ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും (പി പി മാത്യു )

പി പി മാത്യു Published on 22 January, 2022
ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും (പി പി മാത്യു )

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്മാരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ നടന്‍ ദിലീപിനെ അടുത്ത മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നല്‍കി. ഞായറാഴ്ച രാവിലെ 9 മണിക്ക് ദിലീപും കൂട്ടു പ്രതികളും ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകണം. 
ചോദ്യം ചെയ്യാന്‍ ദിവസവും 11 മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. 
ബുധനാഴ്ച റിപ്പബ്ലിക്ക് ദിന അവധി കഴിഞ്ഞു വ്യാഴാഴ്ച വീണ്ടും കോടതി കൂടുമ്പോള്‍ ചോദ്യം ചെയ്തു കിട്ടിയ വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കണം. അതിനു ശേഷം മാത്രമേ ദിലീപിനും മറ്റു പ്രതികള്‍ക്കും ജാമ്യം അനുവദിക്കാമോ അതോ അവരെ കസ്റ്റഡിയില്‍ വിടണോ എന്ന് തീരുമാനിക്കൂ. 

അത് വരെ ദിലീപിനെയോ കൂട്ടു പ്രതികളെയോ അറസ്റ്റ് ചെയ്യാന്‍ പാടില്ല. 

അഞ്ചു ദിവസം പ്രതികളെ കസ്റ്റഡിയില്‍ കിട്ടണം എന്ന പ്രോസിക്യൂഷന്റെ ആവശ്യം ജസ്റ്റിസ് പി. ഗോപിനാഥന്‍ അംഗീകരിച്ചില്ല. എന്നാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് പരിഗണിക്കേണ്ടി വരുമെന്ന് കോടതി താക്കീതു നല്‍കി.

ഗൂഢാലോചന നടന്നതായി തെളിയിക്കാന്‍ നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള തെളിവുകള്‍ പോരാ എന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പല തെളിവുകളും അസ്വസ്ഥത ഉളവാക്കുന്നു എന്നും കോടതി പറഞ്ഞു. 

ശനിയാഴ്ച പ്രത്യേക സിറ്റിങ്ങില്‍ ദിലീപിന്റെയും കുറ്റം ആരോപിക്കപ്പെട്ട മറ്റു അഞ്ചു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം ആരംഭിക്കും മുന്‍പ് ചില സുപ്രീം കോടതി വിധികള്‍ ഉദ്ധരിച്ചാണ് ജസ്റ്റിസ് ഗോപിനാഥ് ഇങ്ങിനെ പറഞ്ഞത്. 
എന്നാല്‍ സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പോലെയല്ല ഈ കേസെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനു മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പിന്നെ കേസ് അന്വേഷണവുമായി മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും അവര്‍ അറിയിച്ചു.

നടിയെ  ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഇത് പൂര്‍ണമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി. അന്വേഷണം കഴിയും വരെ വിചാരണ നിര്‍ത്തി വയ്ക്കണം. 

ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ദിലീപ് ആവശ്യപ്പെട്ടു. ആ അപേക്ഷയില്‍ ചൊവാഴ്ച വാദം നടക്കും. പ്രതിക്കു റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. 

എന്താണ് അതിന്റെ ഉള്ളടക്കം എന്നറിയാതെ മറുവാദം എങ്ങിനെ ഉന്നയിക്കും എന്ന് ദിലീപ് പക്ഷം ചോദിച്ചു. ഹര്‍ജിക്കാരെ തെളിവുകള്‍ കാണിക്കാതെ എങ്ങിനെ ഉത്തരവിടാന്‍ കഴിയുമെന്ന ചോദ്യം കോടതി ഉയര്‍ത്തി. 

നാലര വര്‍ഷം മുന്‍പ് നടന്നതായി പറയുന്ന ഒരു ഗൂഢാലോചന സംബന്ധിച്ച് പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരാളെ കൊല്ലും എന്ന് വാക്കാല്‍ പറഞ്ഞു എന്നത് ഗൂഢാലോചനയ്ക്ക് തെളിവല്ല. കൃത്യം നടന്നിട്ടില്ലല്ലോ. ഉദ്യോഗസ്ഥരെ വധിക്കാന്‍ 2017 ല്‍ ഗൂഢാലോചന നടന്നുവെങ്കില്‍ നാലര വര്‍ഷമായിട്ടും അത് സംഭവിക്കാത്തത് എന്തു കൊണ്ട്. കൊല നടന്നാല്‍ മാത്രം പ്രസക്തമാവുന്ന 302ആം വകുപ്പ് ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്. 

പ്രേരണാ കുറ്റവും ഗൂഢാലോചനാ കുറ്റവും ഒരുമിച്ചു പോകില്ലെന്നും ജസ്റ്റിസ് ഗോപിനാഥ് ചൂണ്ടിക്കാട്ടി. ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ ദിലീപ് ഇടയ്ക്കിടെ മുറിയില്‍ പോയി മദ്യപിച്ചിരുന്നു എന്ന് പറയുന്നുണ്ട്. നടന്‍ നടത്തിയ പരാമര്‍ശങ്ങള്‍ മദ്യ ലഹരിയില്‍ ആയിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. 

ദിലീപിനെ ചോദ്യം   ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കൊടുക്കാന്‍ തക്ക ന്യായങ്ങള്‍ പ്രോസിക്യൂഷനു സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നാലര വര്‍ഷമായി ഇല്ലാതിരുന്ന വാദങ്ങളാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ബാലചന്ദ്ര കുമാറിന്റെ ചിത്രത്തില്‍ ദിലീപ് അഭിനയിക്കാന്‍ വിസമ്മതിച്ചതു കൊണ്ടല്ലേ അദ്ദേഹം ഇപ്പോള്‍ പുതിയ 'തെളിവുകള്‍' കൊണ്ട് വന്നത്. 

പോലീസിന് അന്വേഷണം തുടരാമെങ്കിലും അതിനു വേണ്ടി കസ്റ്റഡി ആവശ്യപ്പെടുന്നത് ഇപ്പോള്‍ സ്വീകാര്യമല്ല. 
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു എന്നത് അതീവ ഗുരുതരമായ കാര്യമാണെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു. 
ഒരു തെളിവും ഇല്ലാതെയാണ് വധ ഗൂഢാലോചന ആരോപിച്ചത് എന്നാണ് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള വാദിച്ചത്. കൊല നടന്നിട്ടില്ല എന്നിരിക്കെ കൊലക്കേസില്‍ ചുമത്തുന്ന 302 വകുപ്പ് ചുമത്തി. പോലീസ് കെട്ടിച്ചമച്ച കഥയാണ് ഗൂഢാലോചന. പോലീസ് പഠിപ്പിച്ച കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. അഞ്ചു വര്‍ഷം അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. 
അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ ദിലീപ് പരാതി നല്‍കിയതിന്റെ പ്രതികാരമാണ് ഈ കേസ് എന്നും അദ്ദേഹം വാദിച്ചു. തന്നെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ 'അവര്‍ അനുഭവിക്കും' എന്ന് ശപിക്കുക മാത്രമാണ് ദിലീപ് ചെയ്തത്. അതെങ്ങനെ വധ ഗൂഢാലോചനയാവും. 

'ബൈജു പൗലോസിനെ ട്രക്ക് ഇടിച്ചാലും അതു നമ്മള്‍ ചെയ്യിച്ചതാണെന്നു ആരോപണം ഉണ്ടാവും' എന്ന് മാത്രമേ ദിലീപ് പറഞ്ഞിട്ടുള്ളൂ. ബൈജു പൗലോസിന്റെ വിസ്താരം നീട്ടാനാണ് ഈ കഥ ചമച്ചത്. അദ്ദേഹത്തെ വിസ്തരിച്ചാല്‍  നടിയെ ആക്രമിച്ച കേസ് പൊളിയും. 

സാക്ഷി മൊഴിയിലും എഫ് ഐ ആറിലും പറയുന്ന കാര്യങ്ങളില്‍ വൈരുധ്യമുണ്ടെന്നും രാമന്‍ പിള്ള ചൂണ്ടിക്കാട്ടി. 

എന്നാല്‍ ശക്തമായ ദൃശ്യ തെളിവുകളും ദിലീപിനെതിരെ ഉണ്ടെന്നും അവ ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ആണ് ദിലീപ്. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാനാണ് നടന്‍ ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ കൃത്യമായ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അത് കോടതിയില്‍ പരസ്യമായി പറയാന്‍ കഴിയില്ല. 

ജാമ്യാപേക്ഷയെ എതിര്‍ത്ത് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത്. 

ദിലീപിന്റെ സഹോദരന്‍ അനൂപ്, അളിയന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബിജു എന്നിവരാണ് മറ്റു പ്രതികള്‍. 

ദിലീപിന്റെ സുഹൃത്ത് ശരത്ത് ജി. നായരെ ഇനിയും പ്രതി ചേര്‍ത്തിട്ടില്ല. ബാലചന്ദ്രകുമാര്‍ പറഞ്ഞ വി ഐ പി ഇദ്ദേഹമാണെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക