ഇന്ത്യന്‍ സിനിമാ സംഗീതരംഗത്തേക്ക് സുവര്‍ണാവസരവുമായി ഫോര്‍ മ്യൂസിക്‌സ് അയര്‍ലന്‍ഡിലെത്തുന്നു

Published on 18 January, 2022
 ഇന്ത്യന്‍ സിനിമാ സംഗീതരംഗത്തേക്ക് സുവര്‍ണാവസരവുമായി ഫോര്‍ മ്യൂസിക്‌സ് അയര്‍ലന്‍ഡിലെത്തുന്നു

 

ഡബ്ലിന്‍: അയര്‍ലന്‍ഡ് പ്രവാസികള്‍ക്കിടയിലേക്ക് ഇന്ത്യന്‍ ഫിലിം ആന്‍ഡ് മ്യൂസിക് രംഗത്തെ പ്രഗത്ഭ സംഗീത സംവിധായകരായ 4 മ്യൂസിക്‌സ് വീണ്ടും എത്തുന്നു. ഒപ്പം, വില്ലന്‍, വിജയ് സൂപ്പറും
പൗര്‍ണമിയും, ബ്രദേഴ്‌സ് ഡേ, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ക്കൊപ്പം മറ്റനവധി ചിത്രങ്ങള്‍ക്കും സംഗീതം ഒരുക്കിയ 4 മ്യൂസിക്‌സ്, സംഗീത രംഗത്തും അഭിനയ രംഗത്തും തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്ന ഒറിജിനല്‍ മ്യൂസിക് പ്രൊജക്റ്റ്, മ്യൂസിക്‌സ് മഗ് സീസണ്‍ 3 യുമായിട്ടാണ് എത്തുന്നത്.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, പഞ്ചാബി തുടങ്ങിയ ഭാഷകളിലുള്ള ഗായകര്‍ക്കും, അഭിനയിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്കുമാണ് ഇതില്‍ അവസരം ലഭിക്കുന്നത്. 2019ല്‍ അയര്‍ലന്‍ഡില്‍ വച്ചു ചെയ്ത 'മ്യൂസിക് മഗ് 'ന്റെ ആദ്യ സീസന്‍ വലിയ വിജയമാണ് നേടിയത്. അയര്‍ലന്‍ഡില്‍ നിന്നുള്ള 19 പുതിയ ഗായകരെ ആണ് മ്യൂസിക്‌സ് മഗ് ആദ്യസീസണിലൂടെ സംഗീത രംഗത്തിലേക്ക് ഉയര്‍ത്തികൊണ്ട് വന്നത്.


തിരഞ്ഞെടുക്കപ്പെട്ട ഗായകര്‍ക്ക് 4 മ്യൂസിക്‌സിന്റെ പുതിയ സിനിമയിലും, ആല്‍ബങ്ങളിലും പാടാന്‍ അവസരം ലഭിച്ചു. ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്റെ കീഴില്‍ ജിംസണ്‍ ജെയിംസ് ആണ് ''മ്യൂസിക് മഗ്'' സീസണ്‍ 3 അയര്‍ലന്‍ഡില്‍ എത്തിക്കുന്നത്.

യൂട്യൂബ് റിലീസിനു പുറമെ സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്, ഗാന, സാവന്‍ തുടങ്ങി നിരവധി മ്യൂസിക് ആപ്പുകളിലൂടെയും പുറത്തിറങ്ങുന്ന ഗാനങ്ങള്‍, ഗായകര്‍ക്കും, അഭിനേതാക്കള്‍ക്കും വേള്‍ഡ് മ്യൂസിക്& ഫിലിം ഇന്‍ഡസ്ട്രിയിലേക്കുള്ള വലിയ അവസരം കൂടിയാണ്. മലയാളത്തിലെ പ്രമുഖരായ ഗാന രചയിതാക്കളും, സംവിധായകരും മ്യൂസിക് മഗ്ഗിന്റെ പാനലില്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് പേജുകളോ www.4musics.in എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കുക.

ജെയ്‌സണ്‍ കിഴക്കയില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക