക്കാനുള്ള സാധ്യത നാലിരട്ടിയും  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത എട്ട് മടങ്ങും മരണപ്പെടാനുള്ള സാധ്യത  ഒമ്പത് മടങ്ങുമാണെന്ന്  ആരോഗ്യ വകുപ്പിന്റെ  ഡാറ്റ കാണിക്കുന്നു.

കുട്ടികളിൽ കോവിഡ് കേസുകൾ വർധിക്കുന്നു; 5 വയസിന് മുകളിലുള്ളവർ വാക്സിൻ സ്വീകരിക്കാൻ സിഡിസിയുടെ അഭ്യർത്ഥന

വാഷിംഗ്ടൺ, ജനുവരി 17:  യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, കോവിഡ്  ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുകയാണ്.മഹാമാരി ആരംഭിച്ച ശേഷം യുഎസ് പീഡിയാട്രിക് ആശുപത്രികളിൽ  തിരക്ക്  ഏറ്റവും ഉയർന്ന നിലയിൽ അനുഭവപ്പെടുന്നത് ഇപ്പോഴാണെന്നാണ് റിപ്പോർട്ട്.

 രാജ്യത്ത് ഓരോ ദിവസവും ആശുപത്രിയിൽ  പ്രവേശനം തേടുന്ന 17 വയസും അതിൽ താഴെയും പ്രായമുള്ളവരുടെ  ശരാശരി എണ്ണം  893 ആണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ഭൂരിഭാഗവും കോവിഡ് ബാധിതരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
2020 ഓഗസ്റ്റ് 1 മുതൽ 2022 ജനുവരി 13 വരെ  രാജ്യത്ത് ആകെ 90,000 കുട്ടികളാണ്  ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടതെന്ന് സിഡിസി ഡാറ്റ കാണിക്കുന്നു.
നവജാതശിശു മുതൽ 4 വയസ്സുവരെയുള്ള കുട്ടികളിലാണ് ഏറ്റവും ഉയർന്ന ആശുപത്രിവാസ നിരക്ക്.
വൈറസിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്‌റോൺ വേരിയന്റ് കുട്ടികളിൽ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്നതായി കാണുന്നില്ലെന്ന്  സിഡിസി അഭിപ്രായപ്പെട്ടു.  ആശുപത്രികളിലെ  കുട്ടികളുടെ  നിരക്ക് മുതിർന്നവരേക്കാൾ കുറവാണ്.
കോവിഡ് ബാധിച്ച്  വരും ആഴ്ചകളിൽ കൂടുതൽ കുട്ടികൾ ആശുപത്രിയിൽ പ്രവേശിക്കപ്പെടുമെന്നാണ് സിഡിസിയുടെ അനുമാനം. 5 വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികൾ  കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ സ്വീകരിക്കണമെന്ന് സിഡിസി അഭ്യർത്ഥിച്ചു.

ഒമിക്രോൺ  കേസുകൾ രൂക്ഷമാക്കുമെന്ന് സർജൻ ജനറലിന്റെ മുന്നറിയിപ്പ് 

ഒമിക്രോൺ വേരിയന്റ് മൂലം വരും ആഴ്ചകളിൽ കോവിഡ് കേസുകൾ രൂക്ഷമാക്കുമെന്ന് സർജൻ ജനറൽ വിവേക് മൂർത്തി ഞായറാഴ്ച മുന്നറിയിപ്പ് നൽകി.
ന്യൂയോർക്ക് പോലുള്ള ചില സംസ്ഥാനങ്ങളിൽ കേസുകൾ കുത്തനെ കുറയുന്നുണ്ടെങ്കിലും  രാജ്യത്ത് ഇപ്പോഴും  പ്രതിദിനം 800,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി  മൂർത്തി പറഞ്ഞു.
 ആശുപത്രികളിൽ അവശ്യമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ വാക്സിൻ സ്വീകരിച്ചുകൊണ്ട് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മൂർത്തി ഓർമ്മപ്പെടുത്തി.വാക്സിൻ ഉപയോഗിക്കുന്നത് കോവിഡ് ബാധിക്കാതിരിക്കാൻ സഹായകമായില്ലെങ്കിലും സങ്കീർണതകൾ ഒഴിവാക്കാൻ ഉപകരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.

തൊഴിലിടങ്ങളിൽ  ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ വാക്സിൻ മാൻഡേറ്റും  ടെസ്റ്റ് ആവശ്യകതയും  സുപ്രീം കോടതി തടഞ്ഞത്  നിരാശാജനകമാണെന്ന് മൂർത്തി അഭിപ്രായപ്പെട്ടു.ഇത് പൊതുജനാരോഗ്യത്തിന്  തിരിച്ചടിയാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
  ജോലിസ്ഥലങ്ങൾ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും സുരക്ഷിതമാക്കുക എന്നതാണ് ഭരണകൂടം ലക്ഷ്യമിടന്നതെന്നും മൂർത്തി പറഞ്ഞു.

ശ്വാസകോശത്തെ മാത്രമല്ല; മസ്തിഷ്കത്തെയും കോവിഡ് ബാധിക്കും 

 കൂടുതലായും  ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായാണ് കൊവിഡ് കണക്കാക്കപ്പെടുന്നത്. എന്നാൽ,  തലച്ചോറിൽ വൈറസ് ചെലുത്തുന്ന സ്വാധീനം അത്ര ചെറുതല്ല.
കൂടുതൽ കാലം നിലനിൽക്കാവുന്ന ന്യൂറോളജിക്കൽ രോഗങ്ങളും വൈറസ് മൂലം ഉണ്ടാകാം. 
 ശ്വാസകോശത്തെ ബാധിക്കുന്ന രോഗത്തിന് തലവേദന, വിഭ്രാന്തി, മണവും  രുചിയും  നഷ്ടപ്പെടൽ എന്നീ ലക്ഷണങ്ങൾ എന്തുകൊണ്ട് ഉണ്ടാകും എന്ന സംശയം വൈദ്യശാസ്ത്രലോകത്ത് മഹാമാരിയുടെ തുടക്കം മുതൽ ഉണ്ടായിരുന്നു.

കൂടുതൽ ഗുരുതരമായി കോവിഡ് ബാധിച്ചവർക്ക്  മസ്തിഷ്കാഘാതവും  തലച്ചോറിലെ രക്തക്കുഴലുകളിൽ ബ്ലോക്കും ഉൾപ്പെടെയുള്ള അവസ്ഥ ഉണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.
ഡെൽറ്റയെ അപേക്ഷിച്ച്, ഒമിക്രോൺ ബാധിതർ ആശുപത്രിയിൽ പ്രവേശിക്കപ്പെടാനുള്ള സാധ്യത 50 മുതൽ 70 ശതമാനം വരെ കുറവാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

കൊവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത്  ഒമിക്രോണിനെതിരെ സംരക്ഷിക്കുമെന്നും  മഹാമാരിയെ മറികടക്കാൻ സഹായിക്കുമെന്നും  ആരോഗ്യ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറയുന്നു.

ബ്രിട്ടീഷ്  പ്രൊഫസർ ജെയിംസ് ഗുഡ്‌വിൻ പറയുന്നതനുസരിച്ച്, അഞ്ച് കോവിഡ് രോഗികളിൽ ഒരാൾക്ക് സെറിബ്രൽ വാസ്കുലർ പ്രശ്നങ്ങൾ  ഉണ്ടാകാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക