Image

കവിതയെ സെൻസർ ചെയ്യില്ല (വിജയ് സി. എച്ച് )

Published on 24 January, 2022
കവിതയെ സെൻസർ ചെയ്യില്ല (വിജയ് സി. എച്ച് )

എഴുത്തിൽ അര നൂറ്റാണ്ട് പിന്നിടുന്ന പ്രഭാ വർമ്മയുടെ പുതിയ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു അധികം നാളുകൾ കഴിയും മുമ്പെ, ഫ്രഞ്ച് നോവലിസ്റ്റ് ആൽബർട്ട് കാമ്യുവിൻ്റെ പ്രശസ്ത കഥാപാത്രമായ ഇവാൻ കാലിയേവിനെ തനതു വഴിയിൽ പുനരാവിഷ്കരിക്കുന്ന അദ്ദേഹത്തിൻ്റെ പ്രഥമ ഇംഗ്ളീഷ് നോവൽ 'After the Aftermath'-ഉം വായനക്കാരുടെ കൈകളിലെത്തി. 
'ഓരോരോ നോവിൻ കനലിലും എരിയാനൊരേ നിലാവിൻ തളിരിതളോ...' എന്നു തുടങ്ങുന്ന വരികൾക്ക് ഈയ്യിടെയെത്തിയ ദേശീയ പുരസ്കാരത്തിനൊപ്പം, ദത്ത് വിവാദ പശ്ചാത്തലത്തിൽ മുന്നെയെഴുതിയ കവിത 'പെറ്റമ്മയും പോറ്റമ്മയും' ഇന്നും ചൂടുപിടിച്ച ചർച്ചകൾക്ക് തീകൊളുത്തുമ്പോൾ, പ്രഭ കാവ്യലോകത്തു മാത്രമല്ല, സാമൂഹിക-രാഷ്ട്രീയ വീഥികളിലും ദീപ്തമായി നിലകൊള്ളുന്നു...  

🟥 'പ്രഭാവർമ്മയുടെ കവിതകൾ' എന്ന താങ്കളുടെ പുതിയ പുസ്തകത്തെ ഗ്രന്ഥകാരൻ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്? സമാഹാരത്തിലെ കവിതകൾ തമ്മിലുള്ള സൃഷ്ടിപരവും, പ്രമേയപരവുമായ പൊരുത്തങ്ങളും പൊരുത്തക്കേടുകളും എന്തൊക്കെയാണ്? 
എഴുത്തിൽ അമ്പതാണ്ട് തികയുന്ന ഘട്ടത്തിൽ എൻ്റെ ഇതുവരെയുള്ള കവിതകളെല്ലാം ഡി. സി. ബുക്‌സ് സമാഹരിച്ചു പ്രസിദ്ധീകരിച്ചു. ഇത് എൻ്റെ എഴുത്തിനുള്ള ഒരു അംഗീകാരം കൂടിയാണെന്ന് ഞാൻ കരുതുന്നു. പല കവിതാ സമാഹാരങ്ങളും എൻ്റെ ശേഖരത്തിൽ ലഭ്യമായിരുന്നില്ല. കവിത ചൊല്ലുന്ന കുട്ടികൾ മുതൽ നിരൂപകർ വരെ ആവശ്യപ്പെടുമ്പോൾ, അവർക്കു നൽകാൻ കഴിയാതെ ഞാൻ വിഷമിക്കുകയായിരുന്നു. നാനൂറിൽപരം കവിതകളുള്ള പുതിയ സമാഹാരം ഇറങ്ങിയപ്പോൾ ഈ വിഷമത്തിന് അറുതിയായി. പല ഘട്ടങ്ങളിലായി എഴുതിയവ കാലാനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. ഇതിലൂടെ കണ്ണോടിക്കുമ്പോൾ ഞാൻ ഒരു എന്നെയല്ല, പല എന്നെയാണ് കാണുന്നത്. ആ എന്നിലൂടെയുള്ള സഞ്ചാരത്തിൻ്റെ ആകെത്തുകയാണ് ഇന്നത്തെ ഞാൻ എന്ന തോന്നലുമുണ്ട്. 'I contain multitudes' എന്ന ഒരു തോന്നൽ. പ്രമേയപരമായ പൊരുത്തങ്ങളോ പൊരുത്തക്കേടുകളോ എൻ്റെ ഉൽകണ്ഠയല്ല. മനസ്സു വിങ്ങിയാൽ  തേങ്ങിപ്പോവില്ലേ? അത്രമേൽ സ്വാഭാവികമായാണ് ഈ കവിതകൾ ഉണ്ടായിട്ടുള്ളത്. അതിലെ പ്രമേയം സഹജ പ്രകൃതത്തിൽ നിന്നുണ്ടായവയാണ്. ഞാൻ അതിനെ യുക്തിയുടെ ഉരകല്ലിൽ ഉരച്ചുനോക്കാറില്ല. കവിതയെ അങ്ങനെ പരിശോധിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നുമില്ല. 'അറിവിൻ വെളിച്ചമേ ദൂരെപ്പോ, ദൂരെപ്പോ, നീ വെറുതേ സൗന്ദര്യത്തെ കാണുന്ന കൺ പൊട്ടിച്ചു' എന്നല്ലേ മഹാകവി ജി. ശങ്കരക്കുറുപ്പിൻ്റെ വരികൾ? സൗന്ദര്യത്തെ കാണുന്ന കണ്ണ്, അറിവിൻ വെളിച്ചം വന്നു കുത്തിപ്പൊട്ടിച്ചാലോ? അതുകൊണ്ടാണു കവിതയിൽ യുക്തിയെ മാറ്റിനിർത്തുന്നത്. 'പ്രഭാവർമ്മയുടെ കവിതകളി'ൽ എൻ്റെ കാവ്യാഖ്യായികകൾ ഉൾപ്പെട്ടിട്ടില്ല എന്നുകൂടി പറയട്ടെ. എൻ്റെ കവിത ആർക്കൊക്കെയോ വേണ്ടതുണ്ടെന്ന് ഞാനറിയുന്നു. അതുകൊണ്ടാണല്ലൊ, അതിനു പ്രസാധകർ ഉണ്ടാവുന്നത്! 


🟥 1990-ൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരം, 'സൗപർണിക'യിൽ നിന്ന്, ഈ വർഷം 'പ്രഭാവർമ്മയുടെ കവിതക'ളിലെത്തിയ സാഹിത്യകാരൻ്റെ പരിണാമരൂപമായ വളർച്ച വിവരിക്കാമോ? 
ആദ്യമൊക്കെ രചനാപരമായ ഊന്നൽ രൂപപരതയിലായിരുന്നു എന്നു തോന്നുന്നു. പിന്നെ, അനുക്രമമായി ഭാവപരതയിലേക്കു മാറി; അതാവട്ടെ, രൂപപരതയിൽ അബോധപൂർവമായാണെങ്കിലും സഹജാവബോധത്താലെന്നോണം ശ്രദ്ധിച്ചുകൊണ്ടു തന്നെയായിരുന്നുതാനും. മനസ്സിൻ്റെ പരിപാകത്തിൻ്റെ ഗ്രാഫ് കാലാനുസൃതമായി ഉയർന്നതായി ഞാൻ കാണുന്നുണ്ട്. ബൃഹദാഖ്യാനങ്ങളിലേക്കു കടക്കാനുള്ള ആത്മവിശ്വാസം ആർജിച്ചതായും അതു സഫലമായതായും കാണുന്നുണ്ട്. കവിത ബഹുസ്വരമായതായും അടക്കിപ്പിടിക്കലിൻ്റെ മാജിക് കൂടുതൽ വശമാക്കിയതായും തോന്നുന്നുണ്ട്. സാർവജനീനമായ ഒരു സംവേദനക്ഷമത ആർജിച്ചതായും പ്രമേയ സ്വീകരണത്തിലെ പരിമിതികളെ മറികടന്നതായും തോന്നുന്നുണ്ട്. അധികം എഴുതരുതെന്ന് ആരോ ഉള്ളിൽ ഇരുന്നു വിലക്കുന്നുണ്ട്. കവിതയെ ഒന്നുകൊണ്ടും ഞാൻ ഒരു കാലത്തും പരിമിതപ്പെടുത്തിയിട്ടില്ല. പ്രത്യയശാസ്ത്രപരമായ പ്രത്യാഘാതങ്ങളെന്താവും എന്ന് ആലോചിച്ചു കവിതയെ ഒരിക്കലും സെൻസർ ചെയ്യുകയുമില്ല. 

🟥 പ്രഭാവർമ്മ ജന്മനാ കവിയാണെന്ന് ജ്ഞാനപീഠജേതാവ് ഒ.എൻ.വി കുറുപ്പ് ഒരിക്കൽ വിശേഷിപ്പിച്ചിരുന്നു. ഈ നിർവചനം താങ്കളുടെ കാഴ്ചപ്പാടിൽ ഒന്നു മാറ്റുരച്ചു നോക്കാമോ? 
എണ്ണിയാലൊടുങ്ങാത്തത്ര ജീവി വംശങ്ങൾ ഉണ്ടെങ്കിലും ലോകഗതിയെ മാറ്റിമറിക്കാനുള്ള ശേഷിയോടു കൂടി പിറക്കുന്ന ജീവി ഒന്നേയുള്ളു; അതു മനുഷ്യ ജീവിയാണ്. ഇതിൽ പെടുന്ന ഓരോ വ്യക്തിയിലും ജന്മനാൽ തന്നെ കവിതയുടെ കനൽക്കണം പ്രകൃതി ചേർത്തുവെച്ചിട്ടുണ്ടെന്നാണ് എൻ്റെ പക്ഷം. ചിലർ ഇതിനെ അതേപടി നിലനിർത്തുന്നു; അവർ സഹൃദയരാവുന്നു. ചിലർ ഈ കനൽക്കണങ്ങളെ ഊതിത്തെളിച്ചു ജ്വാലയാക്കുന്നു; അവർ  കവികളാവുന്നു. ഇനിയും ചിലർ കനൽക്കണത്തെത്തന്നെ അണച്ചു കളയുന്നു; അവർ അരസികരാവുന്നു. ഒ.എൻ.വി സാർ പറഞ്ഞത്, കവിത അത്രമേൽ സ്വാഭാവികമായിരിക്കുന്നു എനിക്ക് എന്ന അർത്ഥത്തിലാവണം; കവിയല്ലാതാവാൻ  കഴിയാത്തയാളാണ് എന്ന അർത്ഥത്തിലാവണം. അത് എൻ്റെ മനസ്സ് കവിതയിലൂടെ അറിഞ്ഞതുകൊണ്ടാകണം. 

🟥 താങ്കൾ കവിയും, മാധ്യമ പ്രവർത്തകനും, ടെലിവിഷൻ അവതാരകനും, ചലച്ചിത്ര-നാടക ഗാനരചയിതാവും, സർക്കാർ ഉപദേഷ്‌ടാവുമാണ്‌. എല്ലാം ഒരുമിച്ചു കൊണ്ടുപോകുന്ന പ്രത്യേക നൈപുണ്യം ഒന്ന് വിശദീകരിക്കൂ. മേഖലകളിലെല്ലാം തുല്യമായി മേന്മ പുലർത്താൻ കഴിഞ്ഞിട്ടുണ്ടോ? 
ഇതിൽ അസ്വാഭാവികമായൊന്നുമില്ല. ഒന്ന് ജീവിക്കാനുള്ള വഴി; മറ്റൊന്ന് അതിജീവിക്കാനുള്ള വഴി. ലോകത്ത് ഒരു കവിയും കവിത എഴുതുക എന്നതിൽ മാത്രമായി ഒതുങ്ങുന്നില്ലല്ലൊ. ഒരു സമാന്തര ജീവിതം നിലനിർത്താൻ ഞാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതം കവി എന്ന നിലയ്ക്കുള്ളത്. സമാന്തര ജീവിതം ആ കവിയെ ഈ ശരീരത്തു നിലനിർത്താനുള്ളത്. 'കെട്ട ജീവിതം ഉണ്ടെനിക്കെന്നാൽ മറ്റൊരു കാവ്യജീവിതം മണ്ണിൽ' എന്നു വൈലോപ്പിള്ളി പാടിയില്ലേ; അതുപോലെ! കവിതയുടെ ജീവിതം സമാന്തരമായി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാൻ ഈ ജീവിതത്തിൽ നിന്ന് എന്നേ പോവുമായിരുന്നു! ഭൗതിക ജീവിത സാഹചര്യങ്ങൾ പരുഷമോ കഠോരമോ ആവുന്നത് ഒരർത്ഥത്തിൽ കവിതയ്ക്കു ഗുണകരമാണ്; മറ്റൊരു അർത്ഥത്തിൽ ദോഷകരവുമാണ്. മിക്കവാറും എല്ലാ കാലവും മാധ്യമപ്രവർത്തകനായിരുന്നു ഞാൻ. ഒരു സന്ധ്യയുടെ ഭംഗി ഒന്ന് ആസ്വദിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള തിരക്കിലായിരുന്നു. അതു കവിതയെ പരിപോഷിപ്പിക്കുന്നതല്ല. കവിതയ്ക്ക് ഒരു ധ്യാനം വേണം. ആ ധ്യാനം ഔദ്യോഗിക ജീവിതം എനിക്ക് അനുവദിച്ചു തന്നിട്ടുണ്ട് എന്നു പറയാനാവില്ല. ഇടശ്ശേരിയുടെ ഒരു കവിതയുണ്ട്, 'വഴിക്കുളം'. കുളത്തിലെ വെള്ളത്തിൻ്റെ ഏറ്റവും വലിയ സ്വപ്നം ധ്യാനാത്മകമായി നിന്നു സൂര്യബിംബത്തെ പ്രതിഫലിപ്പിക്കുക എന്നതാണ്. അതിന് ആദ്യം വേണ്ടതു നിശ്ചലാവസ്ഥയാണ്. ആ അവസ്ഥയുടെ അടുത്തെത്തുമ്പോൾ ഒരാൾ വന്നു കുറേ വിഴുപ്പുകൾ ജലാശയത്തിലിട്ടുലയ്ക്കും. ധ്യാനമൂകാവസ്ഥയും സൂര്യസാക്ഷാൽക്കാരവും അതോടെ അസാധ്യമാവും. ഈ പ്രക്രിയ ആവർത്തിച്ചു കൊണ്ടേയിരിക്കും. ഒരിക്കലും സൂര്യനെ പ്രതിബിംബിപ്പിക്കാൻ കഴിയില്ല. ഈ വഴിക്കുളത്തിലെ ജലമാണ് മാധ്യമപ്രവർത്തകനായ കവിയുടെ മനസ്സ്. എഴുതപ്പെടാതെ പോവുന്ന കവിതകളാവും എഴുതിയതിലുമേറെ. എൻ്റെ ഔദ്യോഗിക ജീവിതം ഒരിക്കലും സർഗ്ഗാത്മകതയ്ക്ക് അനുകൂലമായിരുന്നില്ല. ഒരു പതിറ്റാണ്ടിലേറെ ഇലക്‌ട്രോണിക് മീഡിയത്തിലായിരുന്നു. അതാകട്ടെ, സർഗ്ഗാത്മകതയുടെ ഇലക്ട്രിക് ക്രിമറ്റോറിയമാണെന്നു പറയാം. എന്നിട്ടും ഞാൻ ഇത്രയൊക്കെ ചെയ്തു. ഇലക്‌ട്രോണിക് മീഡിയയിലായിരിക്കെയാണ് 'ശ്യാമമാധവം' എഴുതിയത്. സാഹിത്യ ജീവിതത്തിലെ നേട്ടം ഔദ്യോഗിക ജീവിതത്തിൽ കോട്ടമായിട്ടുണ്ടാവും. 

🟥 രണ്ടു വർഷമായി എഴുത്തുകാരും വായനക്കാരും കോവിഡിൻ്റെ പിടിയിലാണ്. പ്രതിസന്ധികൾ സാഹിത്യസൃഷ്ടികളെ പരിപോഷിപ്പിച്ചുവെന്നാണ് ലോകചരിത്രം. മഹാമാരിക്കാലത്തെ ലോക സാഹിത്യവും, മലയാള സാഹിത്യവും എങ്ങനെയായിരുന്നു? 
എയ്ഡ്‌സിൻ്റെ പശ്ചാത്തലത്തിൽ റബേക്കാ മെക്കായിയുടെ 'The great believers' ഉണ്ടായി. കോളറയുടെ പശ്ചാത്തലത്തിലുണ്ടായ ഗേബ്രിയേൽ ഗാർഷ്യാ മാർക്വേസിൻ്റെ 'Love in the time of cholera' യുടെ കാര്യം ഞാൻ പറയേണ്ടതില്ലല്ലൊ. മോളി കാൾസ്‌വെല്ലിൻ്റെ 'The American Plague', ജോൺ കെല്ലിയുടെ 'The great mortality' എന്നിവയുമൊക്കെ സമാന സാഹചര്യങ്ങളുടെ ഉല്പന്നങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെ ഫ്‌ളൂ, സാഹിത്യത്തിൻ്റെ സമീപനത്തെത്തന്നെ മാറ്റിമറിച്ചു. മലയാളത്തിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ കൃതികളേതെങ്കിലും അതേ ഇതിവൃത്തത്തോടെ ഉണ്ടായതായി അറിയില്ല. എന്നാൽ, പാട്ടുകൾ ഉണ്ടായി. കോവിഡ് തന്നെ വിഷയമാക്കി ഞാൻ എഴുതിയ ഗാനം യേശുദാസ് ആലപിച്ചു. റഫീഖ് അഹമ്മദ് എഴുതിയത് എസ്.പി.ബാലസുബ്രഹ്‌മണ്യം പാടി. മനുഷ്യരാശിയുടെ അതിജീവനത്തെക്കുറിച്ചുള്ളതായിരുന്നു രണ്ടും. കവിതയുടെ ധർമ്മമായി മഹാകവി കുമാരനാശാൻ ഉയർത്തിക്കാട്ടിയത് ഏകാന്തമാവുന്ന വിഷത്തെ അമൃതാക്കുക എന്നതാണല്ലൊ. കോവിഡ് കാലം തീർച്ചയായും ആശാൻ പറഞ്ഞതു പ്രാവർത്തികമാക്കാനുള്ള സന്ദർഭം തന്നെ. എന്നാൽ, അതു ചെയ്യേണ്ട എത്രയോ പേർ വീണു പോയി. എസ്. രമേശൻ നായർ, പൂവച്ചൽ ഖാദർ... എസ്. പി. ബാലസുബ്രഹ്‌മണ്യത്തെ പോലുള്ള ഗായകർ... മഹാമാരിക്കാലത്തെയെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ സർഗ്ഗാത്മക രചനകൾ കാര്യമായി മലയാളത്തിൽ ഉണ്ടായി എന്നു പറഞ്ഞുകൂട. 

🟥 'സ്ഥിതി' എന്ന ചലച്ചിത്രത്തിനു വേണ്ടി താങ്കൾ രചിച്ച 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ...' എന്ന ഗാനം അത് കേട്ടവരെല്ലാം ഏറ്റുപാടി. എന്നാൽ, കവിതകൾ ഇക്കാലങ്ങളിൽ ജനപ്രിയമാവാത്തതെന്തേ? കടമ്മനിട്ടയുടെ 'കുറത്തി' നെഞ്ചിലേറ്റിയവരല്ലേ സംസ്ഥാനത്തെ അനുവാചകർ? 
ജനപ്രിയമാധ്യമം സിനിമയാണെന്നതുകൊണ്ട് അതിലെ പാട്ടുകൾ ജനപ്രിയമാവുന്നു. കവിത ഒരു കാലത്തും അങ്ങനെയായിരുന്നില്ല. ഒരു ചങ്ങമ്പുഴയോ മറ്റോ ഉണ്ടാവുമായിരിക്കും ഈ പൊതുസ്ഥിതിക്ക് അപവാദമായി. 'കുറത്തി' ജനപ്രിയമായതിനു പിന്നിൽ  അതിലെ കവിതയുടെ കരുത്തിനേക്കാൾ മേലെ നിന്ന ആലാപനത്തിൻ്റെ കരുത്തും, അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പശ്ചാത്തലവുമുണ്ടായിരുന്നു. ജനങ്ങളിലേക്കു വേണ്ട പോലെ എത്തുന്നതിൽ പരാജയപ്പെടുന്നുവെങ്കിലതു കവിതയുടെ പരാജയം തന്നെയാണ്. സംസ്‌കൃതവൃത്തനിബദ്ധമായ 'ശ്യാമമാധവം' പോലൊരു കൃതി ഇക്കാലത്ത് നിരവധി എഡിഷൻ ഇറങ്ങുന്നു എന്നതു കവിതയുടെ സ്വീകാര്യതയെയാണു കുറിക്കുന്നത്. അത്യാധുനിക സാഹിത്യം രണ്ടാമതൊരു എഡിഷൻ അച്ചടിക്കേണ്ടിവരുന്നില്ലെന്ന് ഓർക്കുക. ഗ്രൂപ്പുകളും ക്ലിക്കുകളും ഉപജാപക സംഘങ്ങളുമൊന്നും കവിതയെ രക്ഷപ്പെടുത്തുകില്ല. പരസ്പര സഹായങ്ങളും സ്വയം വാഴ്ത്തലുകളും അപകീർത്തിപ്പെടുത്തലുകളും തമസ്‌ക്കരണങ്ങളുമൊന്നും രക്ഷിക്കില്ല. ജീവിത കാലത്തു കവിക്കു സ്വയം പെരുമ്പറയടിച്ചു നടക്കാം. മരിച്ചു കഴിഞ്ഞാലോ? ആരു പെരുമ്പറ മുഴക്കും? ജീവിച്ചിരിക്കുന്ന കവികൾ വായനക്കാരുടെ മനസ്സിൽ മരിക്കുമ്പോഴും, മരിച്ചു പതിറ്റാണ്ടുകൾ കഴിഞ്ഞ കവികൾ വായനക്കാരുടെ മനസ്സുകളിൽ ഉയർത്തെഴുന്നേൽക്കുന്നു. ആരുടെയും ഒരു സഹായവുമില്ലാതെ. ജീവിതകാലത്തു 'സെലിബ്രേറ്റഡ് പോയറ്റ്‌സ്' ആയിരുന്ന പ്രസ്ഥാന നായകർ മരിച്ച് ഒരു വർഷം ആവുമ്പോൾ അനുസ്മരിക്കാൻ ഒരു ചെറു ചടങ്ങുപോലും അവശേഷിപ്പിക്കാതെ മാഞ്ഞുപോവുന്നതും നമ്മൾ കാണുന്നു. കവിതയ്ക്ക് ഒരു അളവുകോലേയുള്ളു. അതു കാലത്തിൻ്റെതാണ്. 

🟥 ഒരു കവിയുടെ വീക്ഷണത്തിൽ, ചലച്ചിത്രഗാന രചനയും, കവിതയെഴുത്തും തമ്മിലുള്ള സർഗാത്മകമായ വൈജാത്യമെന്താണ്? 
കവിത ഒരു മഹാസാഗരമാണെങ്കിൽ അതിൽ ചെന്നു ചേരാൻ ഉഴറുന്ന ഒരു പുഴയാണു ഗാനം. പലപ്പോഴും ഗാനത്തിന് ഉദ്ദേശിച്ചിടത്തു ചെന്നു ചേരാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. പല അണക്കെട്ടുകൾ, പല വഴിതിരിച്ചുവിടലുകൾ ഒക്കെയുണ്ടാവും; പ്രത്യേകിച്ചും ചലച്ചിത്ര ഗാനമാണെങ്കിൽ. കവിത എഴുതുമ്പോൾ കവി സ്വതന്ത്രനാണ്. പാട്ടെഴുതുമ്പോൾ കഥാസന്ദർഭവും സംവിധായകൻ്റെ കാഴ്ചപ്പാടും, മുമ്പേ തന്നെ നിശ്ചയിച്ച ഈണത്തിൻ്റെ ചട്ടക്കൂടുമൊക്കെ വലിയ അസ്വാതന്ത്ര്യമുണ്ടാക്കും. എങ്കിലും ചില ഗാനങ്ങൾ പരിമിതികളെ കടന്ന്, കഥാസന്ദർഭങ്ങളെ കടന്ന്, സിനിമയെത്തന്നെ മറികടന്നു കാലത്തിനൊപ്പം ഒഴുകുന്നു. 

🟥 താങ്കളുടെ 'ശ്യാമമാധവം' മനോഹരമായൊരു കാവ്യാനുഭവമാണ്. എന്നാൽ, ജനസമൂഹം ഉപാസിക്കുന്നൊരു ഇതിഹാസ കഥാപാത്രത്തെ പാഴായിപ്പോയൊരു ജന്മമായി ചിത്രീകരിക്കുമ്പോൾ, നമ്മുടെ ലോകത്ത് വിവാദങ്ങൾ സ്വാഭാവികം. കവി എല്ലാം മുൻകൂട്ടി കണ്ടിരുന്നോ? 
'ശ്യാമമാധവ'ത്തെ രണ്ടുരീതിയിൽ ആളുകൾ തെറ്റിദ്ധരിച്ചു. ശ്രീകൃഷ്ണനെക്കുറിച്ചു  കവിതയെഴുതിയെന്ന നിലയിൽ പുരോഗമന ചിന്താഗതിക്കാരും, കൃഷ്ണനെ വളച്ചൊടിച്ചുവെന്ന രീതിയിൽ ഹിന്ദുത്വവാദികളും വിമർശിക്കുകയുണ്ടായി. എന്നാൽ, കൃഷ്ണനെ പ്രകീർത്തിക്കലോ, അപകീർത്തിപ്പെടുത്തലോ എൻ്റെ ഉദ്ദേശ്യമായിരുന്നില്ല. വിഗ്രഹഭഞ്ജനം ഉദ്ദേശിച്ചിട്ടേയില്ല. മഹാഭാരതത്തിൻ്റെ ആവർത്തിച്ചുള്ള വായനയിൽ ഒരു ഭാഗം മുള്ളുപോലെ മനസ്സിൽ വന്നു തറച്ചു. വായന ഞാൻ അവിടെ നിർത്തി; മനസ്സുകൊണ്ട് കൃഷ്ണൻ്റെ വഴിക്കു സഞ്ചരിച്ചു. ഞാൻ സ്തബ്ധനായിപ്പോയത് ഗാന്ധാരീശാപത്തോടുള്ള കൃഷ്ണൻ്റെ പ്രതികരണത്തിലാണ്. 'കൊല്ലാതെ കൊള്ളാഞ്ഞതെന്തവൻ തന്നെ നീ കൊല്ലിക്കയത്രേ നിനക്കു രസമെടോ' എന്നൊക്കെ പറഞ്ഞു, ഇന്നേക്ക് മുപ്പത്തിയാറാം വർഷം നീയും നിൻ്റെ കുടുംബവും ഒടുങ്ങിപ്പോവുമെന്ന് ഗാന്ധാരി ശപിക്കുന്നുണ്ട്. അതു സ്വാഭാവികം. എന്നാൽ, ഈ ശാപത്തോടുള്ള കൃഷ്ണൻ്റെ പ്രതികരണം എനിയ്ക്ക് സ്വാഭാവികമായി തോന്നിയില്ല. 'അങ്ങനെ തന്നെ വരേണമെന്നുള്ളതുണ്ടിങ്ങെനിക്കും മനക്കാമ്പിൽ, സുബലജേ...' എന്നതായിരുന്നു കൃഷ്ണൻ്റെ പ്രത്യുത്തരം. തനിയ്ക്ക് ഇതുതന്നെയാണ് വരേണ്ടതെന്ന് കൃഷ്ണൻ പറയുന്നു.

ലോകസാഹിത്യത്തിൽ തന്നെ ശാപത്തിൻ്റെ മുഹൂർത്തങ്ങളുണ്ട്; ഇന്ത്യൻ സാഹിത്യത്തിൽ ധാരാളമായും. പക്ഷെ, ശാപാഗ്‌നി നെറുകയിലുതിരുന്ന നിമിഷം തനിക്കിതുതന്നെ വരണമെന്ന് ഇരയാകുന്നയാൾ പറയുന്ന ഒരു മുഹൂർത്തവും എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അത് മനസ്സിൽ ഒരു ചിന്തയുടെ തിരി കൊളുത്തി. എന്തുകൊണ്ടാവും കൃഷ്ണൻ ഇങ്ങനെ പ്രതികരിച്ചത്? ആ വഴിക്കു പോയപ്പോൾ എനിക്കു കാണാനായത് വിഷാദചിന്മയനായ കൃഷ്ണനെയാണ്. നമ്മുടെ സാഹിത്യത്തിലാകട്ടെ, കൃഷ്ണൻ സദാ ആനന്ദനാണ്. 'ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു' എന്നല്ലേ നാം കേട്ടിട്ടുള്ളത് (രാമപുരത്തു വാരിയരുടെ 'കുചേലവൃത്തം വഞ്ചിപ്പാട്ട്'). പക്ഷെ, എനിയ്ക്ക് കണ്ണീരണിഞ്ഞു നിൽക്കുന്നൊരു കൃഷ്ണനെയാണു കണ്ടെത്താനായത്. ചിരകാലമായി പല തലമുറകളുടെ മനസ്സിൽ പതിഞ്ഞുനിൽക്കുന്ന ആനന്ദമൂർത്തിയായ കൃഷ്ണനെയല്ലാതെ; ദുഃഖമൂർത്തിയായ ഒരു കൃഷ്ണനെ  വായനക്കാർ എങ്ങനെ സ്വീകരിക്കുമെന്നത് 'ശ്യാമമാധവം' രചിക്കുമ്പോൾ എൻ്റെ ചിന്തയേ ആയിരുന്നിട്ടില്ല. സത്യത്തിൽ, ആനന്ദമൂർത്തിയാണോ കൃഷ്ണൻ? കാരാഗൃഹത്തിലെ ജനനം മുതൽ വേടൻ്റെ 
അമ്പേറ്റ് ജീവൻ വെടിയേണ്ടിവരുന്നതു വരെ കൃഷ്ണൻ്റെ ജീവിതത്തിൽ എവിടെയാണ് ആനന്ദചിന്മയത്വം? ഞാൻ  എടുത്ത ആവിഷ്കാര സ്വാതന്ത്ര്യത്തെ ന്യായീകരിക്കുന്ന ഏറ്റവും വലിയ കാര്യം, തനിയ്ക്കിതു തന്നെയാണു വരേണ്ടതെന്ന് കൃഷ്ണൻ പറയുന്നുവെന്നതാണ്. അങ്ങനെ ഒരാൾ പറയണമെങ്കിൽ കുറ്റബോധത്തിൻ്റെ, ഏറ്റുപറച്ചിലിൻ്റെ, പ്രായശ്ചിത്ത ചിന്തയുടെ ഏതെങ്കിലും തലങ്ങൾ ആ മനസ്സിലുണ്ടാവണം. കൃഷ്ണൻ്റെ ജീവിതത്തിൽ അതുണ്ടോയെന്നു ഞാൻ പരിശോധിച്ചു. കണ്ടെത്തിയത് അങ്ങനെയുള്ളവയുടെ ഒരു പരമ്പര തന്നെയാണ്. കർണൻ്റെ കാര്യത്തിൽ, രാധയുടെ കാര്യത്തിൽ, ജയദ്രഥൻ്റെ കാര്യത്തിൽ, കൗരവരുടെ കാര്യത്തിൽ, ഭാര്യമാരുടെ കാര്യത്തിൽ, ഒന്നും നീതിയല്ല ചെയ്തതെന്ന കുറ്റബോധം കൃഷ്ണനെ വേട്ടയാടിയിട്ടുണ്ടാവണം. ചെയ്തത് പലതും അധർമമായി എന്ന പാപബോധം വിഷമിപ്പിച്ചിട്ടുണ്ടാവണം. ചോരയൊഴുക്കി പാണ്ഡവർക്കു രാജ്യം വീണ്ടെടുത്തു കൊടുത്തതുപോലും, അവർക്കത് ആവശ്യമില്ലായെന്ന നില വന്നപ്പോൾ പാഴായി എന്ന വ്യർത്ഥതാബോധം അലട്ടിയിട്ടുണ്ടാവണം. അങ്ങനെയുള്ള നിഴലുകൾ കൃഷ്ണജീവിതത്തിൽ ധാരാളമായി കാണാൻ കഴിഞ്ഞു. ആ നിഴലുകളിലൂടെ സഞ്ചരിക്കാമെന്നു തോന്നി. ആ സഞ്ചാരമാണ് 'ശ്യാമമാധവ' രചനയിലേക്ക് എന്നെ എത്തിച്ചത്. ഏതായാലും കൃതി വായനക്കാർ സ്വീകരിച്ചു. പല പതിപ്പുകളായി അതു മുന്നോട്ടുപോകുന്നത് ഇക്കാര്യം തെളിയിക്കുന്നുണ്ടല്ലൊ! 

🟥 ഉറച്ച രാഷ്ട്രീയ നിലപാടുകളുള്ളൊരു സാഹിത്യകാരൻ്റെ സർഗചിന്തകൾ അനന്തമായൊരു മാനത്തല്ലയെന്ന നിരീക്ഷണത്തോട് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു? 
വയലാറും, ഒ.എ൯.വി.യും ഭാസ്‌കര൯ മാഷും, സി.വി.ശ്രീരാമനും ഇന്നും എഴുതുന്ന അശോക൯ ചരുവിലും മറ്റും ഇടതുപക്ഷത്തല്ലേ? വല്ല കുറവും അവരുടെ സർഗാത്മകതയ്ക്കുണ്ടായോ? ലോകപ്രശസ്ത കലാകാരനായിരുന്ന പാബ്ലോ പിക്കാസോയ്ക്ക് രാഷ്ട്രീയം കലാപ്രവർത്തനത്തിനു തടസ്സമായില്ല എന്നു മാത്രമല്ല, 'ഗ്വേർണിക്ക' വരച്ചു തുടങ്ങാൻ അദ്ദേഹം കണ്ടെത്തിയതു മെയ് ദിനമാണ്. പാബ്ലോ നെരൂദ, ക്രിസ്റ്റഫർ കോഡ്‌വെൽ, യുജിൻ ഒനീൽ, ഭീഷ്മ് സാഹ്നി, ബൽരാജ് സാഹ്നി, നോബേൽ സമ്മാന ജേതാവ് ഹൊസേ സരമാഗോ, ലൂയി ആരഗൺ, ജോൺ സ്റ്റെയിൻബെക്, ഫെയ്‌സ് അഹമദ് ഫെയ്‌സ്, ആൻ്റണിയോ ഗ്രാംഷി തുടങ്ങിയവരൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായിരുന്നു. പുരോഗമന കലാ സാഹിത്യ (പു.ക.സ) പ്രസ്ഥാനങ്ങൾക്കും സമീപനങ്ങളിൽ തെറ്റു പറ്റിയിട്ടുണ്ട്; തിരുത്തിയിട്ടുമുണ്ട്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തെയും, ജീവൽസാഹിത്യ പ്രസ്ഥാനത്തെയും എതിർത്ത യാഥാസ്ഥിതിക നിരൂപകർക്കു തെറ്റുപറ്റിയിട്ടില്ലേ? എന്നാൽ, അവരതു തിരുത്തിയോ? ലിയോ ടോൾസ്റ്റോയി ശുദ്ധകലാവാദിയായിരുന്നു; കല കലയ്ക്കുവേണ്ടി എന്ന നിലപാടുകാരനായിരുന്നു. എന്നാൽ, ആ ശുദ്ധകലാവാദിയുടെ കൃതിയെപ്പറ്റി പറയാൻ ലെനിൻ ഉപയോഗിച്ചത് 'വിപ്ലവത്തിൻ്റെ കണ്ണാടി' എന്ന വിശേഷണമാണ്. മാക്സിം ഗോർക്കിയാകട്ടെ, വിപ്ലവ പ്രസ്ഥാനത്തെ കരുത്തുറ്റതാക്കുക എന്ന പ്രഥമ ലക്ഷ്യത്തോടെ, പ്രതിജ്ഞാബദ്ധതയോടെ രചന നടത്തി. ജീവൽസാഹിത്യ കാലത്തു പുരോഗമന സാഹിത്യപക്ഷത്തു നിന്നവർ കൈക്കൊണ്ട നിലപാടിനെ മാനദണ്ഡമാക്കിയാൽ, ടോൾസ്റ്റോയിയെയും ഗോർക്കിയെയും തള്ളിപ്പറയേണ്ടിവരും. പക്ഷെ, ഇരുവരും ആസ്വദിക്കപ്പെടേണ്ടവരാണ് എന്ന നിലപാടാണ്, തെറ്റുതിരുത്തി, പുരോഗമന സാഹിത്യ പ്രസ്ഥാനം കൈക്കൊണ്ടത്. 
                             

കവിതയെ സെൻസർ ചെയ്യില്ല (വിജയ് സി. എച്ച് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക