ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ എല്ലാ വാക്സിനും, രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം മാത്രം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published on 22 January, 2022
ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ എല്ലാ വാക്സിനും, രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം മാത്രം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെയുള്ള എല്ലാ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകളും രോഗമുക്തി നേടി മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

വിദഗ്ദ്ധരുടെ ഉപദേശപ്രകാരമാണ് പുതിയ നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍ക്ക് നെഗറ്റീവായി മൂന്ന് മാസത്തിനുശേഷം മാത്രം പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയാല്‍ മതിയെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഒന്‍പത് മാസത്തിന് ശേഷമാണ് നിലവില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

60 വയസ് കഴിഞ്ഞ അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും കരുതല്‍ ഡോസ് നല്‍കും. ജനുവരി മൂന്ന് മുതല്‍ 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി തുടങ്ങിയിരുന്നു. വാക്സിനേഷന്‍ പൂര്‍ണമായും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൊവിന്‍ ആപ്പില്‍ ഒറ്റ ഫോണ്‍ നമ്ബരില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാവുന്നവരുടെ എണ്ണം നാലില്‍ നിന്ന് ആറായി ഉയര്‍ത്തിയിരുന്നു. വാക്സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 61.16 കോടി ഡോസ് വാക്സിനാണ് രാജ്യവ്യാപകമായി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 67,49,746 ഡോസ് വാക്സിനാണ് രാജ്യത്ത് നല്‍കിയത്.

അതേസമയം, രാജ്യമൊട്ടാകെ കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,37,704 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക