Image

അനുവാദം ചോദിക്കാതെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി; ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ്

ജോബിന്‍സ് തോമസ് Published on 24 January, 2022
അനുവാദം ചോദിക്കാതെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി; ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ്

തന്റെ അനുവാദം ചോദിക്കാതെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. കൊലയാളിയുടെ ആക്രമണത്തില്‍ കഴുത്തില്‍  ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. കൊല്‍ക്കത്തയിലെ നരേന്ദ്രപൂരില്‍ വ്യാഴാഴ്ചയാണ് സംഭവം.

യുവതി ഏതാനും മാസം മുമ്പ് ഭര്‍ത്താവിനോട് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അയാള്‍ അത് നിരസിച്ചു. തുടര്‍ന്ന് യുവതി ട്യൂഷന്‍ ക്ലാസ് എടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് ജനുവരി ഒന്നിന് ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി.

ഇതറിഞ്ഞ ഭര്‍ത്താവ് രോഷാകുലനാകുകയും ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്ന് നരേന്ദ്രപൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. രാത്രി ഭര്‍ത്താവ് വീടിന്റെ പ്രധാന വാതില്‍ പൂട്ടാനെന്ന് പറഞ്ഞു പോയി.

ഏറെനേരം കഴിഞ്ഞിട്ടും ഭര്‍ത്താവ് മടങ്ങി വരാതിരുന്നതോടെ യുവതിക്ക് എന്തോ പന്തികേടുണ്ടെന്ന് തോന്നി. ഭര്‍ത്താവിനെ അന്വേഷിച്ചുപോയ യുവതിയെ രണ്ടുപേര്‍ ആക്രമിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിന് മുറിവേല്‍പ്പിച്ചു. കുതറിയോടിയ യുവതി ഒച്ചവെച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ഓടിക്കൂടിയ അയല്‍വാസികള്‍ യുവതിയുടെ ഭര്‍ത്താവിനെയും വാടകക്കൊലയാളി സുരജിത്തിനെയും പിടികൂടി പൊലീസിന് കൈമാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക