വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

Published on 18 January, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)ടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി കേസ് മാറ്റി വച്ചത്.
***************************************
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു കയ്യില്‍ യേശുവും മറ്റൊരു കയ്യില്‍ കൃഷ്ണനെയും കൊണ്ട് വീടുകളില്‍ പോകുന്ന പാഷാണം വര്‍ക്കിയെ പോലെയാണ് കോടിയേരി. ഒരു വീട്ടില്‍ കൃഷ്ണനെ കാണിക്കും. മറ്റൊരു വീട്ടില്‍ യേശുവിനെ കാണിക്കും. എന്നാല്‍ കേരളത്തിലെ കോണ്‍?ഗ്രസില്‍ സന്തുലിതമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
**************************************
കോഴിക്കോട് താമരശ്ശേരിയില്‍ കെട്ടിടം തകര്‍ന്നു വീണ് 23 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. കോടഞ്ചേരിയിലെ നോളജ്‌സിറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി.
ആകെ അപകട സ്ഥലത്തുനിന്നും 23 പേരെയാണ് കാണാതായത്. ഇതില്‍ 17 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് പേരെ  സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
************************************
മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഡിജിപിക്ക് കോടതി നോട്ടീസയച്ചു. രഹസ്യവിചാരണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ദിലീപിന്റെ പരാതി. ഇക്കാര്യത്തില്‍ ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
*********************************
പഞ്ചാബില്‍ ഭഗവന്ത് മന്നിനെ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഫോണിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും 93 ശതമാനത്തിലധികം വോട്ടുകളും ഭഗവന്ത് മന്നിന് ലഭിച്ചതായി എഎപി നേതാവ് കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
*******************************
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. സെക്രട്ടേറിയേറ്റില്‍ കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ലൈബ്രറി അടയ്ക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കും കോവിഡ് സ്ഥിരകരിച്ചിട്ടുണ്ട്.
**************************
തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് വിവരം. ഇതില്‍ ഒരു ബോംബ് പൊട്ടിവീണു കത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും ചെയ്തിരുന്നു. രാവിലെ 11 മണിക്കാണ് സംഭവം. സ്റ്റേഷന് മുന്നില്‍ കിടന്ന ജീപ്പ് കത്തി നശിച്ചു. മുന്നിലെ ഗ്ലാസും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
**************************
കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളെ തഴയുന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കോണ്‍ഗ്രസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് കോടിയേരി പറഞ്ഞിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
*****************************
സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് പുതിയ ഒമൈക്രോണ്‍ കേസുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഒമൈക്രോണ്‍ ബാധിതര്‍ 591 ആയി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക