സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി  സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദിയുടെ   'മോം' എന്ന ഹ്രസ്വ ചിത്രം

സ്വന്തം ലേഖകന്‍ Published on 20 January, 2022
സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി  സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദിയുടെ   'മോം' എന്ന ഹ്രസ്വ ചിത്രം

പ്രശസ്ത എഴുത്തുകാരനായ സേതുമാധവന്‍ (സേതു) എഴുതിയ ''ഓണ്‍ലൈന്‍ ' എന്ന ചെറുകഥയെ ആസ്പദമാക്കി അമേരിക്കന്‍ മലയാളിയായ വിനോദ് മേനോന്‍, സാന്‍ഫ്രാന്‍സിസ്‌കോ  സര്‍ഗ്ഗ വേദിയുടെ ബാനറില്‍ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത 'മോം'എന്ന ഷോര്‍ട്ട്ഫിലിം യു ടൂബില്‍ റിലീസ് ചെയ്തു.

അമ്മ എന്ന വാക്കിന്റെ വെളിച്ചവും വ്യാപ്തിയും കൃത്യമായി അടയാളപ്പെടുത്തുന്ന ഈ ചിത്രം,  തിരക്ക് പിടിച്ച പ്രവാസി ജീവിതത്തിനിടയ്ക്ക്  മാറ്റിവയ്‌ക്കേണ്ടി വരുന്ന  മനുഷ്യ ജീവിതസാഹചര്യങ്ങളുടെയും  കൂടി കഥ പറയുന്നു.

സര്‍ഗവേദി സാന്‍ ഫ്രാന്‍സിസ്‌കോ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ്   'മോം'.  അവതരണത്തിലെ പുതുമകൊണ്ട് ഇതിനോടകം തന്നെ ഈ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടി കഴിഞ്ഞു.   സര്‍ഗ്ഗവേദിയുടെ ആദ്യ ചിത്രമായ ചങ്ങമ്പുഴ പാര്‍ക്കിന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്. ചങ്ങമ്പുഴ പാര്‍ക്കിന്റെ അണിയറ പ്രവത്തകരാണ്   ഈ സിനിമയുടെയും പിന്നില്‍. ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് ബേ ഏരിയയിലെ പ്രാദേശിക പ്രതിഭാധനരായ അഭിനേതാക്കളായ  വര്‍ഗീസ് മുതലാളി, നിമ്മി മനു, ഡെന്നീസ് പാറേക്കാടന്‍, ശരത് ചങ്ങരം കുമരത്ത്  എന്നിവരാണ്.  കൂടാതെ ന്യൂ ജേഴ്‌സിയില്‍ നിന്നും സജിനി സക്കറിയയും ( അക്കരക്കാഴ്ചകള്‍ )  ഒരു വേഷം ചെയ്യുന്നു.

അസോസിയേറ്റ് ഡയറക്ടര്‍  : ടോം ആന്റണി, ഛായാഗ്രഹണം: മനോജ് ജയദേവന്‍, ജോജന്‍ ആന്റണി ,ആലാപനവും സംഗീത സംവിധാനവും:  ജയ് നായര്‍ , വരികള്‍: സിന്ധു നായര്‍ (ബോസ്റ്റണ്‍), പശ്ചാത്തല സംഗീതം  : ലോയ്ഡ് ജോര്‍ജ്ജ്,  എഡിറ്റിംഗ്: മനോജ് ജയദേവന്‍ എന്നിവരാണ് മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍.

നമ്മുടെ ജീവിതത്തില്‍ നാം നിശ്ചയിക്കുന്ന മുന്‍ഗണനകളെക്കുറിച്ച് കുടിയേറ്റക്കാരായ പല കുടുംബങ്ങള്‍ക്കും ബന്ധപ്പെടുത്താന്‍ കഴിയുന്ന ഒരു സൂക്ഷ്മമായ സന്ദേശവും, പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന പ്രവാസ ജീവിതത്തിന്റെ തിക്കും തിരക്കും കൂടി പറയുവാനുള്ള ശ്രമമാണ് ഈ ചിത്രം.

ഈ സിനിമയുടെ നിര്‍മ്മാണത്തിന് നല്‍കിയ പ്രയത്‌നത്തിനും പിന്തുണയ്ക്കും മുഴുവന്‍ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും  ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നതായി സാന്‍ഫ്രാന്‍സിസ്‌കോയിലെ കലാ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ സര്‍ഗ്ഗവേദിക്കു വേണ്ടി ടോം ആന്റണിയും വിനോദ് മേനോനും അറിയിച്ചു.

സിനിമ കാണുവാനുള്ള ലിങ്ക്
https://youtu.be/VGDKscD1u3w

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക