Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ് Published on 24 January, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം നിരസിച്ച് സുപ്രീംകോടതി. വിചാരണ നീട്ടാന്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയം നീട്ടി നല്‍കരുതെന്ന ആവശ്യമുന്നയിച്ച് ദിലീപ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിയെ മാറ്റുന്നതിനാണ് കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
***************************
ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകന്‍ അരുണ്‍ ഗോപിയെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്. ശബ്ദരേഖ തിരിച്ചറിയുന്നതിനാണ് സംവിധായകനെ വിളിച്ചുവരുത്തിയത്. സംവിധായകന്‍ റാഫിയെയും മുമ്പ് വിളിപ്പിച്ചിരുന്നു.
അതേസമയം, നടന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പണമിടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സുരാജ് സാക്ഷികള്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നുണ്ട്.
***************************
എസ് എന്‍ഡിപി തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി. ഇതോടെ മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും. മുമ്പ് 200 പേര്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലായിരുന്നു തെരഞ്ഞെടുപ്പ്.
ആ രീതിയാണ് ഇപ്പോള്‍ ഹൈക്കോടതി ഇടപെടലിലൂടെ റദ്ദായത്.
************************
സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. 2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം.
********************************
സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഒരുവിധ ആശങ്കയോ ഭയമോ വേണ്ടെന്നും സംസ്ഥാനത്തെ ആശുപത്രികള്‍ സുസജ്ജമാണെന്നും സര്‍ക്കാര്‍ വളരെ കൃത്യമായി മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
*****************************
കെ റെയിലുമായി ബന്ധപ്പെട്ട ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി. സാമൂഹിക ആഘാത പഠനം നടക്കുന്ന പയ്യന്നൂരിലും കല്ലിടല്‍ നടക്കുന്ന ഞീഴൂരിലും വീട് നഷ്ടപ്പെടുന്നനര്‍ പ്രതിഷേധ സമരം നടത്തി. അതിനിടെ കെ റെയില്‍ വിമര്‍ശ കവിത എഴുതിയതിന് നേരിടേണ്ടിവരുന്ന സൈബര്‍ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്ന് കവി റഫീഖ് അഹമ്മദ് വ്യക്തമാക്കി.അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി കേരള കോളിങ്ങ് എന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണത്തിലാണ് വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കുമെന്ന് വ്യക്തമാക്കി ലേഖനം എഴുതിയത്.
****************************
കേരളത്തില്‍ കുതിച്ചുയര്‍ന്ന് ടിപിആര്‍. 26,514 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 55,557 സാംപിളുകളാണ് പരിശോധിച്ചത്. 47.7 ശതമാനമാണ് ടിപിആര്‍. കോവിഡ് ആരംഭിച്ചത് മുതല്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തിരുവന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 
**********************************
ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മറയൂര്‍ പള്ളനാട് മംഗളംപാറ സ്വദേശി ദുരൈരാജ് (56) ആണ് മരിച്ചത്. മറയൂരില്‍ നിന്ന് തിരിച്ചു വീട്ടിലേക്ക് പോകുംവഴിയാണ് വന്യമൃഗത്തിന്റെ ആക്രമണത്തിന് ഇരയായത്. സ്വന്തം കൃഷിത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്താണ് ദുരൈരാജിനെ കുത്തിയത്. സംഭവ സ്ഥലത്ത് തന്നെ ദുരൈരാജ് മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക