Image

കോടതി വിധി, ജനവിധി, ദൈവവിധി (നിരീക്ഷണം: സുധീർ പണിക്കവീട്ടിൽ)

Published on 20 January, 2022
കോടതി വിധി, ജനവിധി, ദൈവവിധി (നിരീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഇയ്യിടെ ഫ്രാങ്കോ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ജനരോഷം ആളിക്കത്തി. ഇപ്പോഴും അതടങ്ങിയിട്ടില്ല കാരണം ജനങ്ങൾക്ക് എല്ലാമറിയാമായിരുന്നു എന്നാൽ ന്യായാധിപൻ എല്ലാം മനസിലാക്കിയപോലെയല്ല വിധിച്ചത് എന്ന് ജനം വിശ്വസിക്കുന്നു. കോടതയിൽ തെളിവുകൾക്കാണ് പ്രധാനം. സത്യം അവിടെ ജയിക്കണമെന്നില്ല. ജനാധിപത്യ വ്യവസ്ഥയെ കൊഞ്ഞനംകുത്തുന്ന ഏർപ്പാടാണീ തെളിവുകൾ. മുട്ടു ന്യായങ്ങൾ. കോടതിയിൽ സമർത്ഥനായ വക്കീൽ വാദിച്ചാൽ കേസ് ജയിക്കാമെന്നു എല്ലാവരും കരുതുന്നു. പണ്ട് കാലത്ത് നടന്നൊരു കഥ കേട്ടിട്ടുണ്ട്. ഒരു ബലാൽസംഗപ്രതിയെ രക്ഷിക്കാൻ ഒരു വനിതാവക്കീൽ ജഡ്ജിയുടെ മുന്നിൽ ഒരു നാടകം അവതരിപ്പിച്ചു. അവർ ഒരു സൂചി തിരിച്ചുകൊണ്ടിരുന്നു. എന്നിട്ട് ഒരു നൂൽ അതിന്റെ കുഴയിൽ കൂടെ കടത്താൻ നോക്കി. കുറേനേരം ആ ആഭാസത്തരം അരങ്ങേറ്റിയിട്ട് ഒറ്റ ചോദ്യം കണ്ടോ  ബഹുമാനപ്പെട്ട ന്യായാധിപ നൂൽ സൂചിക്കുഴയിൽ കയറുന്നില്ല. സ്ത്രീ സമ്മതിക്കാതെ പുരുഷന് അവന്റെ ലിംഗം അവളുടെ യോനിയിൽ പ്രവേശിപ്പിയ്ക്കാൻ കഴിയില്ല. ജനം കയ്യടിച്ചു. ജഡ്ജി പ്രതിയെ വെറുതെ വിട്ടു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം ആ വനിതാ വക്കീലിന്റെ ഭർത്താവും ജഡ്ജിയും ഭാഗികമായി ലൈംഗികശേഷി കുറവുള്ളവരാണ്. അവർക്ക് ഭാര്യമാരുടെ സഹകരണവും സഹായവും ആവശ്യമാണ്. പുരുഷത്വമുള്ള വായനക്കാർക്കറിയാം നൂലിന് ബലമുണ്ടെങ്കിൽ സൂചി എങ്ങനെ മലക്കം  മറിഞ്ഞാലും കുഴയിലൂടെ കയറിയിരിക്കും. ഇങ്ങനെയാണ് കോടതികൾ ജനങ്ങളെ വിഢികളാക്കുന്നത്. അന്നത്തെ ഇരഭാഗം  വക്കീലും പുരുഷത്വമില്ലാത്തവനായിരിക്കും.


നാട്ടിലെ ദൃശ്യമീഡിയക്കാർ അവരുടെ ചാനലിന് റേറ്റിങ് കിട്ടാൻ വേണ്ടി എന്തും ചെയ്യുമെന്ന് പൊതുജനം ആലോചിക്കുന്നില്ല. ജനങ്ങളിൽ ഒരു വ്യാജപൊതുബോധം സൃഷ്ടിച്ച് ജനരോഷം ആളിക്കത്തിക്കുകയെന്നതാണ് മാധ്യമങ്ങൾ ചെയ്യുന്നത്.  വാസ്തവത്തിൽ മാധ്യമവിചാരണ എന്ന അപഹാസം നിയമപരമായി നിരോധിക്കേണ്ടതാണ്.  കോടതിയിൽ അന്വേഷിക്കേണ്ട കാര്യങ്ങൾ ഒരു അവതാരകൻ അന്വേഷിക്കുന്നു. അയാൾ ചോദ്യങ്ങൾ ചോദിക്കുന്നു. ഇരക്കും വേട്ടക്കാരനും വേണ്ടി സംസാരിക്കുന്നവരെ കൊണ്ടുവന്നിരുത്തുന്നു. അവരൊക്കെ പഠിച്ച വക്കീലന്മാരേപ്പോലെ കാര്യങ്ങൾ അവതരിപ്പിച്ച് കയ്യടി വാങ്ങുന്നു. ഇങ്ങനെയുള്ള അവതരണങ്ങളിൽ നമ്മൾ കാണുന്നത് പൊതുജനം ആരെ അനുകൂലിക്കുന്നു അവർക്കായി  മാദ്ധ്യമങ്ങൾ ഇടപെടുന്നു എന്നാണു.. അവർ കുറ്റക്കാരൻ ആരെന്നു വിധിച്ചുകൊണ്ട് അതിനു അനുകൂലമായ മറുപടികൾ അവർ കൊണ്ടുവരുന്ന ആളുകളിൽ നിന്നും ശേഖരിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അവർ കുറ്റക്കാരനെന്നു വിധിച്ച ആളുടെ വ്യക്തിപരമായ കാര്യങ്ങൾ വരെ വളരെ അവഹേളനയോടെ പറഞ്ഞു രസിക്കുന്നുവെന്നത് വേദനാജനകമാണ്.


ഷേക്സ്പിയർ എഴുതിയ കിംഗ് ഹെന്ററി സിക്സ്ത്  എന്ന നാടകത്തിന്റെ രണ്ടാം ഭാഗത്തിൽ ( Henry VI, Part 2, Act IV, Scene 2 ) അതിലെ ഒരു കഥാപാത്രമായ ഡിക് പറയുന്ന ഒരു സംഭാഷണം ഓർക്കുക.  ആദ്യമായ് നമ്മൾ ചെയ്യേണ്ടത് എല്ലാ വക്കീലന്മാരെയും കൊന്നുകളയുകയെന്നാണ്. (DICK. “The first thing we do, let's kill all the lawyers”.). ഷേക്സ്പിയർ മരിച്ചിട്ട് ഇപ്പോൾ 405 വർഷങ്ങൾ കഴിയുന്നു. വക്കീലന്മാരെ കൊന്നുകളയുക എന്നുപറയുന്ന കഥാപാത്രം ഒരു കൊലയാളിയാണ്. അതുകൊണ്ടു അദ്ദേഹത്തിന് വക്കീലന്മാരെ ഭയം കാണും. വിശ്വമഹാകവി വക്കീലന്മാരേ മാനിച്ചുകൊണ്ടെഴുതിയതായിരിക്കാമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അതിനോട് യോജിക്കാൻ ഭൂരിപക്ഷം തയ്യാറാണ്. പണവും പദവിയും മാത്രം ലക്ഷ്യമാക്കി നിയമത്തെ അമ്മാനമാടി കുറ്റാവാളികളെ രക്ഷിക്കുന്ന വക്കീലന്മാരെ കൊല്ലുക തന്നെയെന്ന് ജനം തീരുമാനിച്ചാൽ എന്ത് ചെയ്യാൻ സാധിക്കും. ഒരു നിശ്ചിത തുകയും ഒരു പേരുകേട്ട വക്കീലുമുണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും രക്ഷപ്പെടാമെന്നു ജനം അഹങ്കരിക്കുന്നത് നീതിന്യായവ്യവസ്ഥക്ക് മാനഹാനിയാണ്. ബിഷപ്പിന്റെ  വിചാരണയും കുറ്റവിമോചനം ചെയ്യലും കഴിഞ്ഞിട്ട് ഇപ്പോൾ ജനം കാത്തിരിക്കുന്നത് പ്രമുഖ മലയാള നടിയെ ആക്രമിച്ച കേസിലെ വിധിയാണ്.


മാധ്യമങ്ങൾ അവിടെനിന്നും ഇവിടെനിന്നും വിശ്വസനീയമായ വാർത്തകൾ കൊണ്ട് വന്നു പൊതുജനത്തിനെക്കൊണ്ട് വിധി പറയിച്ചുകഴിഞ്ഞു. ദിലീപ് കുറ്റവാളിയാണ്. ആയിരിക്കാം അല്ലായിരിക്കാം. ഇവിടെയാണ് നീതിദേവതയുടെ അന്ധത ജനങ്ങളെ സങ്കടപ്പെടുത്തുന്നത്. വെറും തെളിവിന്റെ ബലത്തിൽ കുറ്റവാളികൾ കയ്യും വീശി കോടതിമുറിയിൽ നിന്നും ഇറങ്ങിപ്പോകുന്ന കാഴ്ച. ഒറ്റക്കയ്യൻ ഗോവിന്ദചാമിയാണ് ആ പെൺകുട്ടിയെ കൊന്നത് എന്നു ജനങ്ങൾക്ക് വിശ്വസിക്കത്തക്ക തെളിവുകൾ മാധ്യമങ്ങളിൽ നിന്നും കിട്ടിയിരുന്നു. അപ്പോൾ അതാ പ്രബലനായ ഒരു വക്കീൽ വന്നു അയാളെ രക്ഷിച്ചുകൊണ്ടുപോകുന്നു. തെളിവുകൾ മാത്രം മതിയെയെങ്കിൽ പിന്നെ സത്യത്തിനു എന്ത് വില. കോടതികളിൽ പോയി നീതികിട്ടിയവർ കുറവാണെങ്കിലും കോടതികൾ വക്കീലന്മാരുടെ കീശ വീർപ്പിച്ചുകൊടുത്തുവെന്നത് സത്യമാണ്. അപ്പോൾ പിന്നെ ഭൂരിപക്ഷം ജനങ്ങളിൽ ഒരു ചെറിയശതമാനം ആഗ്രഹിച്ചുപോവില്ലേ വിശ്വമഹാകവി പറഞ്ഞ കാര്യം സാദ്ധിച്ചെങ്കിൽ എന്ന്. 


പൊതുജനം കന്നിപ്പട്ടിയാണെന്ന് പറഞ്ഞയാൾ ആരായാലും അയാൾ സമർത്ഥനാണ്. വെറുതെ കുരച്ചുകൊണ്ട് നടക്കയും ഏതെങ്കിലും പെൺപട്ടിയെകണ്ടാൽ എല്ലാം മറന്നു ഇണചേർന്നു പിന്നെ പിരിയാനാകാതെ മാലോകരുടെ  മുന്നിലൂടെ നാണം കേട്ട് നടക്കയും ചെയ്യുന്നു. ഓരോ വിധി വരുമ്പോഴും മാധ്യമങ്ങളിൽ കുര കേൾക്കാം,. കുര കേൾക്കുന്ന തമ്പ്രാക്കൾ പറയുന്നത് പട്ടി കുരച്ചാൽ  പടി തുറക്കുമോ എന്നാണു.  അതായത് കുറ്റം ചെയ്തവർക്ക് രക്ഷപെടാനുള്ള മാർഗമുണ്ട്.


ജനങ്ങൾ ജനങ്ങളെ ഭരിക്കാൻ ഒരാളെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടാൽ അവൻ ഭസ്മാസുരനായി തിരഞ്ഞെടുത്തവരെ പിഴിയുന്നു. ഭസ്മാസുരനെ നിഗ്രഹിക്കാൻ ഒരു മോഹിനി അവതരിക്കുന്നില്ല. ജനം ജനാധിപത്യമെന്ന മരീചികക്ക് പുറമെ ദാഹിച്ച് വലഞ്ഞു തളർന്നുവീഴുന്നു. അവരുടെ തലമുറയും അങ്ങനെ. ജനങ്ങൾക്ക് ഇങ്ങനെ മാദ്ധ്യമങ്ങൾക്ക് മുന്നിലിരുന്നു ആശ്വസിക്കാം. ഇപ്പോൾ കുറ്റവാളിയെ കോടതി രക്ഷിക്കുമെന്ന വ്യാമോഹം. ജനവിധിയും കോടതി വിധിയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. പ്ലേറ്റോ ജനാധിപത്യത്തെ അംഗീകരിച്ചിരുന്നില്ല.  അദ്ദേഹം പറഞ്ഞത് ഒരു തത്വജ്ഞാനി ഭരിക്കണമെന്നാണ്. തത്വചിന്തകരായ രാജാക്കന്മാർ. യഥാർത്ഥ തത്വജ്ഞാനി അറിവിനെ സ്നേഹിക്കയും സത്യമായ യാഥാർഥ്യങ്ങളെ അന്വേഷിക്കുന്നവനുമാകും. കറയറ്റ വിജ്ഞാന സ്നേഹം ജഡമോഹങ്ങളിൽ നിന്ന്, ഭൗതികമോഹങ്ങളിൽ നിന്ന്, ഭീരുത്വത്തിൽ  നിന്ന് അയാളെ അകറ്റി നിർത്തുന്നു.

ദുഷിച്ചനേതൃത്വത്തെ സൃഷ്ടിക്കുന്ന എല്ലാ ആഗ്രഹങ്ങളിൽ നിന്നും താൽപര്യങ്ങളിൽ നിന്നും മോചിതനായ ഒരു വ്യക്തിയായിരിക്കും അയാൾ. അങ്ങനെയുള്ള വ്യക്തികൾ ഭാരതത്തിൽ ജനിക്കുന്നുണ്ട് പക്ഷെ അത്തരക്കാരെ അഴിമതിക്കാരും ദുർനടപടിക്കാരും നിശ്ശബ്ദരാക്കുന്നു.


പിന്നെയുള്ളത് ദൈവവിധിയാണ്. അത് പിന്നെ അങ്ങേരു മനുഷ്യർ ആഗ്രഹിക്കുന്നപോലെയല്ലല്ലോ വിധിക്കുക. മിക്കവാറും ദുഷ്ടന്മാർ വിജയിക്കും. പക്ഷെ ഒരു കാര്യം ദൈവം മനുഷ്യന് ഉറപ്പു കൊടുക്കും. ഞാൻ അവനെയൊക്കെ പിന്നീട് കണ്ടോളാമെന്നു. എന്തൊരു ഔദാര്യം. അമ്പിളി മാമനെ പിടിച്ചുകൊടുക്കാമെന്നു മാതാപിതാക്കൾ പറയുമ്പോൾ അത് വിശ്വസിച്ച് നിഷ്ക്കളങ്കമായി പുഞ്ചിരിക്കുന്ന കുട്ടികളെപ്പോലെ പാവം മനുഷ്യർ അതുകേട്ട് സംതൃപ്തരാകുന്നു. സുഗതകുമാരിയുടെ ഒരു കവിതയുണ്ട്. പാവം മാനവഹൃദയം. ഭാരതീയാചാര്യന്മാർ പറഞ്ഞു വച്ചിട്ടുണ്ട്. സത്യത്തെ ഒരു സ്വർണ്ണപാത്രം കൊണ്ട് മൂടിവച്ചിരിക്കുന്നുവെന്നു. ഇതിന്റെ ബൃഹത്തായ അർഥം തേടി തല പുണ്ണാക്കുന്നതിനു പകരം തൃശൂർക്കാരൻ ലോനപ്പേട്ടൻ പറഞ്ഞ അർഥം മനസ്സിലാക്കിയാൽ മതി. അതായത് " എന്തുട്ട് സത്യം, നീ സ്വര്ണ്ണം സ്വർണം എന്ന് കേട്ടിട്ടിണ്ട അതായത് പണം. പണം ണ്ടെങ്കിൽ ഒരു സത്യവുമില്ല. ഈ സത്യത്തിനു പണത്തിന്റെ ചോട്ടിലിരിക്കാൻ ഇഷ്ടം.” ശരിയാണ് പണം കൊണ്ട് ഇന്ന് മനുഷ്യൻ സത്യത്തെ മൂടി വയ്ക്കുന്നു. സത്യം എന്താണെന്ന് കേട്ടുകേൾവിപോലുമില്ലാത്ത കലിയുഗത്തിലെ ഒരു കവി ചോദിച്ചു.
സ്വർഗ്ഗവാതിൽപ്പക്ഷി ചോദിച്ചു
ഭൂമിയിൽ സത്യത്തിനെത്ര വയസ്സായി
അബ്‌ധിത്തിരകൾ തൻ വാചാലതയ്ക്കതി
ന്നുത്തരമില്ലായിരുന്നൂ
ഉത്തുംഗവിന്ധ്യഹിമാചലങ്ങൾക്കതി
ന്നുത്തരമില്ലായിരുന്നു (സ്വർഗ്ഗ...)
ദിലീപ്-നടി കേസിൽ ബാലചന്ദ്രകുമാർ എന്ന മനുഷ്യൻ ദൈവമായി പ്രത്യക്ഷപ്പെട്ടുവെന്നൊക്കെ നാട്ടിലെ ജനങ്ങൾ ആശ്വാസപെരുമ്പറ മുഴക്കുന്നുണ്ട്. ഒരു സഹോദരിയുടെ മാനം നഷ്ടപ്പെട്ടതിൽ ഖേദം പൂണ്ട ഒരു സഹോദരൻ രംഗത്തുവന്നുവെന്നൊക്കെ മാധ്യമവിചാരണവേളകളിൽ സഹോദരി സ്നേഹം തുളുമ്പുന്നവർ തട്ടിവിടുന്നുണ്ട്. ഈ ലോകത്തിൽ ഭാരതത്തിൽ മാത്രമാണ് രാഖി എന്ന സമ്പ്രദായം നിലവിലുള്ളുവെന്നു കരുതുന്നു.  സഹോദരിക്ക് സുരക്ഷ ഉറപ്പു വരുത്തുന്ന ആഘോഷം. അപ്പോൾ ബാലചന്ദ്രകുമാറിനെ അനുമോദിക്കേണ്ടതുണ്ട്.


ബാലചന്ദ്രകുമാർ എന്തുകൊണ്ട് തെളിവുകൾ നൽകാൻ വൈകിയെന്നതിനു ഒരു ഉത്തരം നമുക്ക് ഊഹിക്കാം. ഒരു പക്ഷെ ദിലീപ് കേസിൽ നിന്നും  രക്ഷപ്പെടുമെന്ന സംശയം വന്നപ്പോൾ തൻെറ കയ്യിലുള്ള തെളിവുകൾ ഹാജരാക്കിയതാകാം. രക്ഷപ്പെടുന്നില്ലെങ്കിൽ പിന്നെ തെളിവുകൾ ആവശ്യമില്ലല്ലോ. അങ്ങനെയെങ്കിൽ ലോകചതിയൻ എന്നൊരു ദുഷ്പ്പേര് കേൾക്കാതെയുമിരിക്കാം.. ഇപ്പോൾ ഉണ്ട ചോറിനു നന്ദികാണിക്കാത്തവൻ എന്ന് ചിലർ പറയുമ്പോഴും ഒരു സഹോദരിയുടെ മാനം കവർന്നവരെ ശിക്ഷിക്കാനല്ലേ  എന്ന ആശ്വാസം പുലർത്തുന്നവരുമുണ്ട്. എന്തായാലും നാലുകൊല്ലങ്ങളായി ഇല്ലാത്ത സഹോദരി സ്നേഹം കൊണ്ട് കേരളം പച്ചപിടിക്കുന്നു. പാദസരമണിഞ്ഞ പാദങ്ങൾ കൊണ്ട് പെൺകുട്ടികൾ സ്പർശിച്ചാൽ പൂവണിയുന്ന അശോകമരമുള്ള നാട്. സഹോദരിമാർ പ്രശസ്തരും പണക്കാരുമായാലാണ് അവരുടെ മാനത്തിനു വില; അല്ലാതെ പാവപ്പെട്ടവരായാൽ ആരും തിരിഞ്ഞുനോക്കില്ലെന്നുള്ളതും നമ്മെ അത്ഭുതപ്പെടുത്തുന്നു. എത്രയോ നിരപരാധികളായ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്നു.  ആർക്കും അതിൽ വിഷമമില്ല. നടിയുടെ കേസിൽ ജനങ്ങൾക്ക് താൽപ്പര്യം ദിലീപ് ശിക്ഷിക്കപെടുകയെന്നാണ്. അല്ലാതെ നടിയോടുള്ള ആത്മാര്ഥതയോ സ്നേഹമോ അല്ലെന്നു പ്രകടമാണ്. എന്തായാലും ജനപ്രിയ നായകനെ നായകനാക്കി ജനങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന സിനിമയുടെ പ്രദർശനം അടുത്തു വരുന്നു. ശേഷം വെള്ളിത്തിരയിൽ. 


ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക