Image

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കുട്ടികളുടെ പരിപാടി; ചാനലിനോട് വിശദീകരണം തേടി കേന്ദ്രം

Published on 18 January, 2022
  പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കുട്ടികളുടെ പരിപാടി; ചാനലിനോട് വിശദീകരണം തേടി കേന്ദ്രം

സീ തമിഴ് ചാനലിലെ ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ സീസണ്‍ 4ല്‍ മത്സരാര്‍ത്ഥികളായ രണ്ടു കുട്ടികള്‍ അവതരിപ്പിച്ച പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്നതായിരുന്നു എന്ന പരാതിയെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ വിനിമയ വിതരണ മന്ത്രാലയം ചാനലിന് നോട്ടീസ് അയച്ചു. ബി.ജെ.പിയുടെ തമിഴ്നാട് ഐ.ടി ആന്‍ഡ് സോഷ്യല്‍ മീഡിയ സെല്‍ സംസ്ഥാന പ്രസിഡന്റ് സി.ടി.ആര്‍ നിര്‍മല്‍ കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ജനുവരി 15ന് സീ തമിഴ് ചാനലില്‍ സംപ്രേഷണം ചെയ്ത ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ സീസണ്‍ 4 പരിപാടിക്ക് എതിരെയാണ് പരാതി. ഏഴു ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. ബിജെപി നേതാവ് നല്‍കിയ പരാതിയും നോട്ടീസിന്റെ കീടെ നല്‍കിയിട്ടുണ്ട്.

നോട്ട് നിരോധനം, പ്രധാനമന്ത്രിയുടെ വസ്ത്രധാരണം, വിദേശ യാത്രകള്‍, ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പരിപാടിയില്‍ പ്രതിപാദിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. തമിഴിലെ ഹാസ്യ താരം വടിവേലുവിന്റെ ‘ഇംസൈ അരസന്‍ 23ാം പുലികേസി’ എന്ന് സിനിമയിലെ കഥാപാത്രങ്ങളെ അനുകരിച്ചു കൊണ്ടായിരുന്നു അവതരണം. രണ്ട് മിനുറ്റ് നേരത്തെ ദൈര്‍ഘ്യമുള്ള പരിപാടിയാണ് കുട്ടികള്‍ അവതരിപ്പിച്ചത്.

വിഷയം ചൂണ്ടിക്കാട്ടി നിര്‍മല്‍ കുമാര്‍ നേരത്തെ ചാനല്‍ അധികൃതര്‍ക്കും കത്തയച്ചിരുന്നു. പരിപാടി വിവാദമായതോടെ സീ തമിഴിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഈ ഭാഗം നീക്കം ചെയ്യാമെന്നും പരിപാടി പുനഃസംപ്രേഷണം ചെയ്യില്ല എന്നും ചാനല്‍ അധികൃതര്‍ ബിജെപി കേന്ദ്രങ്ങളെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക