Image

ഫ്രാങ്കോ ഈ വീടിന്റെ ഐശ്വര്യം (ശ്രീ ഗണകന്‍)

Published on 18 January, 2022
ഫ്രാങ്കോ ഈ വീടിന്റെ ഐശ്വര്യം (ശ്രീ ഗണകന്‍)

അങ്ങനെയൊന്നുമില്ല, പിടിച്ചു നില്‍ക്കുകയെന്നതാണ് പ്രധാനം. ഏതൊരു കാര്യവും സത്യമായി തോന്നത്തക്ക വിധത്തില്‍ അവതരിപ്പിക്കണം എന്നേയുള്ളു. ബൈബിളില്‍ വിശ്വസിക്കുന്ന ബിഷപ്പും കന്യാസ്ത്രീയും അതില്‍ തൊട്ട് പറയുമ്പോള്‍ രണ്ടുകൂട്ടരുടെയും ഉള്ള്  ഉലഞ്ഞിട്ടില്ല. അപ്പോള്‍, ഈ വാക്യത്തിന് വിശ്വാസം കൂടും. പറഞ്ഞു വരുന്നത് ഫ്രാങ്കോ ബിഷപ്പിന്റെ കാര്യമാണ്. ആശാനോര്‍ത്തില്ല, ചെന്നു കയറിയത് പുലിമടയിലാണെന്ന്.   ഇത്ര വലിയ പുലിവാലാകുമെന്നും കരുതിയില്ല. എന്നാല്‍ നാലു നേരം അറിഞ്ഞോ അറായാതെയോ കര്‍ത്താവിനെ വിളിക്കുന്നതിന്റെ ഗുണമുണ്ടായി. കൊന്നില്ല, ഒന്നു പേടിപ്പിച്ചങ്ങ് വിട്ടു.  

ഇനി ഇരയുടെ കാര്യത്തിലേക്കൊന്നു വരാം. നീതിദേവതയും സ്ത്രീയാണ്. അപ്പോള്‍ ഇത്തിരി ആനുകൂല്യം പെണ്ണുങ്ങള്‍ക്കാണ് കിട്ടേണ്ടത്. എന്നിട്ടും ഇരയുടെ നീക്കം ഒന്നു പാളി. പണ്ടേ, നാട്ടുകാരു പറഞ്ഞിട്ടുള്ളതാണ് 13 ചീത്ത നമ്പറാണ്, അതില്‍ കയറി പിടിക്കരുതേയെന്ന്. ഫുള്‍ ടൈം കുരിശുള്ളതു കൊണ്ട് സാത്താന്‍ കേറി മേയുവേലെന്ന് ഇരയും കൂട്ടാളികളും കരുതി. പക്ഷേ, 13 പണി കൊടുത്തു. കേസ് തള്ളി, മേലാല്‍ ഈ വഴിക്ക് വരരുതെന്നും കോടതി പറഞ്ഞു. 

എന്താണ് ഇരയും 13-ഉം തമ്മിലുള്ള ബന്ധം? വലുതിയാട്ടൊന്നുമില്ല. ഒന്നിനെ 13 ആക്കിയ ബുദ്ധിയാണ് പാളിപോയത്. 13 മോശം നമ്പരാണ്, പണി കിട്ടുമെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും  കണ്ടില്ലെന്നു നടിച്ചു.  

സത്യത്തില്‍ കോടതിയാണ് ഡീസന്റ്. ഒരു തവണ ബലാത്സംഗം എന്നു പറഞ്ഞാല്‍ അതു മനസ്സിലാക്കാം. ഇത് ഒരു ഡസന്‍ തവണയെന്നൊക്കെ പറഞ്ഞാല്‍ സംഗതി ഏതാണ്ട് ലൈന്‍ വേറെയാണെന്ന് തലയില്‍ ആള്‍താമസമുള്ളയാര്‍ക്കും മനസ്സിലാക്കാം. 

social media

എന്നിട്ടും, ഇരയെന്നും കര്‍ത്താവിന്റെ മണവാട്ടികള്‍ എന്നും കരഞ്ഞും പ്രാകിയും ജീവിതം തള്ളിനീക്കുന്നവര്‍ സത്യം മാത്രമേ ബോധിപ്പിക്കാവു എന്നു പറഞ്ഞാല്‍ നീതിദേവതയുടെ മുന്നില്‍ എന്നാ സത്യം പറയും.  

അപ്പോള്‍ പിന്നെ ബിഷപ്പ് ഫ്രാങ്കോ വിശുദ്ധന്‍ തന്നെയാണെന്ന കാര്യത്തില്‍ ലോകത്തുള്ള സകലമാന പുരുഷന്മാര്‍ക്കും എതിരഭിപ്രായമില്ല.  ഫ്രാങ്കോ ഈ വീടിന്റെ ഐശ്വര്യം എന്ന പേരില്‍ വരും തലമുറ വീടുകളില്‍ പടമടക്കം ബോര്‍ഡ് വച്ചാലും തെറ്റ് പറയാനാവില്ല. 

സര്‍വ്വവിരാജിത പുരുഷകേസരിയായ മാന്യമഹാമിത്ര ഫ്രാങ്കോ ഒരു പൂവ് ചോദിച്ചു, കിട്ടിയത് പൂന്തോട്ടം. പീഡിപ്പിച്ചിട്ടുണ്ടോ എന്നാണ് കോടതി അന്വേഷിച്ചത്. അങ്ങനെയൊന്നുമില്ല 

പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം  

കേരള സര്‍ക്കാരിനെ അങ്ങ് പരിപോഷിപ്പിക്കാനും, കോവിഡ് മൂലം തിരിച്ചു വന്ന പത്തു ലക്ഷത്തോളം പ്രവാസികളെ പുനരധിവസിക്കാനുമല്ല മുഖ്യമന്ത്രി  പിണറായി അമേരിക്കയിലേക്ക് വന്നിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ചികിത്സയക്കാണ്. അദ്ദേഹം കാലു കുത്തിയപ്പോഴെ ഭൂകമ്പം വന്നു സുനാമി വന്നു എന്നൊക്കെ അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നുണ്ട്. അതൊക്കെ പോട്ടെ. കഴിഞ്ഞ തവണ അദ്ദേഹം വന്നിട്ട് പോയപ്പോ, പ്രളയമാരുന്നുവെങ്കില്‍ ഇത്തവണയത് ഒമിക്രോണ്‍ ആണെന്ന വ്യത്യാസമേയുള്ളു. നാട്ടിലോട്ട് നക്കാപ്പിച്ച വല്ലതും തരണേ എന്നു പറഞ്ഞിട്ടാണ് അന്നു പോയത്, എന്നാ ഇത്തവണ  അതിനൊന്നും  നില്‍ക്കില്ലെന്നു നേരത്തെ പറഞ്ഞിട്ടുണ്ട്.

പറഞ്ഞുവന്നത്, അദ്ദേഹത്തിന്റെ ചികിത്സയുടെ കാര്യമാണ്. കാശുള്ളവര്‍ക്ക് മയോ ക്ലിനിക്ക് വല്യ സംഭവമാണ്. പ്രത്യേകിച്ച് സഖാക്കള്‍ക്ക്! കോടിയേരിക്കും പിണറായിക്കുമൊക്കെ കാശുണ്ടോ എന്നതൊക്കെ വായനക്കാര്‍ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളണം. എന്നാലും, പറയുമ്പോ എല്ലാം പറയണമല്ലോ. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാനെ അവസാനനിമിഷം വിമാനത്തില്‍ നിന്നും ഇറക്കി വിട്ടിട്ട് പകരമൊരു ഐഎഎസുകാരനെ കൂടെ കൂട്ടി . 

പിണറായിയെ ചികിത്സിക്കുന്നിടത്ത് ഐഎഎസുകാരന് എന്തു കാര്യം. അവിടെയാണ് സംഗതിയുടെ ഗുട്ടന്‍സ് ഒളിഞ്ഞ് കിടക്കുന്നത്. ഭരണം ആരെയും ഏല്‍പ്പിക്കാതെയാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്.  

Join WhatsApp News
Bishopfrancofans 2022-01-18 15:58:22
എന്നതാ പാപ്പി, ഇത് എഴുതിയവന്‍ വെള്ളമടിച്ചിട്ടാണോ വച്ച് കീച്ചുന്നത്. നിങ്ങള്‍ക്കെങ്കിലും ബോധമില്ലേ. വല്ല സുബോധത്തോടെ എഴുതിക്കൂടേ- ഒരെത്തും പിടിയും കിട്ടുന്നില്ല. ആര് ആരേ എന്നാ ചെയ്‌തെന്നാ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക