ഉക്രെയ്ന്‍: ആട്ടിന്‍തോലിട്ട ചെന്നായ് ആരാണ് (ദുര്‍ഗ മനോജ്)

Published on 21 January, 2022
ഉക്രെയ്ന്‍: ആട്ടിന്‍തോലിട്ട ചെന്നായ് ആരാണ് (ദുര്‍ഗ മനോജ്)

പ്രക്ഷുബ്ധമായ ഉക്രെയ്ന്‍ സംഘര്‍ഷത്തിനു പിന്നിലെ അജണ്ട എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. തങ്ങള്‍ക്ക് ആക്രമിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ സേനാവിന്യാസം നടത്തി കൊണ്ട് റഷ്യ പറയുന്നു. അതേസമയം, റഷ്യ വെടിപൊട്ടിച്ചാല്‍ നാറ്റോയെ മുന്നില്‍ നിര്‍ത്തി അമേരിക്ക പണി തുടങ്ങുമെന്ന് പ്രസിഡന്റ് ബൈഡനും വളച്ചു കെട്ടി പറയുന്നു. 

ഇപ്പോഴത്തെ പ്രശ്നം ഇതാണ്. ഉക്രൈന് അമേരിക്ക നേതൃത്വം കൊടുക്കുന്ന നാറ്റോയിൽ ചേരണം. അയൽരാജ്യം അങ്ങനെ ശത്രുപാളയത്തിൽ എത്താൻ  പറ്റില്ലെന്ന് റഷ്യ.  നാറ്റോയിൽ ചേരുന്ന കാര്യത്തിൽ അനുരഞ്ജന ചർച്ച ഇല്ലെന്ന് പ്രസിഡന്റ് ബൈഡൻ. 

അതിനിടയ്ക്ക് രഹസ്യവും പരസ്യവുമായ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒന്നു കൂടി പറയണം. കിഴക്കന്‍ യൂറോപ്പിലെ പല രാജ്യങ്ങളിലേക്ക് റഷ്യന്‍ വ്യോമസേനയുടെ ആക്രമണത്തെ ചെറുക്കാന്‍ നാറ്റോയുടെ കെയറോഫില്‍ അമേരിക്ക നല്ല ഉശിരന്‍ ബാലിസ്റ്റിക്ക് മിസൈലും കൊടുക്കുന്നുണ്ട്. അപ്പോള്‍, പിന്നെ ആരാണ് യഥാര്‍ത്ഥ കളിക്കാരന്‍? പുടിനോ, ബൈഡനോ?

കിഴക്കും വടക്കുകിഴക്കും അതിര്‍ത്തി പങ്കിടുന്ന റഷ്യയ്ക്ക് ശേഷം യൂറോപ്പിലെ വിസ്തീര്‍ണ്ണം അനുസരിച്ച് രണ്ടാമത്തെ വലിയ രാജ്യമാണ് ഉക്രെയ്ന്‍. വടക്ക് ബെലാറസുമായി അതിര്‍ത്തി പങ്കിടുന്നു; പടിഞ്ഞാറ് പോളണ്ട്, സ്ലൊവാക്യ, ഹംഗറി; തെക്ക് റൊമാനിയയും മോള്‍ഡോവയും; കൂടാതെ അസോവ് കടലിനും കരിങ്കടലിനും ഒരു തീരപ്രദേശമുണ്ട്. 41.3 ദശലക്ഷം ജനസംഖ്യ.  യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള എട്ടാമത്തെ രാജ്യമാണിത്. 

ചരിത്രം നോക്കിയാല്‍ പോളണ്ടിനും റഷ്യന്‍ സാമ്രാജ്യത്തിനും ഇടയില്‍ വിഭജിക്കപ്പെട്ട ഉക്രെയ്ന്‍ റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്ന്, സ്വയം നിര്‍ണ്ണയാവകാശത്തിനായുള്ള ഒരു ദേശീയ പ്രസ്ഥാനമായി ഉയര്‍ന്നുവന്നു, 1917 ജൂണ്‍ 23-ന് അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട ഉക്രേനിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് പ്രഖ്യാപിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഉക്രെയ്‌നിന്റെ പടിഞ്ഞാറന്‍ ഭാഗം ഉക്രേനിയന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍ ലയിച്ചു. രാജ്യം മുഴുവന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായി. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനെത്തുടര്‍ന്ന് 1991-ല്‍ ഉക്രെയ്ന്‍ സ്വാതന്ത്ര്യം നേടി. ഇതാണ് ചരിത്രം.

സ്വാതന്ത്ര്യത്തെത്തുടര്‍ന്ന്, ഉക്രെയ്ന്‍ സ്വയം ഒരു നിഷ്പക്ഷ രാഷ്ട്രമായി പ്രഖ്യാപിച്ചു; റഷ്യയുമായും മറ്റ് സിഐഎസ് രാജ്യങ്ങളുമായും പരിമിതമായ സൈനിക പങ്കാളിത്തം രൂപീകരിച്ചു, 1994-ല്‍ നാറ്റോയുമായി ഒരു പങ്കാളിത്തം സ്ഥാപിച്ചു. 

ഇവിടെ നിന്നാണ് കഥ തുടരുന്നത്. 2013-ല്‍, പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിന്റെ സര്‍ക്കാര്‍ ഉക്രെയ്ന്‍-യൂറോപ്യന്‍ യൂണിയന്‍ അസോസിയേഷന്‍ ഉടമ്പടി നിര്‍ത്തി റഷ്യയുമായി അടുത്ത സാമ്പത്തിക ബന്ധം തേടി. ഇതോടെ  യൂറോമൈദാന്‍ എന്നറിയപ്പെടുന്ന നിരവധി മാസങ്ങള്‍ നീണ്ട പ്രകടനങ്ങളും പ്രതിഷേധങ്ങളും ആരംഭിച്ചു. അത് പിന്നീട് മാന്യതയുടെ വിപ്ലവത്തിലേക്ക് നയിച്ചു. അത് യാനുകോവിച്ചിനെ അട്ടിമറിക്കുന്നതിനു കാരണമായി. 

ഈ സംഭവങ്ങള്‍ 2014 മാര്‍ച്ചില്‍ റഷ്യ ക്രിമിയ പിടിച്ചടക്കുന്നതിനും 2014 ഏപ്രിലില്‍ ഡോണ്‍ബാസിലെ യുദ്ധത്തിനും പശ്ചാത്തലമായി. ഇതേത്തുടര്‍ന്ന് യൂറോപ്പിലെ ഏറ്റവും ദരിദ്രമായ രാജ്യമായി ഉക്രെയ്‌ന് മാറി. വളരെ ഉയര്‍ന്ന ദാരിദ്ര്യ നിരക്കും അതോടൊപ്പം കടുത്ത അഴിമതിയും നാടു നശിപ്പിച്ചുവെന്നു പറഞ്ഞാല്‍ മതിയല്ലോ.

എന്നിരുന്നാലും, ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ കാരണം, ലോകത്തിലെ ഏറ്റവും വലിയ ധാന്യം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഉക്രെയ്ന്‍. റഷ്യയ്ക്കും ഫ്രാന്‍സിനും ശേഷം യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈന്യവും ഇതിനുണ്ട്. അതു കൊണ്ട് തന്നെ ഒന്നു പേടിപ്പിക്കണമെന്നേ റഷ്യയ്ക്കുള്ളു. എന്നാല്‍, റഷ്യയെ കൊണ്ട് ഉക്രെയ്‌നിലേക്ക് വെടിവെപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പോവും. എന്തു സംഭവിക്കുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായുടെ കഥ ഓര്‍ത്തുപോവുന്നു. എന്തൊരു കഷ്ടം!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക