ചോര ( കവിത : കിനാവ് )

Published on 20 January, 2022
ചോര ( കവിത : കിനാവ് )

ഒരേ കായൽ
രണ്ടു പാലങ്ങൾ
ഒന്നിൽ 
ഞാൻ ബസ്സിൽ
വടക്കോട്ട് 

തിരികെ
തീപ്പെട്ടികൾ
കെട്ടിവലിച്ചുകൊണ്ടുപോകുന്നപോൽ
തീവണ്ടി
തെക്കോട്ട് 

ഇതിൽ
ഞാനും
കുറെ
അപരിചിതരും 

അതിൽ 
കുറെ ഞാനും 

നാളെ
ഞാൻ
തെക്കോട്ട് 

ഇടയിലെപ്പോഴോ
സൂര്യനുറങ്ങുകയും
ഞാനുണരുകയും
ചെയ്യുന്നു. 

ഒന്നുമറിയാത്തതുപോലെ
പകലും
പകലൊച്ചകളും
രാത്രിയും
രാത്രിമൗനങ്ങളും
ആവർത്തനങ്ങളാകുന്നു 

അതിനിടയിലെ
പകലിൽ
അവർ
അവനെ 
കലാലയപ്പടിയിൽ
കുത്തിക്കൊല്ലുന്നു 

അമ്മ കരയുന്നു 

അവർ
പൊട്ടിച്ചിരിച്ച്
ചോരക്കറ
കഴുകിക്കളയുന്നു 

പുതിയ
ചുടുരക്തം
തേടുന്നു 

പകലിൽ
ഇരുട്ടു കനക്കുന്നു.
അവന്റെ നിലവിളിയും
അടുക്കളയിൽനിന്നുള്ള
കരച്ചിലും
പൊങ്ങുന്നു. 

ഒന്നുമറിയാത്ത
കായൽപ്പാലം
അതേ കിടപ്പാണ് 

അക്കരയ്ക്കും
ഇക്കരയ്ക്കും
ബസ്സും തീവണ്ടിയും
അതേ യാത്രയിലാണ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക