പെരുമഴക്കാലമകലുമ്പോൾ: കഥ, മിനി സുരേഷ്

Published on 20 January, 2022
പെരുമഴക്കാലമകലുമ്പോൾ: കഥ, മിനി സുരേഷ്
 
 
 
 
കാലം തെറ്റി വന്നൊരു പെരുമഴക്കാലം.സന്ധ്യ മയങ്ങും മുൻപേ മാനത്ത് ഇരുണ്ട മേഘങ്ങൾ ഉരുണ്ടു കൂടി രാത്രിയെ നേരത്തെ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
നിഴലും,വെളിച്ചവും സ്വൈരവിഹാരം നടത്തുന്ന കടത്തിണ്ണയിലേക്ക് ഓർക്കാപ്പുറത്താണൊരു കൊള്ളിയാൻ ആഞ്ഞു വീശിയത്. കടത്തിണ്ണയുടെ ഒരു മൂലക്ക് പതുങ്ങിയിരുന്ന സെലീന അറിയാതെഞെട്ടി വിറച്ചുപോയി.ഫീൽഡിൽ ഇറങ്ങിയ
കാലത്ത് ഇതു പോലെയുള്ള കാത്തിരുപ്പുകളിൽ
നിഴലുകൾ പോലും ഭയപ്പെടുത്തുമായിരുന്നു. പിന്നെയെല്ലാം ശീലമായി.
കുളിരുന്നുണ്ട്. പക്ഷേ സങ്കടങ്ങളും,വിശപ്പിന്റെ
വിളികളുമെല്ലാം എത്ര മഴ പെയ്താലും ഒലിച്ചുപോകില്ലല്ലോ.
ചെറുപ്പത്തിൽ മഴ കാണുന്നത് എന്തിഷ്ടമായിരുന്നു.
മഴവെള്ളം തട്ടിത്തെറിപ്പിച്ച്  നനഞ്ഞു കുതിർന്ന് വീട്ടിലെത്തിയാലും  കടലാസു വഞ്ചിയുമായി മുറ്റത്തേക്ക് ഓടാനായിരുന്നു തിരക്ക്. വളർന്നപ്പോൾ ഒറ്റ മുറി വീടിന്റെ ജനാലയിലൂടെ മഴയെ കണ്ണിലേക്കും മനസ്സിലേക്കും ആവാഹിക്കുവാനായിരുന്നു ഇഷ്ടം.
 
അങ്ങനെ ഓരോന്നോർത്ത്  പതുക്കെ മയങ്ങിത്തുടങ്ങിയപ്പോഴാണ് അവളുടെ കാത്തിരിപ്പിന് ഒരറുതിയെന്നോണം അയാളെത്തിയത്. നല്ല തടിയും ,ഉയരവുമുള്ള ഒരാൾ. ഇന്നിനി ഇയാളുടെ എല്ലാ ഉന്മാദത്തിരകളും വേലിയേറ്റം നടത്താനുള്ള തന്റെ തളർന്ന ശരീരത്തെ ആയാസപ്പെട്ട് നിവർത്തിയിട്ട് ചുണ്ടിലൊരു ശ്യംഗാരച്ചിരി പതിച്ച് വച്ച് അവൾ പറഞ്ഞു"ഇരുനൂറ്റമ്പത്. മുമ്പേ കണക്കു തീർക്കണം"
ആവശ്യങ്ങൾ ആടിത്തിമിർത്ത് കഴിയുമ്പോൾ രാത്രിയുടെ യാമങ്ങളിൽ ഓടി മറയുന്നവരാണധികവും.
"ഇവിടെ വേണ്ട ,പരിചയക്കാർ ആരേലും കാണും. ഏതേലും ഒഴിഞ്ഞ സ്ഥലത്തേക്ക്പോയേക്കാം"കടത്തിണ്ണയുടെ പിന്നാമ്പുറത്തെ ഇരുളിലേക്ക് നീങ്ങാൻ തുടങ്ങിയ അവളോടായി അയാൾ പറഞ്ഞു.
പരിചയമില്ലാത്തവരുടെ കൂടെ ദൂരേക്ക് പോകരുതെന്ന് അല്ലിഅക്കൻ ഇന്നു വൈകുന്നേരവും കൂടി കണ്ടപ്പോൾ പറഞ്ഞതാണ്. വയസ്കരക്കുന്നിന്റെ താഴത്തെ കാട്ടിൽ വച്ച് 
മോട്ടോർ വൽസലയെ ഒരുത്തൻ ആസിഡ് കുപ്പിയെറിഞ്ഞ് കൊന്നിട്ട്
ഒരാഴ്ചയായില്ല. കേസും,കൂട്ടവുമൊക്കെ നടക്കുന്നുണ്ടേലും എല്ലാവർക്കുമിപ്പോൾ ഭയമാണ്.
അജിതതീയേറ്ററിനു താഴെ ഒരൊഴിഞ്ഞ വീടുണ്ട്.വീടിനപ്പുറത്തായി 
നഗരത്തിലെ മാലിന്യങ്ങളെല്ലാം നെഞ്ചിലേറ്റി ഒഴുകുന്ന  ഓടയുണ്ട്. കഴിഞ്ഞ ആഴ്ച അതിനു മുകളിൽ സ്ലാബിട്ടെന്ന് രമണി പറഞ്ഞിരുന്നു.
അവൾ കസ്റ്റമേഴ്സിനെ അങ്ങോട്ടാണിപ്പോൾ ഇടക്ക്
കൊണ്ടു പോകുന്നത്. വീടിന്റെ പറമ്പ് മുഴുവനും
കാട് കയറി കിടക്കുന്നതിനാൽ അനക്കം കേട്ടാലും രാത്രിയാരും  ശ്രദ്ധിക്കാറില്ലത്രേ.
ബസ്സ്സ്റ്റാന്റിനടുത്തുള്ള ചെറിയ ഊടുവഴിയിലൂടെ
അങ്ങോട്ടിറങ്ങാം. ഇപ്പോൾ തന്നെ രാത്രിയേറെയായിട്ടുണ്ട്. 
വഴിയോരത്തെല്ലാം ചപ്പുചവറുകളും,അമേദ്യവുമെല്ലാം കൂടിക്കിടന്ന് വല്ലാത്ത നാറ്റം. ഗന്ധങ്ങൾ പഴകിപ്പോയ അവളുടെ
നാസികക്ക് അതൊരു പ്രശ്നമേ ആയിരുന്നില്ല. അയാൾക്ക് പക്ഷേ ഓക്കാനം വരുന്നുണ്ട്.
"ഏതു നരകത്തിലേക്കാടി നീയെന്നെ കൊണ്ടുപോകുന്നത്."കാറിത്തുപ്പിക്കൊണ്ട് അയാളവളുടെ നേരെ ചീറി.
"ഹൊ ,എന്നാപ്പിന്നെ ഇയാൾക്കേതേലും ലോഡ്ജിൽ മുറിയങ്ങ് എടുത്താൽ പോരായിരുന്നോ", നാവിൽ വന്ന ചീത്ത വിഴുങ്ങി
അവളും തിരിച്ചു പറഞ്ഞു. പെട്ടെന്നാണ് നല്ലൊരു വെള്ളിടി വെട്ടിയത്. സെലീന അറിയാതെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു പോയി.
ഇടതുകൈ കൊണ്ട് അയാളവളെ തള്ളി നീക്കി.
"ഒന്നു വേഗം നടക്കടീ, നാറ്റം കാരണം ശർദ്ദിക്കാൻ
വന്നിട്ടു വയ്യ" അയാളുടെ മുഖത്ത്തെളിയുന്ന ക്രൗര്യം കണ്ട് അവൾ നടുങ്ങി. കശാപ്പുകാരന്റെ മുഖത്തേക്ക് അറവുമൃഗം ദയക്കായി കേഴുന്നതുപോലെ ജാള്യതയോടെ അവളയാളെ നോക്കി. ഇന്നിയാൾ തന്നെ കൊല്ലാതെ കൊല്ലുമെന്നാണ് തോന്നുന്നത്.
താഴെ വീട്ടിൽ വെളിച്ചമുണ്ട്. ശബ്ദമുണ്ടാക്കാതെ
നടക്കുവാൻ അയാളോടവൾ ആംഗ്യം കാട്ടി. മതിലിനോടു ചേർന്ന് നിന്ന് അവൾ വസ്ത്രങ്ങളഴിക്കുവാൻ തുടങ്ങിയപ്പോഴേക്കും മഴയിരമ്പി വന്നു. അയാളും തെല്ല് മാറി നിന്ന് ഷർട്ടഴിക്കുന്നുണ്ട്.
എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് തെന്നി നീങ്ങിയതറിയാം. നോക്കിയപ്പോൾ ഊരിയ ഷർട്ടും പിടിച്ച് അയാളോടുന്നത് കണ്ടു. ദുഷ്ടൻ രാത്രിയിലിവിടെ ഒറ്റക്കാക്കിയിട്ട് ഓടുന്നത് കണ്ടില്ലേ.
"എടോ,അവിടെ നിൽക്കാൻ. അയ്യോ ശബ്ദം വെളിയിൽ വരുന്നില്ലല്ലോ. മറിഞ്ഞുവീണു കിടക്കുന്ന മതിലിനു താഴെ കിടക്കുന്നത് തന്റെ നഗ്നമായ ദേഹമാണല്ലോ. മൂക്കിൽ നിന്നും ചോരയൊലിച്ചിറങ്ങുന്നുമുണ്ട്. ഈശ്വരാ ഞാൻ മരിച്ചു കഴിഞ്ഞോ ?നേരംവെളുക്കുമ്പോൾ അമ്മ എത്തുമെന്ന വിശ്വാസത്തിൽ ഉറങ്ങുന്ന തന്റെ മകൾ. അവൾക്കിനിയാരാണ്. കുറച്ച് കഴിയുമ്പോൾ ഏതെങ്കിലും പരുന്തോ, കഴുകനോ വന്ന് തള്ളയില്ലാകുഞ്ഞിനെ റാഞ്ചിയെടുക്കും. പിന്നെ അവൾക്കും തന്റെ ഗതി തന്നെ. ഒരുൾക്കിടിലത്തോടെ സെലീന ആ യാഥാർത്ഥ്യത്തിന്റെ പൊള്ളുന്ന ചൂടറിഞ്ഞു.
അടുത്ത വീടിൻറെ ജനൽപ്പാളി പെട്ടെന്ന് ആരോ തള്ളിത്തുറന്ന് ടോർച്ചടിച്ച് നോക്കുന്നുണ്ട്.
"മതിലു മറിഞ്ഞു വീണെന്നാ തോന്നുന്നത്. കുറച്ചു
മുൻപ് എന്തോ ഒരു ഞരക്കം കേട്ടായിരുന്നു. എന്താണോ എന്തോ. നിങ്ങളൊന്ന് ഇറങ്ങി നോക്ക് മനുഷ്യാ" ഒരു സ്ത്രീ ഭർത്താവിനെ കുലുക്കി ഉണർത്തുവാൻ പാടുപെടുകയാണ്.
"വല്ല പട്ടിയോ മറ്റോ ആയിരിക്കും. നീ കെടന്നുറങ്ങാൻ നോക്ക്. രാവിലെയെങ്ങാനും നോക്കാം". ഉറക്കം മുറിഞ്ഞ അസ്വസ്ഥതയോടെ പുലമ്പുന്ന ഒരു പുരുഷൻറെ ചിലമ്പിച്ച ശബ്ദം. എവിടെയോ കേട്ടു മറന്ന ശബ്ദം. അല്ല അതയാളുടെ തന്നെയാണ്. സ്നേഹം നടിച്ച് എല്ലാം ഊറ്റിയെടുത്ത് ഒടുവിൽ തന്നെ ചെളിക്കുണ്ടിലേക്ക് വലിച്ചെറിഞ്ഞവൻ. ഇതയാളുടെ വീടായിരുന്നോ.
സെലീനക്ക് തല തല്ലിക്കരയുവാൻ തോന്നി. മരണത്തിലെങ്കിലും ഇത്തിരി കരുണ കാണിച്ചില്ലല്ലോ ഈശ്വരാ. നാളെ നേരം പുലരുമ്പോൾ ചിന്നിച്ചിതറിയ ഇഷ്ടികക്കൂമ്പാരങ്ങൾക്കടിയിലായി കിടക്കുന്ന തന്റെ നഗ്ന ശരീരം ഒരു പ്രദർശന വസ്തുവാകും. അല്ലെങ്കിലും ചോരയൊലിക്കുന്ന അഭിമാനവുമായല്ലേ ഓരോ തെരുവുപെണ്ണും ഈ
നഗരത്തിൽ അലയുന്നത്.
ചിറകടിശബ്ദമില്ലാതെ പുതിയൊരു ലോകത്തേക്ക് കടന്നുപോകുവാൻ സമയമായിരിക്കുന്നു എന്ന് ഏതോ നിഴലുകൾ അടുത്തു നിന്ന് പറയുന്നുണ്ട്. നാളെ ഇനി എന്താകും എന്ന ചിന്ത നേർത്തു നേർത്ത് വിസ്മൃതിയിലേക്ക് മറയുന്നു. ഇത്രയും കാലം ചങ്കിലെരിഞ്ഞിരുന്ന
തീക്കനലുകളെ മറന്ന് പാഴായിപ്പോയ ജന്മത്തിന്റെ
പടിയിറങ്ങിപ്പോകുമ്പോൾ അവളൊരിക്കൽ കൂടി തിരിഞ്ഞു നോക്കി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക