റോയൽ സിനിമാസ് ബോളിവുഡിലേക്ക്

Published on 22 January, 2022
റോയൽ സിനിമാസ് ബോളിവുഡിലേക്ക്

എഴുത്തുകാരനും ചലച്ചിത്രനിർമ്മാതാവുമായ സി.എച്ച് മുഹമ്മദ് വടകര ബോളിവുഡിലേക്ക്. സി.എച്ച് മുഹമ്മദ് വടകരയുടെ ചലച്ചിത്രനിർമ്മാണ കമ്പനിയായ റോയൽ സിനിമാസ് ബോളിവുഡിലെ പ്രശസ്ത സിനിമ നിർമ്മാണ കമ്പനിയായ ഫിലിമാലയ സ്റ്റുഡിയോയുമായി സഹകരിച്ച് ഹിന്ദി സിനിമകൾ നിർമ്മിക്കാൻ ഒരുങ്ങുന്നു.
മുംബൈയിലെ നടനും നിർമ്മാതാവും സംവിധായകനുമായ സുജോയ് മുഖർജിയുടെ ഉടമസ്ഥതയിലുള്ള ഫിലിമാലയ സ്റ്റുഡിയോയുമായി ചേർന്ന് രണ്ട് ഹിന്ദി സിനിമകൾ നിർമ്മിക്കാനുള്ള കരാർ ഒപ്പിട്ടതായി  മുഹമ്മദ് വടകര അറിയിച്ചു.


ആദ്യ സിനിമ മലയാളിയായ പരസ്യചിത്ര സംവിധായകൻ രാഹുൽ ദേവാണ് സംവിധാനം ചെയ്യുന്നത്.
സുജോയ് മുഖർജി നായകനാകുന്ന ചിത്രം ഹൊററാണ്. ഹിന്ദിയിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി അവസാനവാരം ആരംഭിക്കും.
മമ്മൂട്ടി ചിത്രം മാസ്റ്റർപീസിൻ്റെ നിർമ്മാതാവായ സി.എച്ച് മുഹമ്മദിനെ തൻ്റെ നിർമ്മാണ കമ്പനിയായ ഫിലിമാലയ സ്റ്റുഡിയോയുമായി സഹകരിക്കാൻ സുജോയ് മുഖർജി മുംബൈലേക്ക് ക്ഷണിക്കുകയായിരുന്നു.
റോയൽ സിനിമാസ് കോവിഡ് പ്രതിസന്ധിക്കു ശേഷം ബോളിവുഡിൽ സജീവമാകുമ്പോഴും മലയാളത്തിൽ ഈ വർഷം റോയൽ സിനിമാസിൻ്റെ ബാനറിൽ മൂന്ന് ചിത്രങ്ങൾ പുറത്തിറക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ശ്യാമപ്രസാദ്, അജയ് വാസുദേവ്, നവാഗതനായ മുരളി എടത്തൊടി എന്നിവരാണ് ഈ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. മുരളി എടത്തൊടി സംവിധാനം ചെയ്യുന്ന ഭരതേട്ടൻ്റെ മെഹ്ഫിൽ എന്ന ചിത്രത്തിൻ്റെ കഥയും ഗാനങ്ങളും രചിച്ചത് സി.എച്ച് മുഹമ്മദ് വടകരയാണ്.
നൂറാ വിത്ത് ലൗ എന്ന ചിത്രത്തിലൂടെ കഥയും ഗാനരചനയും നിർവ്വഹിച്ച് മലയാള സിനിമയുടെ ചരിത്രത്തിൻ്റെ ഭാഗമായി മാറിയ സി.എച്ച് മുഹമ്മദ് വടകര എന്ന പ്രവാസിയുടെ സിനിമയോടുള്ള സത്യസന്ധതയും ആത്മാർത്ഥതയും ദൃഢനിശ്ചയവുമാണ് ഒറ്റയാൾ പോരാട്ടത്തിലൂടെ വടകരയിൽ നിന്നും ഇദ് ദേഹത്തെ ബോളിവുഡിൽ എത്തിച്ചത്.

റോയൽ സിനിമാസ് ബോളിവുഡിലേക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക