കോട്ടയം കൊലപാതകം ; മരണത്തിന് മുമ്പ് ഷാന്‍ നേരിട്ടത് അതിക്രൂരപീഡനം

ജോബിന്‍സ് Published on 18 January, 2022
കോട്ടയം കൊലപാതകം ; മരണത്തിന് മുമ്പ് ഷാന്‍ നേരിട്ടത് അതിക്രൂരപീഡനം

ഇന്നലെ കോട്ടയത്ത് 19 വയസ്സുകാരനെ അതിക്രൂരമായി കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ തള്ളിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകം നടത്തിയ ജോമോന്‍ കാപ്പ ചുമത്തപ്പെട്ടയാളാണ്. തന്റെ പേരില്‍ കാപ്പ ചുമത്തപ്പെടാന്‍ കാരണം സൂര്യന്‍ എന്നു വിളിക്കപ്പെടുന്ന ശരത് പി. രാജാണെന്ന് ജോമോന്‍ വിശ്വസിച്ചിരുന്നു. സൂര്യനെ തേടിയായിരുന്നു ഇന്നലെ ജോമോന്‍ ഇറങ്ങിയത്. 

കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിന്റെ തലവനാണ് സൂര്യന്‍ എന്നാണ് റിപ്പോര്‍ട്ട്. സൂര്യനുമായി സൗഹൃദമുണ്ടെങ്കിലും ഷാനിന് ക്രിമിനല്‍ പശ്ചാത്തലമോ പേരില്‍ കേസുകളോ ഇല്ല. 

കൊല്ലപ്പെട്ട ഷാന്‍ സൂര്യന്റെ സുഹൃത്താണ്. കഴിഞ്ഞ ദിവസം സൂര്യനുമൊപ്പമുള്ള ചിത്രം ഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രം കണ്ട ജോമോന്‍ കരുതിയത് സൂര്യന്‍ എവിടെയുണ്ടെന്ന് ഷാനിന് അറിയാമായിരുന്നുവെന്നാണ്. സൂര്യ കണ്ടു പിടിക്കുന്നതിനായാണ് ഷാനിനെ ബലമായി ഓട്ടോയില്‍ പിടിച്ച് കയറ്റിയത്. ഷാനുമായി പോകുന്ന വഴി സൂര്യന്‍ എവിടെയെന്ന് ചോദിച്ച് അതിക്രൂരമായാണ് ഷാനിനെ ജോമോന്‍ മര്‍ദ്ദിച്ചത്. 

ഷാനിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ 38 അടയാളങ്ങള്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളെജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. കാപ്പിവടി കൊണ്ടാണ് ഷാനിനെ മര്‍ദ്ദിച്ചത്. 3 മണിക്കൂറോളം നേരം മര്‍ദ്ദിച്ചു എന്നും ജോമോന്‍ പൊലീസിന് മൊഴി നല്‍കി. ഷാനിനെ വിസ്ത്രനാക്കി മര്‍ദ്ദിക്കുകയും കണ്ണില്‍ ആഞ്ഞു കുത്തുകയും ചെയ്തു.

തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് മുമ്പ് ഷാന്‍ ബാബു ക്രൂര മര്‍ദ്ദനം നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക