Image

കെ- റെയില്‍:  ജനങ്ങളോടു നടത്തുന്നത്  യുദ്ധപ്രഖ്യാപനമല്ലെന്നു മന്ത്രി രാജന്‍

Published on 18 January, 2022
കെ- റെയില്‍:  ജനങ്ങളോടു നടത്തുന്നത്  യുദ്ധപ്രഖ്യാപനമല്ലെന്നു മന്ത്രി രാജന്‍

തൃശൂര്‍: കെറെയില്‍ പദ്ധതി ജനങ്ങളോടു നടത്തുന്ന യുദ്ധപ്രഖ്യാപനമല്ലെന്നു മന്ത്രി കെ. രാജന്‍ സ്ഥലമുടമയ്ക്കു നഷ്ടം വരാത്ത രീതിയില്‍ നഷ്ടപരിഹാരം നല്‍കിയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റാതിരിക്കാന്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയുമാണു കെറെയില്‍ പദ്ധതി നടപ്പാക്കുന്നതെന്നും രാജന്‍ പറഞ്ഞു. ജനസമക്ഷം സില്‍വര്‍ ലൈന്‍ എന്ന പേരില്‍ സര്‍ക്കാര്‍ നടത്തിയ കെ.റെയില്‍ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാമൂഹികാഘാത പഠനം നടത്താനുള്ള കമ്മിറ്റിക്ക് സ്ഥലം പരിശോധിക്കാനുള്ള കല്ല് സ്ഥാപിക്കല്‍ ആണിപ്പോള്‍ നടക്കുന്നത്. ആറുമാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി പൊതുജനാഭിപ്രായം കേള്‍ക്കും. പിന്നീട് വിദഗ്ധ സമിതിയുടെ പഠനത്തിനും ശേഷമാണ് കെ റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച അന്തിമ രൂപരേഖ തയാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്കു വിപണിവിലയും അതിനേക്കാള്‍ കൂടുതലുമാണു നല്‍കുന്നത്.

ജനസംഖ്യയുടെ പകുതിയോളം വാഹനങ്ങളുള്ള സംസ്ഥാനമാണു കേരളമെന്നും സമയലാഭമുള്ള പൊതുഗതാഗത സംവിധാനം മാത്രമാണു പോംവഴി എന്നും അധ്യക്ഷത വഹിച്ച മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഐടി കോറിഡോര്‍ കണക്ടിവിറ്റി അടക്കം വരുന്നതോടെ തൊഴിലവസരങ്ങളില്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നു മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. കെ റെയില്‍ എംഡി വി. അജിത്കുമാര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. 2025ല്‍ പൂര്‍ത്തിയാക്കാവുന്ന വിധത്തിലാണു പദ്ധതി മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക