ബോഡി ബാഗിൽ തിരിച്ചു വരുമെന്ന് ബന്ദി നാടകത്തിലെ അക്രമി;   വ്യാജ ക്യുആർ കോഡുകൾ സൂക്ഷിക്കുക 

Published on 20 January, 2022
ബോഡി ബാഗിൽ തിരിച്ചു വരുമെന്ന് ബന്ദി നാടകത്തിലെ അക്രമി;   വ്യാജ ക്യുആർ കോഡുകൾ സൂക്ഷിക്കുക 

ശനിയാഴ്ച ടെക്സസിലെ കോളിവില്ലിലെ ബെത്ത് ഇസ്രായേൽ സിനഗോഗിൽ  റബ്ബായിയെയും (യഹൂദ പുരോഹിതൻ) മറ്റ് മൂന്ന് പേരെയും ബന്ദികളാക്കി   അമേരിക്കയ്‌ക്കെതിരായ യുദ്ധ പ്രഖ്യാപനമാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ബ്രിട്ടീഷ് പൗരനായ അക്രമി  മാലിക് ഫൈസൽ അക്രം വീട്ടുകാരെ അറിയിച്ചിരുന്നു എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ബന്ദിനാടകത്തിനൊടുവിൽ ഇയാൾ എഫ്ബിഐ യുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

ജൂതന്മാരോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ ബ്രിട്ടീഷ് മുസ്ലീങ്ങളുടെ  പ്രതിനിധിയായി ജീവൻ ത്യജിക്കാൻ തയ്യാറായി തന്നെയാണ് ഫൈസൽ അക്രം എത്തിയതത്രെ. അമേരിക്കയിൽ ജിഹാദ് ആരംഭിക്കുക എന്നതായിരുന്നു ലക്‌ഷ്യം.  

ബ്രിട്ടീഷ് ഭീകരന്റെ ആക്രമണം  യഹൂദവിരുദ്ധമായിരുന്നില്ല എന്ന എഫ്ബിഐയുടെ  അവകാശവാദങ്ങൾ ഇതോടെ ദുർബലപ്പെടുകയാണ്.

വീട്ടിൽ നിന്ന് 4,500 മൈൽ അകലെയുള്ള  സിനഗോഗ്  ലക്ഷ്യമിട്ടെത്തി  സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്താനായിരുന്നു അയാളുടെ തീരുമാനം. രണ്ട് വർഷത്തെ ആസൂത്രണത്തിന് ശേഷമാണ് ഇത് സാധ്യമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ടാഴ്ചയായി ഇയാൾ  യുഎസിൽ താമസിക്കുകയും  ടെക്‌സാസിൽ നിന്ന്  തോക്ക് വാങ്ങുകയും ചെയ്തിരുന്നു. ആറ് മക്കളോടും തന്റെ  ശവസംസ്കാര ചടങ്ങിൽ കരയരുതെന്ന് അവസാനത്തെ ഫോൺ കോളിൽ അക്രം ഓർമ്മപ്പെടുത്തി. രണ്ട് വർഷമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന കാര്യമാണ് ചെയ്യാൻ പോകുന്നതെന്നും അയാൾ അറിയിച്ചിരുന്നു. തന്റെ ശരീരം  ബോഡി  ബാഗിൽ വീട്ടിലേക്ക് എത്തുമെന്ന്  പറഞ്ഞതിൽ നിന്ന് തന്നെ ജീവൻ ത്യജിക്കാൻ അക്രം ഉറപ്പിച്ചിരുന്നെന്ന് വ്യക്തമാണ്.

എഫ്ബിഐയുമായി ചേർന്ന് പ്രവർത്തിക്കുന്ന ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ പോലീസ് രണ്ട് പേരെ മാഞ്ചസ്റ്ററിലും ബർമിംഗ്ഹാമിലും അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവവികാസം ഉണ്ടായത്.

 ചെയ്യുന്നത് പാപമാണെന്ന് സഹോദരൻ  ഗുൽബർ അക്രമിനെ ഉപദേശിച്ചിരുന്നു. 100 വർഷം കുറുനരിയായി (കഴിവുകെട്ടവനായി) ജീവിക്കുന്നതിനേക്കാൾ ഒരു ദിവസം സിംഹമായി ജീവിക്കാനാണ് തനിക്കിഷ്ടമെന്നായിരുന്നു പിന്തിരിയാൻ തയ്യാറാകാതെയുള്ള അക്രമിന്റെ മറുപടി.

വ്യാജ ക്യുആർ കോഡുകൾക്കെതിരെ ജാഗ്രത വേണമെന്ന് എഫ്ബിഐ 

മഹാമാരിയുടെ  സമയത്ത് റെസ്റ്റോറന്റുകളും ബിസിനസുകളും കൂടുതലായി ക്യുആർ കോഡുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ ആ അവസരം മുതലാക്കി,സൈബർ കുറ്റവാളികൾ  അമേരിക്കക്കാരിൽ നിന്ന് സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതായി എഫ്ബിഐ ഈ ആഴ്ച മുന്നറിയിപ്പ് നൽകി.

തട്ടിപ്പുകാർ വ്യാജ  ക്യുആർ  കോഡുകളാണ്  ഉപയോഗിക്കുന്നത്.   വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി  ഫോണിൽ ബാർ കോഡ്  സ്കാൻ ചെയ്യുമ്പോൾ അപകടകരമായ സൈറ്റുകളിലേക്ക് നയിക്കപ്പെടുകയും ആളുകളുടെ വ്യക്തിവിവരങ്ങളും സാമ്പത്തിക ഡാറ്റയും  മോഷ്ടിക്കപ്പെടാനും ഹൈജാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് എഫ്ബിഐ പറയുന്നത്.

ടെക്‌സാസിലെ ഓസ്റ്റിനിലെ  പാർക്കിംഗ് സ്റ്റേഷനുകളിൽ ഈ മാസമാദ്യംഇത്തരത്തിൽ 24  വ്യാജ ക്യുആർ കോഡ് സ്റ്റിക്കറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പ്രഖ്യാപനം.
 ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 ഉപഭോക്താക്കളെ കബളിപ്പിക്കാൻ കുറ്റവാളികൾക്ക് സ്വന്തമായി വ്യാജ കോഡുകൾ സൃഷ്ടിക്കാൻ കഴിയുന്നത് ആശങ്കാജനകമാണ്. ക്യുആർ കോഡുകൾ നിർദ്ദേശിക്കുന്ന വെബ്‌സൈറ്റുകൾ ആളുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് എഫ്ബിഐ ആവശ്യപ്പെടുന്നു. ഏതെങ്കിലും മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് ക്യുആർ കോഡുകൾക്ക് പകരം  ഫോണുകളുടെ ആപ്പ് സ്റ്റോറുകൾ ഉപയോഗിക്കാനും ബ്യൂറോ ആളുകളെ ഉപദേശിക്കുന്നു.
 മഹാമാരിയുടെ കാലത്ത് ആളുകളുടെ  ശീലങ്ങളും ജീവിതശൈലിയിലും വന്ന  മാറ്റങ്ങൾ  ചൂഷണം ചെയ്യാനുള്ള തട്ടിപ്പുകാരുടെ ഏറ്റവും പുതിയ ശ്രമമാണിത്. പാൻഡെമിക്കിന്റെ ആദ്യ നാളുകളിൽ, 2020 മാർച്ചിൽ ഇറ്റലിയിലും സ്‌പെയിനിലും വൈറസിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന വ്യാജ മൊബൈൽ ആപ്ലിക്കേഷനുകളുമായി  ഹാക്കർമാർ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക