ഇന്ത്യയില്‍ ഏറ്റവും കൂടിയ ടിപിആര്‍ കേരളത്തില്‍, ആകെ കേസുകളില്‍ 9 ശതമാനത്തോളവും

Published on 21 January, 2022
ഇന്ത്യയില്‍ ഏറ്റവും കൂടിയ ടിപിആര്‍ കേരളത്തില്‍, ആകെ കേസുകളില്‍ 9 ശതമാനത്തോളവും

ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളിലെ കോവിഡ് നില ആശങ്കാജനകമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്; 40 ശതമാനത്തിലേറെ. രാജ്യത്തെ 8.79% കേസുകളും കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലുമാണ്. തിരഞ്ഞെടുപ്പു നടക്കുന്ന യുപിയിലും സ്ഥിതി ഭദ്രമല്ല. തമിഴ്‌നാടും ഡല്‍ഹിയുമാണ് ആശങ്കപ്പെടുത്തുന്ന മറ്റു 2 സംസ്ഥാനങ്ങള്‍.

രണ്ടാം തരംഗവുമായുള്ള താരതമ്യത്തില്‍ ഇപ്പോള്‍ മരണം കുറവാണ്. രണ്ടാം തരംഗ സമയത്ത് പ്രതിദിന കേസുകള്‍ 3 ലക്ഷം കവിഞ്ഞപ്പോള്‍ മരണം 3000 കടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ 3 ലക്ഷം കേസുകളും 400 മരണവുമെന്ന തോതിലാണ് പ്രതിദിന കണക്ക്. അന്ന് ആദ്യ ഡോസ് വാക്‌സീനെടുത്ത 2% പേരാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് 72% പേരും 2 ഡോസുമെടുത്തു എന്നതാണു വ്യത്യാസം. അതേസമയം, ആദ്യ ഡോസ് എടുത്ത 6.5 കോടി പേര്‍ ഇപ്പോഴും രണ്ടാം ഡോസ് എടുത്തിട്ടില്ല.

മുന്‍ തരംഗങ്ങളെ അപേക്ഷിച്ചു പോസിറ്റീവായി തുടരുന്നവരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണിപ്പോള്‍. 37.29 ലക്ഷം പേരാണ് രാജ്യത്ത് നിലവില്‍ പോസിറ്റീവായുള്ളത്. 515 ജില്ലകളില്‍ ടിപിആര്‍ 5 ശതമാനത്തിലേറെയാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക