Image

വിചാരണ നീട്ടാന്‍ സുപ്രീം കോടതി അനുമതിയില്ല  (പി പി മാത്യു )

പി. പി. മാത്യു Published on 24 January, 2022
വിചാരണ നീട്ടാന്‍ സുപ്രീം കോടതി അനുമതിയില്ല  (പി പി മാത്യു )

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആറു മാസം കൂടി നീട്ടാന്‍ അനുമതി തേടി കേരളാ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച്ച തള്ളി. അപേക്ഷ നല്‍കേണ്ടത് വിചാരണ കോടതിയാണെന്നു ജസ്റ്റിസ്  എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധിയില്‍ ചൂണ്ടിക്കാട്ടി. 

വിചാരണ ഫെബ്രുവരി 16 നു പൂര്‍ത്തിയാക്കണം എന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പുതിയ തെളിവുകള്‍ ലഭ്യമായതിനാല്‍ ആറു മാസം കൂടി സമയം നല്‍കണം എന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഇതിനെ എതിര്‍ത്ത് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍, സര്‍ക്കാരിന്റെ അപേക്ഷ സ്വീകരിക്കരുതെന്നു അപേക്ഷിച്ചിരുന്നു. 

വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് ചോദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി സ്വീകരിച്ചില്ല. 
വിചാരണ പല രീതിയില്‍ നീട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ പ്രശസ്ത അഭിഭാഷകന്‍ മുകുള്‍ രസ്‌തോഗി കോടതിയെ ധരിപ്പിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റാനായിരുന്നു ആദ്യ ശ്രമം. അതിനായി ഹൈക്കോടതിയെ സമീപിച്ചു. അതു നടക്കില്ലെന്നു കണ്ടപ്പോള്‍ പ്രോസിക്യൂട്ടര്‍ രാജി വച്ചു. നാലു തവണ വിചാരണ സമയം നീട്ടി കൊടുത്തിരുന്നു. ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണ ആണ്. 

എന്നാല്‍, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തു വിട്ട പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണങ്ങള്‍ ആവശ്യമാണെന്നും വിചാരണ തുടരേണ്ടതുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത വാദിച്ചു. ഈ ആവശ്യത്തെയും ദിലീപിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. 

സര്‍ക്കാരിനു തിരിച്ചടി ആവുന്നു സുപ്രീം കോടതിയുടെ തീര്‍പ്പ്. നടിയെ ആക്രമിച്ചു എന്ന കേസില്‍ പുതിയ തെളിവുകള്‍ ഉള്ളത് കൊണ്ട് തുടരന്വേഷണം നടത്താന്‍ അനുമതി നല്‍കണം എന്ന ആവശ്യം പരിഗണിച്ചു വിചാരണ കോടതിയാണ് ഭാവി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. 

അതേ സമയം, ഈ കേസില്‍ അന്വേഷണത്തിനു കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ ഹൈക്കോടതിയുടെ മുന്പാകെയുണ്ട്. പുതിയ അഞ്ചു സാക്ഷികളെ വിസ്തരിക്കാന്‍ കോടതിയുടെ അനുമതി ഉണ്ടെങ്കിലും അത് തുടരന്വേഷണം കഴിഞ്ഞാല്‍ മാത്രമേ സാധിക്കൂ എന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 
സാക്ഷികളില്‍ ചിലര്‍ അന്യസംസ്ഥാനത്തു ആണെന്നും അതില്‍ രണ്ടു പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ വിശ്വസനീയമായ തെളിവുകള്‍ ശേഖരിക്കുന്നതും ഇക്കാര്യത്തില്‍ പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ടു കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു ദിലീപിന്റെയും നാല് കൂട്ടു പ്രതികളുടെയും ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടര്‍ന്നു. പ്രതികള്‍ നല്‍കുന്ന മൊഴികളില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വധ ഗൂഢാലോചന സ്ഥിരീകരിച്ചു ഒരു പ്രതി സംസാരിച്ചു എന്ന പത്ര വാര്‍ത്തയും അവര്‍ സ്ഥിരീകരിച്ചില്ല.
വ്യാഴാഴ്ച്ച ഹൈക്കോടതിയില്‍ മുദ്ര വച്ച കവറില്‍ ചോദ്യം ചെയ്തു കിട്ടിയ വിവരങ്ങള്‍ സമര്‍പ്പിക്കണം. 
ക്രൈം ബ്രാഞ്ച് മാധ്യമ വിചാരണ നടത്തുകയാണ് എന്ന ആക്ഷേപം ദിലീപ് ഉയര്‍ത്തിയിരുന്നു.

ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച്ച സംവിധായകരായ റാഫിയെയും അരുണ്‍ ഗോപിയെയും വിളിച്ചു വരുത്തി.ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ദിലീപിന്റെ വീട്ടു ജോലിക്കാരനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. 

'പിക്ക് പോക്കറ്റ്' എന്ന ചിത്രത്തില്‍ നിന്നു പിന്മാറിയത് ബാലചന്ദ്ര കുമാര്‍ തന്നെയാണ് എന്നും അല്ലാതെ ദിലീപ് ആയിരുന്നില്ല എന്നും റാഫി മൊഴി കൊടുത്തു എന്നാണറിവ്. ദിലീപിന് കഥാപാത്രത്തെ ഇഷ്ടമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 
ചോദ്യം ചെയ്യല്‍ ചൊവാഴ്ച്ച കൂടി തുടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക