Image

ജമ്മുകാഷ്മീരില്‍ ആശങ്ക സൃഷ്ടിക്കുന്നവരെ നിശബ്ദരാക്കുമെന്ന് അമിത് ഷാ

ജോബിന്‍സ് തോമസ് Published on 23 January, 2022
ജമ്മുകാഷ്മീരില്‍ ആശങ്ക സൃഷ്ടിക്കുന്നവരെ നിശബ്ദരാക്കുമെന്ന് അമിത് ഷാ

ജമ്മു-കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നാണ് അമിത് ഷായുടെ പ്രതികരണം. ഗുഡ് ഗവേണന്‍സ് ഇന്‍ഡക്‌സ് എന്ന പദ്ധതിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീരിലെ ജനങ്ങളുടെ മനസില്‍ ആശങ്കകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ നിശബ്ദരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'പലരും പലതും പറഞ്ഞു നടക്കുന്നുണ്ട്. പക്ഷെ ഞാനൊരു കാര്യം വ്യക്തമായി പറയാം, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് ഞാന്‍ പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയതാണ്. ഇതിനെതിരെ ആളുകള്‍ പറഞ്ഞു നടക്കുന്ന ചതിക്കുഴികളില്‍ വീഴരുത്. ജമ്മു കശ്മീരിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്'- അമിത് ഷാ പറഞ്ഞു.

 2019 ആഗസ്റ്റില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചത്. ജമ്മു - കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണം നടന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക