യുക്മ നഴ്‌സസ് ഫോറം സെമിനാര്‍ പരമ്പര രണ്ടാം ദിനം

Published on 21 January, 2022
 യുക്മ നഴ്‌സസ് ഫോറം സെമിനാര്‍ പരമ്പര രണ്ടാം ദിനം

 

ലണ്ടന്‍: യുക്മ നഴ്‌സസ് ഫോറത്തിന്റെ (യുഎന്‍എഫ്) ആഭിമുഖ്യത്തില്‍ യുകെയിലെ പുതു തലമുറയിലെയും പഴയ തലമുറയിലെയും മലയാളി നഴ്‌സുമാര്‍ക്കു വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാര്‍ പരമ്പരയുടെ രണ്ടാമത്തെ ദിവസമായ ശനിയാഴ്ച മൂന്നിന് യുകെയിലെ പ്രശസ്ത സോളിസിറ്റര്‍ ബൈജു വര്‍ക്കി തിട്ടാല 'Employee's Rights at work in the UK' എന്ന വിഷയത്തില്‍ സെമിനാര്‍ നയിക്കുന്നു.

ഇംഗ്ലണ്ട് & വെയില്‍സ് സീനിയര്‍ കോട്ടില്‍ സോളിസിറ്ററും, ക്രിമിനല്‍ ഡിഫന്‍സ് ഡ്യൂട്ടി സോളിസിറ്ററുമാണ് ബൈജു വര്‍ക്കി തിട്ടാല. കേംബ്രിഡ്ജ് സിറ്റി മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ബൈജു.

യുക്മ നഴ്സസ് ഫോറം (യുഎന്‍എഫ്) യുകെയിലെ മലയാളി നഴ്‌സുമാരുടെ നിരവധിയായ പ്രശ്‌നങ്ങളില്‍ അവരോടൊപ്പം ചേര്‍ന്ന് നില്ക്കുകയും, അവര്‍ക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണ നല്‍കുകയും ചെയ്തു വരുന്നു. നഴ്‌സുമാരുടെ വിവിധ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റിന് മുന്നില്‍ എത്തിക്കുകയും, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന യുക്മ നഴ്‌സസ് ഫോറംത്തിന്റെ ആഭിമുഖ്യത്തില്‍ പുതുതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന നഴ്‌സുമാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന വെബ് സെമിനാര്‍ പരമ്പരയ്ക്ക് കഴിഞ്ഞ ശനിയാഴ്ച തുടക്കം കുറിച്ചിരുന്നു.

അടുത്തകാലത്ത് യുകെയില്‍ എത്തിച്ചേര്‍ന്ന 'മലയാളി നഴ്‌സ് മാര്‍ക്കൊരു കൈത്താങ്' എന്ന പേരില്‍ യുക്മ നഴ്‌സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാര്‍ പരമ്പരയുടെ രണ്ടാം ഭാഗമാണ് ശനിയാഴ്ച നടക്കുന്നത്. യുക്മയുടെ ഫെയ്‌സ്ബുക് പേജിലൂടെയും പരിപാടി സംപ്രേക്ഷണം ചെയ്തു വരുന്നു.

 

യുകെ യില്‍ നേഴ്‌സ് ആയി എത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 3 (യുകെ) 8.30 (ഇന്ത്യ) സമയങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ളത്.

വിവിധങ്ങളായ വിഷയങ്ങളില്‍ അതാതു മേഖലകളിലെ വിദഗ്ദര്‍ അവതരിപ്പിക്കുന്ന വെബ്ബിനാറുകള്‍ ആണ് യുക്മ നഴ്‌സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.

വെബ്ബിനാറിന്റെ ആദ്യ ദിനത്തില്‍ യുകെയില്‍ എത്തുമ്പോള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഈസ്റ്റ് & ഹെര്‍ഡ്‌ഫോര്‍ഡ്‌ഷെയര്‍ ട്രസ്റ്റില്‍ നിന്നുമുള്ള ഐഇഎല്‍റ്റിഎസ് / ഒ ഇ റ്റി ട്രെയിനര്‍ കൂടിയായ പ്രബിന്‍ ബേബിയുടെ ക്ലാസുകള്‍ വളരെ പ്രയോജനകരമായിരുന്നു എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. യുകെയില്‍ എത്തിയിട്ട് അധിക നാള്‍ ആയിട്ടില്ലാത്ത പ്രബിന്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു.

സൂം വഴി സംഘടിപ്പിച്ചിരിക്കുന്ന വെബിനാറില്‍ സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു. യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍, യുഎന്‍ എഫ് അഡൈ്വസര്‍ സോണിയ ലുബി, യദു കൃഷ്ണന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

Zoom Meeting - ID 85614379463
Passcode - 657070

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക