ഇന്ദ്രിയ നിഗ്രഹണം (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 19 January, 2022
ഇന്ദ്രിയ നിഗ്രഹണം (തൊടുപുഴ കെ ശങ്കർ മുംബൈ)

ഗൃഹ ജീവിതം പാടേ മടുത്തിട്ടൊരാൾ ഏതോ 
ഗുഹയിൽ പോയി തപസ്സിരിക്കാനുറപ്പിച്ചു!
‘ഏകാന്ത വാസം ചെയ്തു ലൗകിക ചിന്ത തെല്ലും 
ഏശാതെ യാത്മീയത്തിൽ ലീനനായ് കഴിയണം’!

പ്രകൃതി രാമണ്യമാമാവനാന്തര ഭൂവിൽ 
പ്രക്ഷുബ്ധ ചിത്തം പോലും പ്രശാന്തമാകും ക്ഷിപ്രം!
അരുകിൽ 'ഗുളു ഗുളു' പാടിക്കൊണ്ടൊഴുകുന്ന 
അരുവി, അതിൻ തീരത്തുലാത്തും കുരുവികൾ!

അകലെ യാകാശം തൊട്ടുരുമ്മും മാമലകൾ 
അകതാർ കുളുർപ്പിക്കും കണ്ണഞ്ചും പൂഞ്ചോലകൾ!
പ്രകൃതി ദേവി  സദാ  രമിക്കുമാരാമം പോൽ 
പ്രചുരം മനോഹര ദൃശ്യങ്ങൾ ഭൂഭംഗികൾ!

നിശ്ചയിച്ചുറച്ച പോൽ മറ്റെല്ലാം മറന്നിട്ടു 
നിശ്ചിത ദിവസമേ തുടങ്ങീ തപശ്ചര്യ!
ഏകാന്ത വാസം ലഭ്യമായിനിയനിവാര്യ  
ഏകാഗ്ര ചിത്തം കൂടിയുരുവാക്കണം മെല്ലെ!

കാട്ടിലെ പഴങ്ങളും കിഴങ്ങും നിത്യാഹാരം 
കാട്ടാറിലൊഴുകുന്ന ജലം താൻ ജലപാനം!
പുല്ലാം കുഴലൂതിയൊഴുകും കുളിർകാറ്റിൽ
ഇല്ലാതെയാകും ക്ഷീണം കൈവരും നവോന്മേഷം!

അസ്വസ്ഥ ചിത്തം ചിട്ടപ്പെടുത്തി ഉരുവാക്കാം 
അസാദ്ധ്യമായ് താൻ കാണും   സ്വസ്ഥതയുളവാക്കാം!
അകലെക്കാണും സ്വപ്നം കാലപ്പഴക്കം മൂലം 
അധികം വൈകാതെയേ യാഥാർത്ഥ്യമാകും  നാളെ!

കതിരോനുദിച്ചുയർന്നുയരും പ്രഭാതത്തിൽ 
കണ്ടയാളൊരു  യുവ സുന്ദരി പോകുന്നതാ!
അവളാവഴി വന്നാൽ കാണാതെയിരിക്കുവാൻ 
അടുത്ത ദിന മയാൾ കണ്ണുകൾ  മൂടിക്കെട്ടി!

അടുത്ത നാളുമവൾ ആ വഴി പോകുന്നേരം
കേട്ടയാൾ ചിലങ്ക തൻ ആരവം  ‘ജിലും ജിലും'!
മടിക്കാതുടനയാൾ കാതുകൾ മൂടിക്കെട്ടി 
കേട്ടതില്ലതിൽ പിന്നെ പാദസരത്തിൻ നാദം!

പിറ്റേന്നും കാലത്തവൾ പോകുമ്പോളവളുടെ 
പിന്നിയ മുടിയിലെ പൂമണം പരന്നെങ്ങും!
മൂക്കിനാ മണം വീണ്ടും അറിയാതിരിക്കുവാൻ 
മടിക്കാതയാൾ മൂക്കുമുടനെ മൂടിക്കെട്ടി!

അടുത്ത നാളാ നേര മായപ്പോൾ നിനച്ചയാൾ 
‘അവളീവഴിയിപ്പോൾ പോകുന്നുണ്ടായിരിക്കാം!'
കണ്ണുകൾ കാതും മൂക്കും മൂടിക്കെട്ടുവാനാകും
മനസ്സു മൂടിക്കെട്ടാ നാകുമോ ആർക്കെങ്കിലും?

പഞ്ചേന്ദ്രിയങ്ങളെത്ര മൂടിക്കെട്ടിയെന്നാലും 
അന്തരിന്ദ്രിയമാകും മനസ്സു മാനിക്കുമോ?
മനസ്സും മൂടിക്കെട്ടാം അതിനവശ്യം വേണം 
കനത്ത വൈരാഗ്യവും ഭക്തി ജ്ഞാനവും നൂനം!
 ----------------------  

 ഇന്ദ്രിയ നിഗ്രഹണം= ഇന്ദ്രിയ ബന്ധനം, അടിമത്വം (slavery) 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക