Image

തിരിച്ചടിച്ച് സൗദി സഖ്യസേന; വ്യോമാക്രമണത്തില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Published on 18 January, 2022
തിരിച്ചടിച്ച് സൗദി സഖ്യസേന; വ്യോമാക്രമണത്തില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

റിയാദ്: അബുദാബിയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി സഖ്യസേന. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങള്‍ക്കുനേരെ സൗദി നേതൃത്വം നല്‍കുന്ന സഖ്യസേന വ്യോമാക്രമണം നടത്തിയെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. 

അബുദാബിയില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകമാണ് തിരിച്ചടി. സഖ്യസേനയുടെ തിരിച്ചടിയില്‍ 14 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. യെമന്‍ തലസ്ഥാനമായ സനയിലെ ഒരു കെട്ടിടത്തിനു നേരയാണ് ആക്രമണം ഉണ്ടായത്.

സനയില്‍ വ്യോമസേന 24 മണിക്കൂറും വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്നും അറബ് സഖ്യസേന അറിയിച്ചുവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഉപയോഗിച്ച രണ്ട് ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകള്‍ എഫ്15 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തകര്‍ത്തുവെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിയില്‍ നടന്നത് ഭീകരാക്രമണമാണെന്നു യുഎഇ സ്ഥിരീകരിച്ചിരുന്നു. ഹൂതി വിമതരുടെ ഭീകരാക്രമണമാണു നടന്നതെന്നും സംഭവം ആസൂത്രിതമാണെന്നും നടപടിയുണ്ടാകുമെന്നും യുഎഇ വ്യക്തമാക്കിയിരുന്നു.

ഇന്നലെ, അബുദാബിയിലെ മുസഫ ഐകാഡ് സിറ്റിയില്‍ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനു സമീപവും വിമാനത്താവളത്തിനരികിലും ഹൂതി ആക്രമണങ്ങളില്‍ മൂന്നു പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക