കമ്മ്യൂണിസ്റ്റുകളുടെ  ചൈനാ പ്രേമം (ലേഖനം: സാം നിലംപള്ളിൽ)

Published on 20 January, 2022
കമ്മ്യൂണിസ്റ്റുകളുടെ  ചൈനാ പ്രേമം (ലേഖനം: സാം നിലംപള്ളിൽ)

മോസ്കോയിൽ  മഴപെയ്യുംപോൾ   കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ  കുടപിടുക്കുമെന്ന് കളിയായി പറയാറുണ്ടായിരുന്നു. അത് പണ്ട് സോവ്യറ്റ് യൂണിയൻ  നിലനിന്നിരുന്ന കാലത്തായിരുന്നു. ഇന്നിപ്പോൾ  സോവ്യറ്റ് യൂണിയന്റെ സ്ഥാനത്ത് ചൈനയാണെന്നു മാത്രം. അവര്ക്ക് രോമാഞ്ചം കൊള്ളാന് ആരെങ്കിലും വേണമല്ലോ. മാതൃരാജ്യത്തിന്റെ കാര്യത്തിൽ  അതില്ലെങ്കിലും.62 ല് ചൈന  ഇന്ത്യയെ  ആക്രമിച്ചപ്പോൾ  "ഞങ്ങൾ  കമ്മ്യൂണിസ്റ്റുകാർ  ചൈനക്കൊപ്പം നിലകൊണ്ടിരുന്നെന്ന്" നടൻ  ശ്രീനിവാസൻ  അറബിക്കഥയെന്ന സിനിമയിൽ  ഒരു ചൈനീസ്പെണ്കുട്ടിയോട് പറയുന്നുണ്ട്.

സിനിമയിലെ കാര്യമാണെങ്കിലും അതിലൊരു പരമാര്ത്ഥമുണ്ടെന്ന് ആര്ക്കാണ് അറിയാൻ  വയ്യാത്തത്. അതൊരു പഴയ കഥയാണെങ്കിലും പുതിയ കാലത്തും കമ്മ്യൂണിസ്റ്റുകൾ  പണ്ടത്തെ മൂരാച്ചിനിലപാടുകൾ  വച്ചുപുലര്ത്തുന്നുണ്ടെന്നുള്ളതിന്റെ തെളിവാണു എസ്. രാമചന്ദ്രന്പിള്ളയെന്ന കമ്മ്യൂണിസ്റ്റുകാരൻ  ചൈനയെ പുകഴ്ത്തിയും  ഇന്ത്യയെ  ഇകഴ്ത്തിയും സംസാരിച്ചത്.

'മധുര മനോജ്ഞ ചൈനയെ' ഇന്ത്യയും  അമേരിക്കയും ആസ്ട്രേലിയയും ജപ്പാനും കൂടി വളഞ്ഞ് ശ്വാസം മുട്ടിക്കയാണന്നാണ് പിള്ള സഖാവിന്റെ ആക്ഷേപം. ചൈന അനുഭവിക്കുന്ന ശ്വാസംമുട്ടൽ  ഇന്ഡ്യയിലെ കമ്മ്യൂണിസ്റ്റുകാരും അനുഭവിക്കുന്നുണ്ട്. എത്രനാളെന്നു കരുതിയാ ശ്വാസം പിടിച്ച് നില്ക്കുന്നത്?

അതുകൊണ്ടാണ് പിള്ള വെടി പൊട്ടിച്ചത്. ഇതുകേട്ടാൽ  ഏത് ചൈനാപ്രേമിക്കാണ് കുളിരു കോരിയിടാത്തത്?  പിണറായി വിജയൻ  ചൈനാപ്രേമിയെ അത്രയങ്ങ് അനുകൂലിച്ചില്ലെങ്കിലും അമേരിക്കയെ പതിവുപോലെ ചവിട്ടാൻ  അവസരം വിനിയോഗിച്ചു. സാമ്രാജ്യത്വ  (അമേരിക്കയെ ആണ് ഉദ്ദേശിച്ചത്) ശക്തികളെ ചൈന വേണ്ടവിധം പ്രതിരോധിക്കുന്നില്ല എന്നാണ് വിജയന് സഖാവിന്റെ ഭാഷ്യം. ഈ പിന്തിരിപ്പൻ  സാമ്രാജ്യത്തേക്കാണ് അദ്ദേഹം ചികിത്സ തേടി വന്നിരിക്കുന്നത്. എന്തുകൊണ്ട് മഥുര മനോജ്ഞ ചൈനയിലേക്ക് പോയില്ല എന്ന് മന്ദബുദ്ധികളായ ഞങ്ങള്ക്ക് സംശയം.  അതവിടെ നില്കട്ടെ. അദ്ദേഹം സുഖം പ്രപിച്ച് തിരികെ പോകട്ടെയെന്ന് ആശംസിക്കുന്നു.

ലോകത്തിലൽ  രണ്ടുരാജ്യങ്ങളാണ് ശത്രുക്കളാൽ  ചുറ്റപ്പെട്ടത്. ഇന്ത്യയും  ഇസ്രായേലും. ഈ രണ്ടുരാജ്യങ്ങളെയും നിങ്ങൾ  കമ്മ്യൂണിസ്റ്റുകാർ  വെറുക്കുന്നു, അവരുടെ ശത്രുക്കളോട് സഹതപിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ അതിര്ത്തി  തോണ്ടുന്ന ചൈനയെ നിങ്ങള് വാഴ്ത്തുന്നത്  ഏത് അര്ഥത്തിലാണ്,

കമ്മ്യൂണിസത്തിന്റെപേരിലാണോ? ചൈനയിലെ കമ്മ്യൂണിസം പേരിൽ  മാത്രമേയുള്ളു. ജനങ്ങളുടെ വായടപ്പിക്കാനുള്ള ആയുധം. അവിടെ അമേരിക്കയിലെക്കാൾ വലിയ ക്യാപ്പിറ്റലിസമാണ് ഇപ്പോള് നടമാടുന്നത്. നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ  വെറുക്കുന്ന തരത്തിലുള്ള ഫാസിസ്റ്റ് മുതലാളിത്തരാജ്യമാണ് ചൈന. കമ്മ്യൂണിസം പ്രായോഗികമല്ലെന്ന് മനസിലാക്കി അമേരിക്കൻ  ക്യാപ്പിറ്റലിസം സ്വീകരിച്ചതിന്റെ ഫലമായാണ് ആ രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്നത്. താങ്കള്ക്ക് ഇക്കാര്യങ്ങളെല്ലാം ഞങ്ങളേക്കാൾ  ഭംഗിയായി അറിയാം. എന്നിട്ടും നിങ്ങൾ  ചൈനയെ പുകഴ്ത്തുന്നത് വെറും കാപട്യമല്ലേ?

തൊഴിലാളി സ്നേഹം പുലര്ത്തുന്ന താങ്കൾ  ഒരുകാര്യം മനസിലാക്കുക., മുതലാളിയില്ലാതെ തൊഴിലാളി ഉണ്ടാവുകയില്ല. ഇന്ന് ചൈനയിൽ  മുതലാളിമാരുടെ എണ്ണം വളരെ കൂടുതലാണ്.
 
പിണറായി ഇത് വായിക്കുമെങ്കിൽ  പറയട്ടെ. ഞങ്ങൾ  ഫാസിസ്റ്റ്അമേരിക്കയിൽ  ജീവിക്കുന്നവർ  കേരളത്തിലുള്ള ഏതൊരാളെക്കാളും സന്തോഷവാന്മാരാണ്. ജോലിചെയ്യുക സന്തോഷവാന്മാരായി ജീവിക്കുക എന്ന പാഠമാണ് അമേരിക്ക പഠിപ്പിക്കുന്നത്. മെയ്യനങ്ങാതെ നോക്കുകൂലിവാങ്ങി സര്ക്കാർ  ദാനംചെയ്യുന്ന കിറ്റുകൊണ്ട് ജീവിക്കുന്ന താങ്കളുടെ അനുയായികളുടെകൂട്ടല്ല അമേരിക്കയിൽ  ജീവിക്കുന്ന ഞങ്ങൾ .  

ജന്മനാടാണെങ്കിലും കേരളത്തിലേക്ക് വരാൻ  തീരെ താത്പര്യം ഞങ്ങള്ക്കില്ല. ഞങ്ങളുടെ ബന്ധുക്കൾ  അവിടെ ജീവിക്കുന്നതുകൊണ്ടാണ് മനസില്ലാമനസോടെ വല്ലപ്പോഴും അങ്ങോട്ട് വരുന്നത്. വന്നാൽ  എത്രയും പെട്ടന്ന് തിരികെ പോരാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളുടെ മക്കളും കൊച്ചുമക്കളും യാതൊരു കാരണവശാലും കേരളത്തിലേക്ക് ടൂറിസ്റ്റുകളായി പോലും വരില്ല. നിങ്ങള് രാഷ്ട്രീയക്കാര് നാടിനെ അത്രക്കങ്ങ് നശിപ്പിച്ചു. എല്ലാ പാര്ട്ടിക്കാരെയുമാണ് ഞാൻ  ഉദ്ദേശിച്ചത്.താങ്കൾ  അവസരം കിട്ടുമ്പോളെല്ലാം അമേരിക്കയെ അധിക്ഷേപിക്കുന്നതുകൊണ്ട് പറയുകയാണ്. ഇത് ഭൂമിയിലെ സ്വര്ഗ്ഗമാണ്. ഇവിടെ ജീവിക്കാൻ  സാധിച്ച ഞങ്ങൾ  ഭാഗ്യവാന്മാരാണ്. കേരളത്തിൽ  കഴിയാൻ  വിധിക്കപ്പെട്ട ഞങ്ങളുടെ സഹോദരങ്ങളേയും ബന്ധുക്കളെയും ഓര്ക്കുംപോൾ  സങ്കടമുണ്ടെങ്കിലും.

നിങ്ങൾ  പാടിപുകഴ്ത്തുന്ന ചൈന ലോകത്തിനിന്ന് ഭീഷണിയാണ്. കൊറോണ വൈറസ്സിനെ തുറന്നുവിട്ട് ലോകരാജ്യങ്ങളെ നാശത്തിലേക്ക് അയച്ച ചൈന വെറുക്കപ്പെട്ട രാജ്യമാണ്. കൊറോണ  വൈറസ്സ് വുഹാനിലെ ലാബിൽ  അവര് സൃഷ്ട്ടിച്ചെടുത്ത രാസായുധമാണ്. ഒരു നാച്ചുറൽ  വൈറസ്സ് ഇതുപോലെ ലോകം മൊത്തം വ്യാപിക്കയില്ല. വൈറസ്സുകൾ  പലരാജ്യങ്ങളിലും ഉടലെടുക്കാറുണ്ട്. അതെല്ലാം അത് എവിടെ ഉടലെടുത്തോ അവിടെത്തന്നെ അമര്ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണം കോഴിക്കോട്ടെ നിപ്പ വൈറസ്സ്. ആഫ്രിക്കയിലെ എബോള. ദുഷ്ടബുദ്ധി ഇല്ലായിരുന്നെങ്കിൽ  ചൈനക്ക് കൊറോണയെ വുഹാനിൽ തന്നെ  തളക്കാമായിരുന്നു. പക്ഷേ, അവരുടെ ബുദ്ധി മറ്റൊരുവഴിക്കാണ് ചിന്തിച്ചത്.

കൊറോണ വൈറസ്സിനെ ഉപയോഗിച്ച് അമേരിക്കയെയും യൂറോപ്പിനെയും തളര്ത്താം. അങ്ങനെ എതിരാളിയില്ലാത്ത ലോകശക്തിയായി മാറാം. ലോകരാജ്യങ്ങളെ തങ്ങളുടെ ചൊല്പടിയിൽ  നിറുത്താം. ഇത്രയും ദുഷ്ടബുദ്ധിയുള്ള മറ്റൊരു രാജ്യം ലോകത്ത് വേറെയില്ല. അങ്ങനെയുള്ള ഒരു രാജ്യത്തെയാണ് നിങ്ങൾ  ഇന്ഡ്യൻ  കമ്മ്യൂണിസ്റ്റുകൾ  വാഴ്ത്തുന്നത്. നിങ്ങള്ക്ക് നല്ലബുദ്ധി ഉദിക്കുമെന്ന പ്രതീക്ഷ ഞങ്ങള്ക്കില്ല

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക