Image

രവീന്ദ്രന്‍ പട്ടയങ്ങള്‍ക്കെതിരെ വിജിലന്‍സ് ; നിരവധി പട്ടയങ്ങള്‍ റദ്ദാകും

ജോബിന്‍സ് തോമസ് Published on 23 January, 2022
രവീന്ദ്രന്‍ പട്ടയങ്ങള്‍ക്കെതിരെ വിജിലന്‍സ് ; നിരവധി പട്ടയങ്ങള്‍ റദ്ദാകും

രവീന്ദ്രന്‍ പട്ടയങ്ങള്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. നല്‍കിയ പട്ടയങ്ങളില്‍ നിരവധി എണ്ണം നടപടി ക്രമങ്ങള്‍ പാസാക്കാതെയാണെന്നാണ് വിമര്‍ശനം. ദേവികുളം താലൂക്കില്‍  എം ഐ രവീന്ദ്രന്‍ നല്‍കിയ 530 പട്ടയങ്ങളില്‍ 104 എണ്ണം മാത്രമാണ് ലാന്റ് അസൈന്‍മെന്റ് കമ്മറ്റി പാസാക്കിയത് എന്നാണ് കണ്ടെത്തല്‍. നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് ഭൂരിഭാഗം പട്ടയങ്ങളും തയ്യാറാക്കിയത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഈ കാര്യങ്ങള്‍ കണ്ടെത്തിയത്. 

അപേക്ഷ നല്‍കിയ അന്നു തന്നെ പട്ടയം അനുവദിച്ച കേസുകളും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. അതോടൊപ്പം നിരവധി പട്ടയങ്ങളില്‍ അപേക്ഷ മുതല്‍ പട്ടയം വരെ ഒന്‍പത് രേഖകളും എഴുതിയത് എം ഐ രവീന്ദ്രനാണ്. തന്റെ ഒപ്പിട്ട് നിരവധി വ്യാജപ്പട്ടയങ്ങള്‍ മറ്റാരോ തയ്യാറാക്കിയിട്ടുണ്ടെന്നും രവീന്ദ്രന്‍ വിജിലന്‍സിനോട് സമ്മതിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ 530 പട്ടയം റദ്ദാക്കുമ്പോള്‍ പുതിയതായി പട്ടയം കിട്ടുന്നത് അര്‍ഹരായ കുറച്ചു പേര്‍ക്ക് മാത്രമായിരിക്കും.

ദേവികുളം താലൂക്കിലെ ഒന്‍പതു വില്ലേജുകളിലായാണ് എം ഐ രവീന്ദ്രന്‍ പട്ടയം നല്‍കിയത്. അപേക്ഷ നല്‍കുന്നതു മുതല്‍ ഒന്‍പതു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പട്ടയം അനുവദിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലാന്റ് അസൈന്‍മെന്റ് കമ്മറ്റിയുടെ അംഗീകാരം. 1999 ല്‍ പട്ടയം അനുവദിക്കുമ്പോള്‍ മൂന്നു തവണയാണ് ലാന്റ് അസൈന്‍മെന്റ് കമ്മറ്റി യോഗം ചേര്‍ന്നത്. ഈ യോഗങ്ങളില്‍ 104 പട്ടയം അനുവദിക്കാനാണ് അനുമതി നല്‍കിയതെന്ന് എം ഐ രവീന്ദ്രന്‍ തന്നെ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന കെഡിഎച്ച് വില്ലേജില്‍ മാത്രം 105 പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക