Image

യഥാര്‍ത്ഥത്തില്‍ എന്താണ് നമ്മുടെ പ്രശ്‌നം, ദിലീപോ-ഒമിക്രോണോ? (ദുര്‍ഗ മനോജ്‌)

Published on 22 January, 2022
യഥാര്‍ത്ഥത്തില്‍ എന്താണ് നമ്മുടെ പ്രശ്‌നം, ദിലീപോ-ഒമിക്രോണോ? (ദുര്‍ഗ മനോജ്‌)

അദ്ദേഹമൊരു സിനിമാതാരമാണ്. നമ്മള്‍ അദ്ദേഹം നടിച്ച ചിത്രങ്ങള്‍ ഏതെങ്കിലും വിധത്തില്‍ കാണുന്നു. അതിന്റെ വിഹിതം അദ്ദേഹത്തിന് ലഭിക്കുന്നു. അതു കൊണ്ട് അദ്ദേഹം ഇപ്പോള്‍ വീണ്ടും വീണ്ടും നടിക്കുന്നു. അങ്ങനെ അദ്ദേഹമില്ലാതെ നമുക്ക് ജീവിക്കാന്‍ സാധ്യമല്ല എന്ന സ്ഥിതി വന്നിരിക്കുന്നു. അതിനിടയില്‍ അദ്ദേഹം ഇപ്പോള്‍ വലിയൊരു കുറ്റത്തില്‍ അകപ്പെട്ടിരിക്കുന്നു. കുറ്റമാണ് ചെയ്തതെങ്കില്‍ പിടിച്ച് അകത്തിടണം. ഇല്ലെങ്കില്‍ വെറുതേ വിടണം. അല്ലാതെ, കേരളത്തില്‍ ഏറ്റവും വലിയ പ്രശ്‌നമായി ഇതിനെ ഇങ്ങനെ ചരിച്ചും കിടത്തിയും മുട്ടിലിഴയിച്ചും കാണിക്കേണ്ട കാര്യമല്ല എന്നാണ് പൊതുജനം പറയുന്നത്. എന്നാല്‍, പൊതുജനം എന്ന കഴുത പറയുന്നത് ആര് കേള്‍ക്കാനാണ്. പറഞ്ഞുവന്നത് സിനിമാതാരം ദിലീപിനെക്കുറിച്ചാണ്.

ഈ സ്റ്റാറിനെക്കുറിച്ച് നാം കേള്‍ക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഒന്നരയോ രണ്ടോ പതിറ്റാണ്ട് മുന്നേ അദ്ദേഹം മഞ്ജു വാര്യരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട കാലം മുതല്‍ക്കേ നാമിത് കേള്‍ക്കുന്നു. അന്നു തുടങ്ങിയ ഈ പ്രശ്‌നം മുതലിച്ച് മുതലിച്ച് ഇപ്പോള്‍ പലിശയും പലിശയ്ക്കു പലിശയും ചേര്‍ത്ത് നാം അനുഭവിക്കുന്നു. ഇതൊക്കെ അദ്ദേഹത്തിന്റെ സ്വകാര്യപ്രശ്‌നങ്ങളാണ്. അതൊക്കെയും അത്തരം വാര്‍ത്തവിശേഷങ്ങളാക്കിയാലും മതിയെന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. ഇപ്പോള്‍ കോടതിയില്‍ പോലും എത്രയോ കേസുകള്‍ വരെ മാറ്റിവച്ച് ഇത്തരമൊരു കാര്യം മുന്തിയപരിഗണനയ്ക്ക് സ്വീകരിക്കുമ്പോള്‍ ഇത് കേരളത്തിലെ മനുഷ്യാവകാശ പ്രതിസന്ധി പോലെ തോന്നുന്നു. ഇതിനിടയ്ക്ക് തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഒമിക്രോണ്‍ പിടിവിട്ട് പായുന്നതൊന്നും ആരും ശ്രദ്ധിക്കുന്നതേയില്ല. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ ലോക്ക്ഡൗണ്‍, അതിലും മീതേ പോയാല്‍ പോലീസ്, ശിക്ഷ, പിന്നെ മരണത്തിന്റെ കണക്കുകള്‍. ഒട്ടും പ്രായോഗികമല്ലാത്ത വിധത്തിലാണ് നമ്മുടെ പോക്കെന്നു തോന്നിപ്പോകുന്നു കാര്യങ്ങള്‍. ദിലീപിന്റെ കേസിനാണോ, കോവിഡ് കേസിനാണോ നമുക്ക് പ്രാധാന്യം നല്‍കേണ്ടതെന്നു ചോദിച്ചാല്‍, വായനക്കാര്‍ പോലും ആദ്യം ദിലീപേട്ടന് കൈപൊക്കും. കാരണം, കോവിഡ്, ഒമിക്രോണ്‍, ക്വാറന്റൈന്‍ എന്നതൊക്കെ ട്രോളി ട്രോളി ജനം മടുത്തു കഴിഞ്ഞിരിക്കുന്നു.

ഇത് കേരളത്തിലെ മാത്രം സ്ഥിതിയല്ല, ലോകമെല്ലായിടത്തും ഇങ്ങനെ തന്നെ. മനുഷ്യന്‍ ശ്വാസം കിട്ടാതെ കിടന്നു പിടയുമ്പോള്‍ ശൂന്യഡിഗ്രി തണുപ്പില്‍ റഷ്യയും ഉക്രെയിനും ഏറ്റുമുട്ടാനൊരുങ്ങുന്നു. ഇവിടെ ദിലീപിനെ പേടിപ്പിക്കാന്‍ നോക്കുന്നു. അങ്ങ് കേന്ദ്രത്തില്‍, തലസ്ഥാനത്ത് ഭരണം പിടിക്കാന്‍ ബിജെപി ബാലെ കളിക്കുന്നു. ഇവര്‍ക്കൊന്നും ജീവനില്‍ തെല്ലം ഭയമില്ലെന്നു വേണം കരുതാന്‍. അല്ലെങ്കില്‍, പിന്നെ അഹംബോധമായിരിക്കും. ഞാന്‍, എനിക്ക്, എന്റെയാര്‍ക്കും ഒന്നും സംഭവിക്കില്ലെന്ന അകമഴിഞ്ഞ ആത്മവിശ്വാസം. ഇത് നല്ലതാണ്. ഇങ്ങനെയുള്ളവരെ മാത്രം ലക്ഷ്യമിട്ട് കോവിഡ് പുതിയ സാധനത്തെ വൈകാതെ ഇറക്കുമെന്നു മാത്രം ഓര്‍ത്താല്‍ നല്ലത്. അതിന്റെ പുകയും ഇനി നമ്മള്‍ ഏറ്റുവാങ്ങേണ്ടി വരുമല്ലോയെന്നോര്‍ത്ത് ഇപ്പോഴെ ശ്വാസം മുട്ടുന്നു!

 

Join WhatsApp News
Thamarakshan 2022-01-22 14:17:56
ഈശ്വര നീ രക്ഷിക്കണേ . ഇവൻ പണ്ടേ ഒരു ഉടായിപ്പാണ്‌. എത്രയോ തവണ ഇ വിടെ അമേരിക്കയിൽ വന്നു ഈവിടെ ഉള്ളവരെ പറ്റിച്ചു പോയിരിക്കുന്നു.. എന്നിട്ടു ആണ് ഇ പ്പോ വലിയ വിശുധൻ ചമയുന്നത്. ചോദിക്കാനും പറയാനും ആരും ഇല്ലാലോ. എല്ലാവരും ഇവന്റെ ആള്ക്കാര് തന്നെ ആണ്. അല്ലെങ്കിൽ ആ കൊച്ചിനെ എങ്ങനെ ഒക്കെ ചെയമൂന്നോ. ഇവനെ പ്രതി നിർത്തുന്നതിനു പകരമാ കോടതി ഇടപെടണമെ. അതാണ് വേണ്ടത്. അല്ലാതെ വെറുതെ വാദങ്ങളും കേട്ട് എത്ര കാലം എങ്ങനെ പോകും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക