ദിലീപിനു നിര്‍ണായക ശനിയാഴ്ച (പി പി മാത്യു )

പി പി മാത്യു Published on 21 January, 2022
ദിലീപിനു നിര്‍ണായക ശനിയാഴ്ച (പി പി മാത്യു )

നടിയെ തട്ടിക്കൊണ്ടു പോയി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ശനിയാഴ്ച വിശദമായ വാദത്തിനു വച്ചു. ജസ്റ്റിസ് പി. ഗോപിനാഥന്റെ സിംഗിള്‍ ബെഞ്ച് ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നത് കേസിന്റെ ഗൗരവം കണക്കിലെടുത്തും ശക്തമായ തെളിവുകള്‍ വിശദമായി അവതരിപ്പിക്കാനുണ്ടെന്നു പ്രോസിക്യൂഷന്‍ അറിയിച്ചതിനാലുമാണ്. 


ജാമ്യാപേക്ഷ സിംഗിള്‍ ബെഞ്ച് തള്ളിയാല്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നീങ്ങാന്‍ പോലീസിനു പഴുതായി. എന്നാല്‍ നടന് അപ്പീല്‍ നല്‍കാനാവും.  


'ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ലാത്ത ഈ കുറ്റകൃത്യങ്ങളുടെ' ആസൂത്രണത്തിന്റെ പ്രധാന ബുദ്ധി കേന്ദ്രം ദിലീപ് ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍, ആദ്യ കേസില്‍ 20 സാക്ഷികള്‍ കൂറ് മാറിയതും നടന്റെ പണവും ഭീഷണിയും മറ്റു രീതിയിലുള്ള സ്വാധീനവും കാരണം ആണെന്ന് വാദിക്കുന്നു. അതു കൊണ്ട് ദിലീപിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാന്‍ ഉടന്‍ അനുമതി ലഭിക്കേണ്ടതുണ്ട്. ജാമ്യാപേക്ഷയിലുള്ള വാദം പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചു തന്നെ പലകുറി നീട്ടി വച്ചിരുന്നു. എന്നാല്‍ വിശദമായ വാദത്തിനു ആവശ്യമായ തെളിവെടുപ്പ് ഇപ്പോള്‍  ഏറെക്കുറെ പൂര്‍ത്തിയായി എന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയും എന്നും അവര്‍ വിശ്വസിക്കുന്നു.


ശനിയാഴ്ച്ച രാവിലെ 10.15 നു പ്രത്യേക സിറ്റിംഗ് ആരംഭിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. 


ദിലീപിന്റെ സുഹൃത്തും കേസിലെ ആറാം പ്രതിയുമായ ആലുവയിലെ വ്യാപാരി ശരത്ത് ജി. നായരുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കാന്‍ സാധ്യതയില്ല. മറുവാദത്തിനു ആവശ്യമായ തെളിവുകള്‍ സമാഹരിച്ചു കഴിഞ്ഞിട്ടില്ല എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. സൂര്യ ഹോട്ടല്‍സ്, ശരത്ത് ട്രാവല്‍സ് എന്നിവയുടെ ഉടമയായ അദ്ദേഹം സ്വന്തം വീട്ടില്‍ പോലീസ് തെരച്ചില്‍ നടത്തുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല.  


ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബിജു, ബന്ധുവായ അപ്പു എന്നിവരും ഗൂഢാലോചന കേസില്‍ പ്രതികളാണ്. ഇവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. 
ബലാത്സംഗത്തിന് കോട്ടെഷന്‍ നല്‍കുന്നത് രാജ്യത്തു നിയമവ്യവസ്ഥ നിലവില്‍ വന്ന ശേഷം ആദ്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. സംസ്ഥാന ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത കേസാണിത്. നിയമത്തെ വെട്ടിക്കാനാണ് ദിലീപ് തന്റെ ശക്തിയും പണവുമൊക്കെ ഉപയോഗിക്കുന്നത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ വിചാരണ വേളയില്‍ രാജി വച്ചതും അദ്ദേഹത്തിന്റെ പ്രേരണയില്‍ ആണ്. 
ഗൂഢാലോചന തെളിയിക്കാന്‍ ആവശ്യമായ ഓഡിയോ ക്ലിപ്പുകള്‍ വരെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇവയില്‍ പലതും ഫോറന്‍സിക് പരിശോധനയിലാണ്. 


നടന് മുന്കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നു പ്രോസിക്യൂഷന്‍ വാദിക്കുന്നു. 


അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ഫെബ്രുവരി 16 നു മുന്‍പ് വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ ഇളവ് തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ 24 നു (തിങ്കളാഴ്ച) പരിഗണിക്കും. വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണം എന്ന അപേക്ഷയില്‍ സുപ്രീം കോടതി എടുക്കുന്ന തീരുമാനം പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അതിപ്രധാനമാവും. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക