സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ തുടരും

Published on 21 January, 2022
സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ തുടരും

 

കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ തുടരും. 36 അംഗ ജില്ല കമ്മിറ്റിയില്‍ 7 പുതുമുഖങ്ങള്‍. 19 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.


നിലവില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമാണ്. മടിക്കൈയിലെ അമ്പലത്തുകരയില്‍ (കെ ബാലകൃഷ്ണന്‍ നഗറില്‍) വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ് അദ്ദേഹത്തെ ഐകകണ്‌ഠേന  തെരഞ്ഞെടുത്തത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍,  കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. 1984ല്‍ പാര്‍ടി ജില്ലാകമ്മിറ്റിയംഗമായി. 1996 മുതല്‍ ജില്ലാസെക്രട്ടറിയറ്റംഗമായി. ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി.

കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാസെക്രട്ടറി, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 12 വര്‍ഷം കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡും നേടി. ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേമ്പറിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഈ എഴുപതുകാരന്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക