ഇയാളുടെ സിനിമയില്‍ നിന്ന് പിന്‍മാറിയ ശേഷമല്ലേ ആരോപണം വന്നത്'; ബാലചന്ദ്രകുമാറിനെതിരെ കോടതി

Published on 22 January, 2022
ഇയാളുടെ സിനിമയില്‍ നിന്ന് പിന്‍മാറിയ ശേഷമല്ലേ ആരോപണം വന്നത്'; ബാലചന്ദ്രകുമാറിനെതിരെ കോടതി

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ കോടതി വിമര്‍ശനം. 2017ലാണ് ഗൂഡാലോചന നടത്തിയെന്ന് പറയുന്നതെന്നും അന്ന് ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പമായിരുന്നു എന്നും കോടതി വിലയിരുത്തി. ഇയാളുടെ സിനിമയില്‍ നിന്ന് പിന്‍മാറിയ ശേഷമല്ലേ ആരോപണം വന്നതെന്നും കോടതി ചോദിച്ചു.

എന്നാല്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.എന്തും പറയാന്‍ തയാറായ സാക്ഷിയാണ് ബാലചന്ദ്രകുമാറെന്നും എവിടെയും എന്തും പറയാന്‍ ഇയാള്‍ തയാറാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പറഞ്ഞാല്‍ അത് ഗൂഢാലോചനയാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അപ്പോള്‍, വെറുതെ പറഞ്ഞതല്ലെന്നും, അതിനപ്പുറം ചില നീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യഹര്‍ജി പരിഗണിച്ചത്. ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു സര്‍ക്കാര്‍ മുമ്പ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ട്. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക