വൈറ്റ് ഹൌസിൽ ഒരു വർഷം:   പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുമെന്ന് ബൈഡൻ 

Published on 20 January, 2022
വൈറ്റ് ഹൌസിൽ ഒരു വർഷം:   പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുമെന്ന് ബൈഡൻ 

വാഷിംഗ്ടൺ, ജനുവരി 20:  അധികാരമേറ്റ ഒരു വര്ഷം ഇന്ന് പൂർത്തിയാക്കിയ പ്രസിഡന്റ് ജോ ബൈഡൻ പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുമെന്ന്   പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച്  വോട്ടർമാർ ആശങ്ക  പ്രകടിപ്പിക്കുകയും വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും കുതിച്ചുയരുന്ന വിലകൾ നിയന്ത്രിക്കാനുമുള്ള  ബൈഡന്റെ  കഴിവിനെ സംശയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതിജ്ഞ. 

ഡിസംബറിൽ  സിഎൻബിസി നടത്തിയ വോട്ടെടുപ്പിലാണ് ബൈഡൻ ഭരണകൂടം കഴിഞ്ഞ ഒരുവർഷമായി  സാമ്പത്തിക പ്രശ്നങ്ങൾ കൈകാര്യം ചെയ്ത രീതികളോട്  പകുതിയിലധികം അമേരിക്കൻ വോട്ടർമാർ അതൃപ്തി അറിയിച്ചത്. സർക്കാർ സാമ്പത്തിക നയങ്ങളിൽ അമേരിക്കൻ ജനങ്ങൾക്കുള്ള വിശ്വാസം 2014 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. ഉപഭോക്തൃ വില സൂചിക ഡിസംബറിൽ ഒരു വർഷം മുമ്പുള്ളതിനേക്കാൾ 7 ശതമാനം ഉയർന്നു, 1982 ജൂണിന് ശേഷമുള്ള ഏറ്റവും വലിയ  വർദ്ധനവാണിതെന്ന്, യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തു.

73 ശതമാനം വോട്ടർമാർ യുഎസ് സമ്പദ്‌വ്യവസ്ഥ മോശമാണെന്നോ  അത്ര നല്ല നിലയിലല്ല എന്നോ അഭിപ്രായപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില  കൈകാര്യം ചെയ്തതിൽ 72 ശതമാനം വോട്ടർമാരും വിയോജിച്ചു, മൂന്നിലൊന്ന് വോട്ടർമാരും വിലക്കയറ്റത്തിന്റെ പേരിൽ ബൈഡനെ കുറ്റപ്പെടുത്തി. വോട്ടെടുപ്പിന്റെ ഫലമായി, അടുത്ത വർഷം സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് പ്രസിഡന്റ്.

പണപ്പെരുപ്പത്തെ ചെറുക്കാനുള്ള സെൻട്രൽ ബാങ്കിന്റെ പദ്ധതിയെ പ്രസിഡന്റ്  ബുധനാഴ്ച പിന്തുണച്ചു.
കോവിഡ് മൂലം  ലോക സമ്പദ്‌വ്യവസ്ഥയിലുടനീളം ദ്രുതഗതിയിലുള്ള വിലക്കയറ്റവും  നിരവധി സാമ്പത്തിക സങ്കീർണതകളും ഉണ്ടായിട്ടുണ്ടെന്ന് ബൈഡൻ പറഞ്ഞു. സുസ്ഥിരമായ വില ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ ഭരണകൂടത്തിന്റെ  ആദ്യ വർഷത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം  വ്യക്തമാക്കി.

പാൻഡെമിക്കിന്റെ തുടക്കത്തിൽ നടപ്പിലാക്കിയ അൾട്രാ-ലൂസ് മോണിറ്ററി പോളിസിയിൽ നിന്ന് പുറത്തുകടക്കുന്നതിനാൽ മാർച്ച് പകുതിയോടെ  അസറ്റ് പർച്ചേസ് പ്രോഗ്രാം അവസാനിപ്പിക്കാനാകുമെന്നും ബൈഡൻ സൂചന നൽകി.

വിതരണ ശൃംഖല ശരിയാക്കുക, ബിൽഡ് ബാക്ക് ബെറ്റർ എന്ന പദ്ധതി പാസാക്കുക, മത്സരം പ്രോത്സാഹിക്കുക  എന്നിങ്ങനെ  യുഎസ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതിനുമായി ബൈഡൻ മൂന്ന് ഭാഗങ്ങളുള്ള പദ്ധതിയും ആവിഷ്‌കരിച്ചു.

അമേരിക്കൻ ജനതയ്ക്ക് ചരക്കുകളും സേവനങ്ങളും ആവശ്യാനുസരണം എത്തിച്ചുകൊണ്ട് കൂടുതൽ ശേഷിയും  കൂടുതൽ ഉൽപ്പാദനക്ഷമതയുമുള്ള സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതാണ് ഉയർന്ന വിലകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാർഗമെന്നും ബൈഡൻ വിലയിരുത്തി.

അമേരിക്കൻ ഉപഭോക്തൃ വികാര സൂചിക ജനുവരി ആദ്യ പകുതിയിൽ 68.8 ആയി കുറഞ്ഞു, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെക്കുറിച്ച് ജനങ്ങൾ  ആശങ്കാകുലരാണെന്ന് കഴിഞ്ഞ ആഴ്ച മിഷിഗൺ സർവകലാശാല റിപ്പോർട്ട് ചെയ്തു.

ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകളും സാമ്പത്തിക രംഗത്തെ സാരമായി ബാധിച്ചു എന്ന്  ചീഫ് ഇക്കണോമിസ്റ്റ് റിച്ചാർഡ് കർട്ടിൻ പ്രസ്താവനയിൽ പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ  കുടുംബ വരുമാനം പണപ്പെരുപ്പത്തെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉപഭോക്താക്കളുടെ ശരാശരി 36.1 ശതമാനമായി കഴിഞ്ഞ മൂന്ന് മാസമായി തുടരുന്നതിനാൽ  അടുത്ത രണ്ട് വർഷങ്ങളിൽ ഉപഭോക്താക്കളുടെ  ആത്മവിശ്വാസം തകരാൻ സാധ്യതയുണ്ടെന്നും സാമ്പത്തികവിദഗ്ധർ പറയുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക