60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കല്‍: പരിഹാരം കണ്ടെത്തുമെന്ന് അധികൃതര്‍

Published on 18 January, 2022
 60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കല്‍: പരിഹാരം കണ്ടെത്തുമെന്ന് അധികൃതര്‍

 

കുവൈറ്റ് സിറ്റി: ബിരുദ വിദ്യാഭ്യാസമില്ലാത്ത അറുപത് വയസും അതില്‍ കൂടുതലുമുള്ള താമസക്കാരുടെ റെസിഡന്‍സി പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിച്ചു. നീതിന്യായ മന്ത്രി ജമാല്‍ അല്‍ ജലാവിയുടെ പ്രഥമ പരിഗണനയില്‍ ഈ പ്രശ്‌നമുണ്ടെന്നും എത്രയും വേഗം പരിഹാരം കണ്ടെത്തുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജരിദ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

60 വയസിന് മുകളില്‍ പ്രായമുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്ക് കര്‍ശന വ്യവസ്ഥയോടെ ആരോഗ്യ ഇന്‍ഷുറന്‍സും നിശ്ചിത സംഖ്യ വാര്‍ഷിക ഫീസ് ഈടാക്കിയും ഇഖാമ പുതുക്കി നല്‍കുവാന്‍ നേരത്തെ തീരുമാനം കൈകൊണ്ടിരുന്നു. നേരത്തെയുള്ള വാര്‍ത്തകള്‍ പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ പ്രതിവര്‍ഷം ആയിരം മുതല്‍ 1100 ദിനാര്‍ വരെ ഫീസായിരിക്കും ഈടാക്കുകയെന്നാണ് സൂചനകള്‍.

അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജനുവരിയില്‍ മാന്‍പവര്‍ അതോറിറ്റി പ്രായപരിധി നിബന്ധന നടപ്പാക്കിയത്. 60 വയസിനു മുകളില്‍ പ്രായമായ ബിരുദ വിദ്യാഭ്യാസമില്ലാത്ത പ്രവാസികള്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കരുതെന്ന് മാനവശേഷി സമിതി ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവ് കുവൈറ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ഫത്വ ലെജിളേറ്റീവ് സമിതി അഭിപ്രായപ്പെട്ടതോടെ ഉത്തരവ് സ്വയം റദ്ദാക്കുകയായിരുന്നു. 60 വയസ് കഴിഞ്ഞ പ്രവാസികളുടെ താമസരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും അന്തിമ തീരുമാനം ഉണ്ടാവാത്തത് മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. അറുപത് കഴിഞ്ഞ നൂറുക്കണക്കിന് പേര്‍ താല്‍ക്കാലിക വിസയിലാണ് കുവൈറ്റില്‍ താമസിക്കുന്നത്.

 

സലിം കോട്ടയില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക