Image

മനഃസാക്ഷിയെ നടുക്കിയ വിധി; ഇനിയൊരു ദുര്‍ബല ശബ്ദം നാലു ചുവരുകള്‍ക്കപ്പുറം ഉയരില്ലെന്ന് ഉറപ്പാക്കുന്നു (ബീന സെബാസ്റ്റ്യൻ, മംഗളം)

ബീന സെബാസ്റ്റ്യൻ, മംഗളം  Published on 24 January, 2022
മനഃസാക്ഷിയെ നടുക്കിയ വിധി; ഇനിയൊരു ദുര്‍ബല ശബ്ദം നാലു ചുവരുകള്‍ക്കപ്പുറം ഉയരില്ലെന്ന് ഉറപ്പാക്കുന്നു (ബീന സെബാസ്റ്റ്യൻ, മംഗളം)

(ബിഷപ്പ് ഫ്രാങ്കോ  കേസിൽ  സുപ്രധാനമായ പല വിവരങ്ങളും പുറത്തുകൊണ്ടു വന്നത് ബീന സെബാസ്റ്റ്യന്റെ റിപ്പോർട്ടുകളാണ്) 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍  ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടുകൊണ്ടുള്ള കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പ്രതിയെ വെറുതെ വിട്ടുകൊണ്ട് ആ വിധി ഒരു കന്യാസ്ത്രീയെ മാത്രമല്ല, ലോകമനഃസാക്ഷിയെതന്നെ നിയമത്തിനു മുന്നില്‍ അപഹാസ്യമാക്കുകയാണ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം പോലെ കന്യാസ്ത്രീയെ കുറ്റക്കാരിയെന്ന് വിധിച്ച് ശിക്ഷ കൊടുത്തില്ലെന്ന് മാത്രമേയുള്ളു. പക്ഷേ, സമൂഹത്തിനു മുന്നില്‍ കന്യാസ്ത്രീസമൂഹത്തെ ഒന്നടങ്കം 'വിശ്വസിക്കാന്‍ കൊള്ളാത്തവര്‍' എന്നാക്കി തീര്‍ത്തു. ഏതു കോടതി ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയാലും പൊതുസമൂഹത്തിന്റെ മനസാക്ഷിയുടെ കോടതിയില്‍ അദ്ദേഹം കുറ്റക്കാരന്‍ തന്നെയാണ്.

2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ ബിഷപിനെതിരെ പരാതി നല്‍കുന്നത്. ഒരുപക്ഷേ ലോക കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായായിരിക്കും ഇത്തരമൊരു കേസ് നിയമത്തിനു മുന്നിലേക്ക് വരുന്നത്. അന്ന് ഈ സംഭവം കേട്ടപ്പോള്‍ എനിക്ക് സത്യത്തില്‍ ഒന്നും തോന്നിയില്ല. കാരണം, ഒരു ഭാഗത്ത് ഇരയായ കന്യാസ്ത്രീ. മറുഭാഗത്ത് കത്തോലിക്കാ സഭയും രാഷ്ട്രീയ നേതൃത്വവും. വിധി എങ്ങനെ വരുമെന്ന് അന്നേ ധാരണയുണ്ടായിരുന്നു. ബെനഡിക്ട് ഓണംകുളം അച്ചന്റെ കേസ് മുതല്‍ ഇന്നേവരെ സഭയും അതാതു സര്‍ക്കാരുകളും നടത്തുന്ന ഇടപെടലുകള്‍ കൃത്യമായി ബോധമണ്ഡലത്തിലുണ്ടല്ലോ. റോബിന്‍ വടക്കുംഞ്ചേരി ശിക്ഷിക്കപ്പെട്ടത് ആ പെണ്‍കുട്ടിയുടെ ജനനതീയതി സ്‌കൂള്‍ രജിസ്റ്ററില്‍ തിരുത്താന്‍ പറ്റാത്തതുകൊണ്ടും അവളുടെ കുഞ്ഞിന്റെ ഡി.എന്‍.എ റിസള്‍ട്ട് അട്ടിമറിക്കാന്‍ കഴിയാതെ പോയതുകൊണ്ടും മാത്രമാണ്. റോബിനൊപ്പം കുറ്റക്കാരായ ബാക്കിയെല്ലാവരും പുഷ്പംപോലെ ഇറങ്ങിപ്പോന്നു.

ഈ കേസിനെ കുറിച്ച് രണ്ട് വാദങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. ഈ കേസിന്റെ സത്യാവസ്ഥ അറിയണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. മറ്റൊരു പ്രതിപുരുഷന്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഒരു കേസില്‍ നല്‍കിയ വാര്‍ത്തകളുടെ പേരില്‍ എതിര്‍പക്ഷത്തിന്റെ നോട്ടപുള്ളിയായതും അധിക്ഷേപങ്ങള്‍ കേള്‍ക്കുന്നതും ഇതിനൊരു കാരണമായിരുന്നു. എന്നാല്‍ സത്യം അറിയണം എന്ന ആഗ്രഹം ഉള്ളിലുള്ളതിനാല്‍ അടങ്ങിയിരിക്കാനും കഴിഞ്ഞില്ല. ഇരയും പ്രതിയും കാലങ്ങളോളം ജീവിച്ച ജലന്ധറില്‍ തന്നെ അന്വേഷണമാകാമെന്ന് വച്ചു. ജലന്ധറില്‍ പരിചയമുള്ള വൈദികര്‍, കന്യാസത്രീകള്‍, അത്മായര്‍, അധ്യാപകര്‍, മറ്റ് പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ അങ്ങനെ മൂന്നാഴ്ചയോളം കഷ്ടപ്പെട്ട് എല്ലാവരേയും കോണ്‍ടാക്ട് ചെയ്തു.

മൗനമായിരുന്നു ആദ്യം മറുപടി. പലരും പ്രതികരിക്കാന്‍ താല്‍പര്യപ്പെട്ടില്ല. ചിലരാകട്ടെ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ ഭയം എല്ലാവരേയും വേട്ടയാടിയിരുന്നു. ആരുടെയും പേര് പ്രസിദ്ധീകരിക്കില്ല, മറ്റാരുമായും ഇന്‍ഫോര്‍മറുടെ വിവരം പങ്കുവയ്ക്കില്ല എന്ന് ദൈവനാമത്തില്‍ സത്യം ചെയ്തതോടെയാണ ആളുകള്‍ മനസ്സുതുറന്നത്.

ജലന്ധര്‍ രൂപതയുടെ ആരംഭം മുതല്‍ ഇങ്ങോട്ടുള്ള വിവരങ്ങള്‍ പലരും കൈമാറി. സ്‌കൂളുകളിലും മറ്റും നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ അടക്കം  കത്തോലിക്കാ സഭയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നത്.

സിംഫോറിയന്‍ കീപ്രത്ത് എന്ന പാലാ സ്വദേശിയായ കപ്പൂച്ചിന്‍ വൈദികനായിരുന്നു രൂപതയുടെ പ്രഥമ മെത്രാന്‍. അദ്ദേഹത്തിന്റെ പ്രേരണയാല്‍ കേരളത്തിന്റെ പല ഭാഗത്തുനിന്നും നിരവധി ചെറുപ്പക്കാന്‍ വൈദികരും കന്യാസ്ത്രീകളുമാകാന്‍ ജലന്ധറിലെത്തി. മിഷണറീസ് ഓഫ് ജീസസ് എന്ന പേരില്‍ സഭയും അദ്ദേഹം സ്ഥാപിച്ചു. ആദ്യകാലങ്ങളില്‍ അവിടെ എത്തിയ വൈദികരില്‍ സ്വന്തം വീടുകളില്‍ നിന്നുള്ള ഓഹരി വാങ്ങിയായിരുന്നു അവിടെ സ്‌കൂളുകളും സ്ഥാപനങ്ങളും പടുത്തുയര്‍ത്തിയത്. സ്വര്‍ണം വിളയുന്ന ഗോതമ്പ് പാടങ്ങളില്‍ നിന്നുള്ള വരുമാനം അലമാരകളില്‍ കുമിഞ്ഞുകൂടിയ സര്‍ദാര്‍ജിമാര്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കാത്തിരുന്ന സമയമായിരുന്നു അത്. അവര്‍ മനസ്സുതുറന്ന് ഈ മിഷണറിമാരെ സഹായിച്ചു. പകരം അവരുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം കിട്ടി. ജലന്ധര്‍ ഒരു സ്വര്‍ണഖനിയാണെന്നും രൂപതയ്ക്ക് ഒറ്റയ്ക്ക് സ്‌കൂളുകള്‍ നടത്താന്‍ പറ്റില്ലെന്നും ബോധ്യപ്പെട്ടതോടെ പല മിഷന്‍ സഭകളെയും അവിടേക്ക് ക്ഷണിച്ചു. ഇപ്പോള്‍ 30ലേറെ സന്യാസ സഭകളാണ് അവിടെ സ്‌കൂളുകള്‍ മാനേജ്‌ചെയ്യുന്നത്.

രുപതയ്ക്ക് സമ്പത്ത് വര്‍ധിച്ചപ്പോഴും ദരിദ്രനായി തന്നെ സിംഫോറിയന്‍ കീപ്രത്ത് എന്ന ബിഷപ് ജീവിച്ചു. തന്റെ അനുയായികളെയും അങ്ങനെ പരിശീലിപ്പിച്ചു. ഒരു യാത്ര പോയാല്‍ അഞ്ചു പൈസയുടെ കണക്ക് പോലും അവര്‍ കൃത്യമായി നൽകണമായിരുന്നു. വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയുമായിരിന്നിട്ടും നാട്ടിലേക്കുള്ള യാത്രകള്‍ ട്രെയിനിലെ ഏറ്റവും ചെലവുകുറഞ്ഞ കമ്പാര്‍ട്ട്‌മെന്റുകളിലാക്കി. എന്നാല്‍ പിന്നീട് വന്ന വൈദിക തലമുറയില്‍ ആ അച്ചടക്കം കണ്ടില്ല. ഫ്രാങ്കോ മുളയ്ക്കലിന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം അവിടെ വളര്‍ന്നു വരുന്നുണ്ടായിരുന്നു. പട്ടിണികിടന്ന് കൂട്ടിവച്ച മുതല് തുലയ്ക്കുന്ന ഒരുപറ്റം ധൂര്‍ത്തപുത്രന്മാര്‍. ഇവരെ നേരിട്ട് തളര്‍ന്ന കാര്‍ന്നവരായ ബിഷപ്പും.

അവിടെനിന്നുള്ള വിവരങ്ങള്‍ വച്ചുനോക്കുമ്പോള്‍ ബിഷപ് സിംഫോറിയന്‍ കീപ്രത്തിനോട് ഫ്രാങ്കോയ്ക്ക് എന്തോ വലിയ പകയുണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. കീപ്രത്തിന്റെ സംസ്‌കാര ചടങ്ങില്‍ അത് ഈ കന്യാസ്ത്രീകളോട് ഫ്രാങ്കോ തുറന്നുപറയുകയും ചെയ്തിരുന്നു. 'നിങ്ങളുടെ പിതാവിനെ കുഴിച്ചിട്ടപോലെ നിങ്ങളുടെ സഭയേയും ഞാന്‍ കുഴിച്ചുമൂടും.' ഇടിത്തീ പോലെയാണ് ആ വാക്കുകള്‍ കന്യാസ്ത്രീകളുടെ മേല്‍ പതിച്ചത്. ഈ കാലയളവിനുള്ളില്‍ അത്രമേല്‍ ക്രൂരത അവരുടെ സഭയോടും രൂപതയോടും ഇഷ്ടമില്ലാത്ത സഹവൈദികരോടും അയാള്‍ ചെയ്തുകഴിഞ്ഞിരുന്നു. ആ ക്രൂരതകളില്‍ ചിലത് ഞാന്‍ റിപ്പോര്‍ട്ടും ചെയ്തിരുന്നു. സ്‌കൂളുകളില്‍ നിന്നുള്ള വരുമാനം രൂപതയുടെ പൊതുസ്വത്ത് ആകാതെ അയാളുടെ സ്വകാര്യ സ്വത്തായി ഇഷ്ടംപോലെ ധൂര്‍ത്തടിച്ചു. അരമന ആഡംബര ഹോട്ടലിന് സമാനമായി.

ഇതൊക്കെ ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വഭാവത്തെ  കുറിച്ചുള്ള ചെറുവിവരം മാത്രമാണ്. പ്രസിദ്ധീകരിച്ചവയെല്ലാം ഓര്‍ത്തെടുത്ത് എഴുതാന്‍ ബുദ്ധിമുട്ടുണ്ട. പ്രസിദ്ധീകരിക്കാത്തവയും ഏറെയുണ്ട്.

ഇനി കേസിലേക്ക് വന്നാല്‍,  കേസിന്റെ ആദ്യഘട്ടങ്ങളില്‍ പോലീസിനേയോ കന്യാസ്ത്രീകളെയോ ഞാന്‍ ബന്ധപ്പെട്ടിരുന്നില്ല. അവരോട് ഒന്നും ചോദിച്ചിരുന്നുമില്ല. കാരണം, അതെല്ലാം മറ്റ് മാധ്യമങ്ങള്‍ ചെയ്യുന്നുണ്ട്. ജലന്ധറില്‍ നിന്നുള്ള വാര്‍ത്തകളിലാണ് ഞാന്‍ ഏറെയും ശ്രദ്ധചെലുത്തിയത്. അരമന രഹസ്യം അറിയാന്‍ വായനക്കാരും ഏറെയുണ്ടായിരുന്നു.

ഇതിനകം എന്റെ റിപ്പോര്‍ട്ടുകള്‍ വായിച്ച കന്യാസ്ത്രീകള്‍ പലരോടും എന്നെ കുറിച്ച് തിരക്കിയെന്ന് അറിഞ്ഞു. ഒടുവില്‍ അവരുടെ ഒരു സുഹൃത്താണ് സിസ്റ്റാർ അനുപമയുടെ നമ്പര്‍ എനിക്ക് നല്‍കുകയും എന്നോട് സംസാരിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടെന്നും അറിയിച്ചത്. അതുപ്രകാരം ഞാന്‍ വിളിച്ചു. എല്ലാവരുമായും സംസാരിച്ചു. അതിജീവിതയോടും സംസാരിച്ചു. എല്ലാവരും പൊക്കിപറയുന്ന 13 ന്റെ കാര്യവും ഞാന്‍ തിരക്കി. എന്തുകൊണ്ട് 13 വരെ സഹിച്ചു. ഇതുവരെ പുറത്തുപറഞ്ഞില്ല. അവരോട് നേരിട്ട് ചോദിച്ചു. അവരെ വിഴുങ്ങിയിരുന്ന ഭയം അപ്പോഴാണ് അവര്‍ എന്നോട് തുറന്നുപറഞ്ഞത്. ഓരോ തവണയും അയാള്‍ ഈ ആവശ്യവുമായി തന്നെ സമീപിക്കുമ്പോള്‍ നിരാശ്രയയും നിസഹായയുമായിരുന്നതെങ്ങനെയെന്ന് അവര്‍ എന്നോട് വിവരിച്ചു. ഒരു കത്തോലിക്ക ആയ എനിക്കുപോലും എന്താണ് കന്യാമഠങ്ങളില്‍ നടക്കുന്നതെന്ന് കൃത്യമായി അറിയില്ല. അപ്പോള്‍ പിന്നെ 13ന്റെ കണക്കില്‍ അശ്ലീലം കാണുന്ന പൊതുസമൂഹത്തോട് എന്തു പറയാനാണ്.

 2018 സെപ്തംബര്‍ 8ന് കന്യാസ്ത്രീകള്‍ എറണാകളത്ത് സമരം ആരംഭിച്ചതോടെ കത്തോലിക്കാ സഭ ഉയര്‍ത്തെഴുന്നേറ്റു എന്നു വേണം പറയാന്‍. അതുവരെ ഒളിഞ്ഞും തെളിഞ്ഞും ഫ്രാങ്കോയെ പിന്തുണച്ച സഭാപിതാക്കന്മാരും ഒരുപറ്റം വൈദികരും സമരക്കാരെ പുലഭ്യം പറയാനും ജിഹാദി ഫണ്ട് സമരമെന്നും പറഞ്ഞും പരിഹസിച്ചു. വാര്‍ത്തനല്‍കുന്ന മാധ്യമങ്ങളെ ജിഹാദികളാക്കിയും ജിഹാദി ഫണ്ട് പറ്റുന്നവരായും അവര്‍ ചിത്രീകരിച്ചു. (അഞ്ചു പൈസ പോലും ഒരു ജിഹാദിയും ഇതുവരെ എനിക്ക് തന്നില്ല) 'ബലാത്സംഗമാണോയെന്ന പറയാന്‍ നേരില്‍ കാണാല്‍ സ്‌റ്റേജില്‍ നടന്ന കലാപരിപാടിയല്ലല്ലോ' എന്ന് പരിഹസിക്കുന്ന ബിഷപ്പിനെ വരെ കണ്ടു.  സെപ്തംബര്‍ 13ന് ഞാനും സമരഭൂമിയിലെത്തി. അന്നാദ്യമായാണ് അവരെ ഞാന്‍ നേരില്‍ കാണുന്നത്. ഒരു ദിവസം മുഴുവന്‍ അവിടെ ചെലവഴിച്ചു. പലരേയും കണ്ടു. മുന്‍പ് ഫ്രാങ്കോയുടെ പീഡനം മൂലം ജലന്ധറില്‍ നിന്നും രക്ഷപ്പെട്ടോടി നാട്ടില്‍ വന്ന് ഒളിച്ചുജീവിക്കുന്ന ഒരു വൈദികന്റെ കുടുംബത്തെ കണ്ടു. പല അനുഭവങ്ങളും കേട്ടു.

ഈ കാലയളവില്‍ എനിക്കെതിരെയും ആക്രമണങ്ങള്‍ നടന്നുകൊണ്ടിരുന്നു. ഞാന്‍ ഓരോ വാര്‍ത്തയും പുറത്തുവിടുമ്പോള്‍ ജലന്ധറില്‍ നിന്നുള്ള യൂട്യൂബ് ചാനല്‍ വഴി ഫ്രാങ്കോയിസ്റ്റുകള്‍ എന്നെ കടന്നാക്രമിച്ചുകൊണ്ടിരുന്നു. വാര്‍ത്ത നല്‍കുന്നവരെന്ന് തെറ്റിദ്ധരിച്ച് പലരേയും വീട് കയറി ആക്രമിച്ചു. പുലഭ്യം പറഞ്ഞു. പല വൈദികരുടെയും താമസസ്ഥലങ്ങൾ  എറിഞ്ഞുതകര്‍ത്തു. രാത്രി പ്രാണനുംകൊണ്ട് വീടിന്റെ പുറകിലൂടെ ഓടിരക്ഷപ്പെട്ട വൈദികനെ എനിക്കറിയാം. മറ്റ് കന്യാസ്ത്രീകളെ ഉപയോഗിച്ച് മാനസികമായി പീഡിപ്പിച്ചു. അത്തരമൊരു പീഡനമാണ് ഫാ.കുര്യാക്കോസ് കാട്ടുതറ എന്ന വൈദികന്റെ ജീവനെടുത്തതും. യുട്യൂബ് ചാനലിലെ അധിക്ഷേപം കൊണ്ടും എന്നെ തടയാന്‍ കഴിയില്ലെന്ന് വന്നതോടെ പല കേസുകളിലും പെടുത്താന്‍ ശ്രമിച്ചു. അവസാനം കഴിഞ്ഞമാസം ഒരു കോടതിയലക്ഷ്യ കേസ് വരെ വന്നു. സത്യം ഒന്നേയുള്ളു. അത് ഏതാണെന്ന് ഉത്തമ ബോധ്യമുള്ളതിനാല്‍ പതറാതെ പിടിച്ചുനിന്നു.
അനുഭവങ്ങള്‍ പറഞ്ഞാല്‍ പരമ്പരപോലെ എഴുതേണ്ടിവരും.

ഇനി, വിധി വരുത്തിയ പ്രത്യാഘാതത്തിലേക്ക് കടക്കാം. വിധി ഫ്രാങ്കോയ്ക്ക് അനുകൂലമായിരിക്കുമെന്ന് ജലന്ധറില്‍ നിന്ന് എനിക്ക മുന്‍പേ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. വിധി വരട്ടെ, എല്ലാവരേയും കാണിച്ചുതരാം എന്ന് വെല്ലുവിളിച്ച് നടക്കുന്ന ഫ്രാങ്കോയിസ്റ്റ അച്ചന്മാരും ഗുണ്ടകളും. വിധി പിതാവിന് അനുകൂലമാക്കാന്‍ എല്ലാം ചെയ്തിട്ടുണ്ടെന്ന് അവര്‍ പരസ്യമായി വിളിച്ചുപറഞ്ഞു. അതെല്ലാം അപ്പപ്പോള്‍ തന്നെ ഞാന്‍ അറിയുന്നുണ്ടെങ്കിലും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം എന്നിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ പകുതിയോടെ മജിസ്‌ട്രേറ്റിന്റെ സ്ഥലംമാറ്റം സംബന്ധിച്ച് ഒരു വാര്‍ത്ത ഞാന്‍ നല്‍കി. അതുകണ്ട് എറണാകുളത്ത് പല ബന്ധങ്ങളുമുള്ള ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. 'സഹോദരീ, വാര്‍ത്ത എഴുതി അധികം കഷ്ടപ്പെടേണ്ട, അത് ഡീല്‍ ഉറപ്പിച്ച കേസാണ്. വിധി വിചാരണയ്ക്കു മുന്‍പേ ഫിക്‌സ് ചെയ്തുകഴിഞ്ഞു'. 

വിധി വരുന്നതിന് തലേന്ന് നിരവധി ബിസിനസ് ബന്ധങ്ങളുള്ള ഒരു വ്യക്തിയുമായി സംസാരിക്കാനിടയായി. വിധി എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു. പ്രതി ഫ്രാങ്കോ ആണെങ്കിലും കളിക്കുന്നത് കത്തോലിക്കാ സഭയോട് ആണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വിധി വരുന്നതിനു മണിക്കൂര്‍ മുന്‍പ് ഒരു ചാനലില്‍ ഫ്രാങ്കോയ്ക്ക് വേണ്ടി സംസാരിക്കാന്‍ വന്നയാള്‍ ഓരോ കാരണങ്ങള്‍ അക്കമിട്ടു പറഞ്ഞു. അതെല്ലാം അതേപടി വിധി ന്യായത്തില്‍!!!! എന്നാല്‍ ഞാന്‍ തളര്‍ന്നില്ല. എന്റെ വിശ്വാസം ഫ്രാങ്കോ ശിക്ഷിക്കപ്പെടും എന്നു തന്നെയായിരുന്നു. എന്നാല്‍ അവരെല്ലാം പറഞ്ഞപോലെ 'ഫിക്‌സ് ചെയ്ത വിധി' ആണ് പുറത്തുവന്നത്.

വിധിയെ കുറിച്ച് പറഞ്ഞാല്‍, ഇനിയൊരു കന്യാമഠത്തില്‍ നിന്നും ഒരു കണ്ണുനീരും പുറംലോകം കാണരുത് എന്നാര്‍ക്കോ നിര്‍ബന്ധമുള്ള വിധിയെന്നേ ഞാന്‍ അതിനെ പറയൂ. കന്യാസ്ത്രീകളും മറ്റു സാക്ഷികളും കോടതിക്കു മുമ്പാകെ കൊടുത്ത രഹസ്യ മൊഴികളും തെളിവുകളുമെല്ലാം തള്ളിക്കളഞ്ഞ കോടതി, ഫ്രാങ്കോ പറയുന്നത് മാത്രമാണ് സത്യം എന്ന് കണ്ടെത്തിക്കളഞ്ഞു. കന്യാസ്ത്രീകള്‍ നുണച്ചികളായി. പോലീസിനു മുമ്പാകെയുള്ള ഫ്രാങ്കോയുടെ കുറ്റസമ്മത വീഡിയോ പോലും തെളിവല്ല.

സമൂഹത്തില്‍ ഒരു ശബ്ദവുമില്ലാത്തവരായിരുന്ന കന്യാസ്ത്രീകള്‍. ഇനി ഒട്ടും ശബ്ദിക്കാന്‍ പറ്റാത്തവരായി. എസ്.പി ഹരിശങ്കര്‍ പറഞ്ഞതുതന്നെയാണ് ഇവിടെ എനിക്കും പറയാനുള്ളത്. ദുര്‍ബലരുടെ ഒരു ശബ്ദവും ഇനി സമൂഹം കേള്‍ക്കില്ല.

ഞാന്‍ പ്രതീക്ഷിച്ചത്.- ഫ്രാങ്കോ ശിക്ഷിക്കപ്പെടുന്നതിനൊപ്പം കന്യാമഠങ്ങള്‍ പോലെ ശബ്ദമില്ലാത്തവര്‍ താമസിക്കുന്ന ഇടങ്ങളില്‍ അവരെ കേള്‍ക്കാന്‍ ഒരു സമിതി വേണമെന്ന പരാമര്‍ശം കോടതിയില്‍ നിന്ന് വരുമെന്ന് ഞാന്‍ കരുതി. അതുവഴി അവരുടെ വേദനയ്ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചു. അതിന്‌ സഭയില്‍ ഇപ്പോള്‍ സംവിധാനമില്ലേ എന്ന് ചോദിക്കുന്നവരുണ്ടാകും. സംവിധാനത്തിന്റെ കുറവല്ല, കേള്‍വിയില്ലാത്തതാണ് പ്രശ്‌നം. ഇടവക വികാരി മുതല്‍ വത്തിക്കാന്‍ വരെ പരാതികള്‍ പോയിട്ടും എല്ലാവരും അവരെ കൈവിട്ടു. ചിലര്‍ പരാതികള്‍ മുക്കി, ചിലരാകട്ടെ, പരിഹസിച്ചു. സഹപ്രവര്‍ത്തക നേരിട്ട ദുരനുഭവത്തില്‍ ചില കന്യാസ്ത്രീകള്‍ ഫ്രാങ്കോയ്‌ക്കൊപ്പം നിന്ന് അവരെ കുത്തി വേദനിപ്പിച്ചു. പരാതിക്കാരിക്കൊപ്പം പരാതികള്‍ നല്‍കാന്‍ ഓരോയിടത്തും കയറിയിറങ്ങിയ ഒരു സഹോദരി സ്ഥാനമാനങ്ങളും മറ്റു ചില വാഗ്ദാനങ്ങളും കിട്ടിയപ്പോള്‍ അവരെ ചതിച്ചു. ചുരുക്കത്തില്‍ അവരെ കേള്‍ക്കാന്‍ പോലും ആരും തയ്യാറായില്ലെന്നതാണ് സത്യം.

ഈ വിധിയെ കുറിച്ച് എന്റെ നിഗമനങ്ങള്‍ ഇങ്ങനെയാണ്.

- ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയില്‍ വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മാര്‍പാപ്പ ഇന്ത്യയില്‍ വരുമ്പോള്‍ ഒരു കത്തോലിക്കാ ബിഷപ്, പ്രത്യേകിച്ച് ലാറ്റിന്‍ ബിഷപ് ജയിലില്‍ കിടക്കുന്നത് സഭയ്ക്കുണ്ടാക്കുന്ന മാനക്കേട് എത്ര വലുതാണ്. ഫ്രാങ്കോ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിലായിരിക്കാം ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നതും.

- ഫ്രാങ്കോയുടെ വത്തിക്കാന്‍, ഡല്‍ഹി ബന്ധങ്ങള്‍. വത്തിക്കാനില്‍ പഠനത്തിന് പോയ ഫ്രാങ്കോ അവിടെയുള്ള 'ഒപ്പസ് ഡേയ്' പോലെയുള്ള തീവ്ര നിലപാടുള്ള സംഘടനയില്‍ പങ്കാളിയായിരുന്നുവെന്ന് കേട്ടിരുന്നു. തങ്ങളുടെ സമൂഹത്തിലെ ഒരംഗം ഏതെങ്കിലും കേസില്‍പെട്ടാല്‍ ആ രാജ്യത്ത് അവര്‍ വത്തിക്കാന്‍ വഴി സമ്മര്‍ദ്ദം ചെലുത്തും. സ്ത്രീകളെ രണ്ടാം തരക്കാരായി മാത്രം കരുതുന്ന വിഭാഗമാണിത്.

ഡല്‍ഹിയില്‍ സഹായ മെത്രാനായിരിക്കേ ബിജെപി അടക്കമുള്ള ദേശീയ കക്ഷികളുമായി അടുത്ത ബന്ധം. ജലന്ധറില്‍ അകാലിദള്‍, കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം ഫ്രാങ്കോയുടെ കീശയിലായിരുന്നു ഒരു കാലത്ത്.

- കത്തോലിക്ക വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കേന്ദ്രവും കേരളവും ഭരിക്കുന്ന പാര്‍ട്ടികള്‍ മത്സരിക്കുന്ന കാലമാണല്ലോ ഇത്. ക്രിസ്ത്യാനികളെ പാട്ടിലാക്കാന്‍ ഒരു മധ്യസ്ഥനെ തന്നെ കേന്ദ്രം വച്ചിട്ടുണ്ട്. ബിഷപ്പുമാരെ വരുതിയിലാക്കി വോട്ടുബാങ്ക് രാഷ്ട്രീയം ഇരു സര്‍ക്കാരുകളുടെയും അജണ്ടയായിരിക്കാം.

-കര്‍ദിനാള്‍ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ കോടതികളുടെ ഇടപെടല്‍ മൂലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഏഴ് കേസുകളാണ്. നിരവധി പരാതികളും കോടതികളില്‍ കിടപ്പുണ്ട്. കോടതി ഇടപെടാതെ ഒരു പോലീസും കേസെടുക്കില്ല എന്നതാണ് അവസ്ഥ. ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം പിടിമുറുക്കിയ ഈ കേസുകളില്‍ പിന്നീട് ഒരു നീക്കുപോക്കും ഉണ്ടായില്ലെന്ന് ഓര്‍ക്കുക.

ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് എല്ലാവരും കൂടി വേട്ടക്കാരനൊപ്പം ഇര വേട്ടയാടുകയായിരുന്നുവെന്ന് കരുതേണ്ടി വരുന്നു.
-----------------------

Join WhatsApp News
Mercy ! 2022-01-24 18:10:44
' No one would hear the cry of the weak from within the four walls from now on ' - words that undermine the foundation of Christian faith in The Truth of the Incarnation , conveying instead ( even if not intended ) the sense of fear and despair that deny the care and goodness of God for each life - even as we may not see same in the here and now of the brief seconds of earthly life in compare to the infinity of eternity - ' what you did to the least , you did it unto Me '- words of our Lord who shares our humanity in The Incarnation .. thus , taken upon Himself , the wounds and the cry of the littlest , from within the round walls of the womb ( that has the same tissue structure as that of the heart ) ..those cries get unto the hearts of men and women too , to often bring on despair and its hardness that make persons deny the worth , the dignity and destiny of life, until given the grace to repent , trusting in His mercy and the related desire to make reparations ..True , those of us in The Church are also to help make reparations , as The Way shown us by The Lord .. reminded and narrated for our times , by sts such as St.Faustina - her Diary one of the good means to find the needed lessons for our times - such as how on one occasion , when she comes across someone about to commit a sin , she takes on extra penances in silence , with its good results .. We too would know only in the hereafter as to how the holiness and related life of penance of many in the Congregations too help to undo the effects of the rebellious self will and evils in all our lives - reason the enemy often target them .. the news of the falls ,whether real or concocted , to give us awareness of the many evils in our own lives and around us - the families of the many in religious life too often not having been spared .. leading to the lukewarmness of our times , in a culture that condone evils and sinful life styles - including in Catholic marriages and its effects that reach in , even into hearts and lives that shock us . Let us hope that the painful events narrated in the news would help all to look into own contributions through choices or negligence , to ask the Holy Spirit to send forth New drops of holiness into every life , just as the new drops of sunlight given us all for every second of our lives , tailor made as little Doves for each heart and life , for every wound and memory - to help us to look with the Love in compassion for all , pleading for His mercy as also deliverance from spirits of evils of all sorts , to bring on new hope and trust in Him , as our Holy Father reminds us , about the oneness in the wounds .. Opus Dei and such good movements in The Church too also focused on that noble work of God even when there could be errant sheep there too or misunderstandings about their intents as well .. Mercy !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക