സൗദിയില്‍ ഇക്കാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക്, പാസ്സ്പോര്‍ട്ട് പുതുക്കാന്‍ അനുവദിയ്ക്കാത്ത നടപടി പിന്‍വലിയ്ക്കുക : നവയുഗം

Published on 19 January, 2022
സൗദിയില്‍ ഇക്കാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക്, പാസ്സ്പോര്‍ട്ട് പുതുക്കാന്‍ അനുവദിയ്ക്കാത്ത നടപടി പിന്‍വലിയ്ക്കുക : നവയുഗം

ദമ്മാം: സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്സ്പോര്‍ട്ട് പുതുക്കാനായി ഇക്കാമ കാലാവധി നിര്‍ബന്ധിതമാക്കിയ ഇന്ത്യന്‍ എംബസ്സി നിര്‍ദ്ദേശം പിന്‍വലിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

സൗദി നിയമപ്രകാരം ഒരു പ്രവാസിയ്ക്കു ഇക്കാമ എടുത്തു കൊടുക്കുന്നതും, അത് സമയാസമയം പുതുക്കുന്നതും അയാളുടെ സ്പോണ്‍സറുടെ ഉത്തരവാദിത്വമാണ്. സാധാരണ പ്രവാസി ജോലി ചെയ്യുന്ന കമ്പനി തന്നെയാണ് ഇക്കാമയും പുതുക്കുന്നത്. നിലവില്‍ പല കമ്പനികളും കൊറോണ, സ്വദേശിവല്‍ക്കരണ പ്രതിസന്ധികളും, സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്നതിനാല്‍, ജീവനക്കാരുടെ ഇക്കാമ സമയത്തു പുതുക്കാന്‍ കഴിയാതെ പോകുന്നുണ്ട്. ഇതിന്റെ ദുരിതം ഒരുപാടു പ്രവാസികള്‍ നേരിടുന്നുണ്ട്.

ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ഓരോ ഇന്ത്യന്‍ പൗരന്റെയും അവകാശമാണ്. ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് പുതുക്കുന്ന നടപടികളില്‍ ഒരു തരത്തിലും സൗദി സര്‍ക്കാരോ, അധികാരികളോ ഇടപെടുന്നില്ല. പൂര്‍ണ്ണമായും ഇന്ത്യന്‍ എംബസിയും, വിദേശകാര്യ മന്ത്രാലയവും മാത്രം നിയന്ത്രിയ്ക്കുന്ന നടപടിക്രമങ്ങള്‍ മാത്രമാണ് അതിലുള്ളത്. പിന്നെ എന്തിന്റെ പേരിലായാലും, ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് പുതുക്കുന്നതിന് കാലാവധി കഴിയാത്ത സൗദി ഇക്കാമ  നിര്‍ബന്ധിതമാക്കുന്നതിന് യാതൊരു യുക്തിയും ഇല്ല.

സ്വന്തമായി ഇക്കാമ പുതുക്കാന്‍ പ്രവാസിയ്ക്ക് നിയമപ്രകാരം സാധിയ്ക്കില്ല എന്നതിനാല്‍ തന്നെ, ഇക്കാമയുടെ കാലാവധി തീര്‍ന്നു പോകുന്നതിന് പ്രവാസിയെ സ്വന്തം പാസ്സ്പോര്‍ട്ട് പുതുക്കാന്‍ പോലും അനുവദിയ്ക്കാതെ ശിക്ഷിയ്ക്കുന്നത് അനീതിയാണ്. ഈ തല തിരിഞ്ഞ നിര്‍ദ്ദേശം കാരണം, ഒട്ടേറെ ഇന്ത്യന്‍  പ്രവാസികള്‍ ഇക്കാമ തീര്‍ന്നതിനാല്‍ പാസ്സ്പോര്‍ട്ട് പുതുക്കാനാകാതെ കഷ്ടപ്പെടുന്നുണ്ട്.

ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്, നവയുഗം കേന്ദ്രനേതൃത്വം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, സൗദിയിലെ  ഇന്ത്യന്‍ അംബാസ്സിഡര്‍ക്കും നിവേദനം നല്‍കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക