അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു

Published on 22 January, 2022
അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാന പ്രകാരം റിപബ്ലിക് ദിനത്തിനു മുന്നോടിയായാണ് ഇരു ജ്വാലകളും ഒന്നാക്കിയത്. ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് മേധാവി എയര്‍ മാര്‍ഷല്‍ ബാലഭദ്ര രാധാകൃഷ്ണ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റി.

അമര്‍ ജവാന്‍ ജ്യോതിയിലെ അഗ്നി ദീപശിഖയിലേക്ക് പകര്‍ന്ന ശേഷം മാര്‍ച്ചായി യുദ്ധ സ്മാരകത്തിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഇവിടെയുള്ള കെടാവിളക്കിലേക്ക് അഗ്നി പകര്‍ന്ന് രണ്ടും ലയിപ്പിക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ സ്മരണാര്‍ഥമുള്ള ജ്വാലകള്‍ ഒന്നിച്ചാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീരസൈനികരുടെ സ്മരണയ്ക്ക് വേണ്ടിയുള്ളതാണ് അമര്‍ ജവാന്‍ ജ്യോതിയെന്നും അവരുടെയെല്ലാം പേര് കൊത്തി വച്ചിരിക്കുന്നത് ദേശീയ യുദ്ധ സ്മാരകത്തിലായതിനാലാണ് അങ്ങോട്ട് ജ്യോതി മാറ്റുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. അതേസമയം, ഇവ ലയിപ്പിക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് എതിര്‍ത്തു. ചരിത്രത്തെ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് കോണ്‍ഗ്രസ്

നേതാക്കള്‍ ആരോപിച്ചു. അമര്‍ ജവാന്‍ ജ്യോതി അണയ്ക്കുന്നതില്‍ ഏറെ ദു:ഖമുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ദേശഭക്തി, ത്യാഗം തുടങ്ങിയവ എന്തെന്ന് ചിലര്‍ക്ക് അറിയില്ല. സൈനികര്‍ക്കായി അമര്‍ ജവാന്‍ ജ്യോതി ഒരിക്കല്‍ കൂടി തെളിയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക