സാഹസിക സവാരി നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അബുദാബിയില്‍ വരവേല്‍പ്പ് നല്‍കി

Published on 18 January, 2022
 സാഹസിക സവാരി നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അബുദാബിയില്‍ വരവേല്‍പ്പ് നല്‍കി

 

അബുദാബി : ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഫിറ്റ്‌നെസ്സ് ചാലഞ്ചിന്റെ ഭാഗമായി യുഎഇയിലെ മുഴുവന്‍ എമിറേറ്റുകളും സൈക്കിള്‍ സവാരി നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ ഊഷ്മള സ്വീകരണം നല്‍കി. തൃശൂര്‍ നാട്ടിക സ്വദേശി മുഹമ്മദ് അബൂഷമീറും കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ഇര്‍ഫാന്‍ മുഹമ്മദുമാണ് പ്രതികൂലമായ കാലാവസ്ഥയിലും 180 കിലോമീറ്റര്‍ താണ്ടി ഷാര്‍ജയില്‍ നിന്ന് അബൂദാബിയില്‍ എത്തിയത്.

യുഎഇ മുന്നോട്ട് വയ്ക്കുന്ന ഒന്നും അസാധ്യമല്ല എന്ന സന്ദേശവും ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെ ഫിറ്റ്‌നസ് ചാലഞ്ചുമാണ് ഈ ദൗത്യത്തിന് പ്രേരണയായതെന്ന് സ്വീകരണ യോഗത്തില്‍ ഇരുവരും അഭിപ്രായപ്പെട്ടു.വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ഈ മനസ്ഥിതിയും കഠിനാധ്വാനവും മാതൃകായോഗ്യമാണെന്നും മുഹമ്മദ് അബൂഷമീറും, ഇര്‍ഫാന്‍ മുഹമ്മദും ഇന്ത്യന്‍ ജനതക്ക് അഭിമാനമാണെന്നും അനുമോദന യോഗം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ടി കെ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ബിസി അബൂബക്കര്‍, അഡ്മിന്‍ സെക്രട്ടറി സാബിര്‍ മാട്ടൂല്‍, അഹ്മദ് കുട്ടി, സലീം നാട്ടിക, ശിഹാബ് കപ്പാരത്, സുബൈര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.


അനില്‍ സി. ഇടിക്കുള

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക