തിരിച്ചുവരവ് (കവിത : ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 21 January, 2022
തിരിച്ചുവരവ് (കവിത : ദീപ ബിബീഷ് നായര്‍)

തിരികെയെത്തുമോ വീണ്ടുമാ പകലുകള്‍
വിരല്‍ പിടിച്ചു നടന്നൊരാ വീഥികള്‍
നൂല് പൊട്ടിപ്പറന്ന പതംഗമായ്
നീയകന്നുപോയകലെയായോമലേ....

ചിതല്‍ പിടിച്ചു തുടങ്ങിയെന്നോര്‍മ്മകള്‍
ചിറകരിഞ്ഞു നീ പോയോരാ നാള്‍ മുതല്‍
പുതിയ മേച്ചില്‍പ്പുറങ്ങളിലെവിടെയോ
പുതുമ തേടിയലഞ്ഞു വലഞ്ഞു നാം....

മുകിലിനുള്ളില്‍ മറഞ്ഞൊരാ കിരണമായ്
മുത്തിനെപ്പോലകപ്പെട്ടു ചിപ്പിയില്‍
മറഞ്ഞിരുന്നു ഞാനകലെയായെവിടെയോ
മതി വരാതെന്റെ  ചിന്തകള്‍ ചുറ്റിലും.....

പാല്‍നിലാവൊഴുകുന്നു രജനിയില്‍
താരറാണിമാര്‍ നര്‍ത്തനം ചെയ്യുന്നു
പതിവുതെറ്റിയിന്നാരോ വരുമെന്ന്
കാതിനുള്ളിലായാരോ മൊഴിയുന്നു.....

ഒടുവിലിന്നിതാ വന്നൊരു തെന്നലായ്
തഴുകിയെന്നെ നീ മെല്ലെയുണര്‍ത്തിയോ
വൈകിയെങ്കിലും വന്നൊരാ പ്രണയമേ
വര്‍ണ്ണസ്വപ്നങ്ങള്‍ കണ്ടുറങ്ങട്ടെ ഞാന്‍...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക